മലാപ്പറമ്പ് സ്‌കൂള്‍ 27നകം പൂട്ടണമെന്ന് ഹൈക്കോടതി

Tuesday 24 May 2016 11:00 pm IST

കൊച്ചി: കോഴിക്കോട് മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് മേയ് 27 നകം നടപ്പാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് സ്‌കൂള്‍ മാനേജര്‍ പി.കെ. പത്മരാജന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരുടേതാണ് ഉത്തരവ്. 145 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ പൊളിച്ചു നീക്കാന്‍ 2014 ഏപ്രില്‍ പത്തിന് സ്‌കൂള്‍ മാനേജര്‍ പദ്മരാജനും സഹോദരന്‍ അജിത്തും ചേര്‍ന്ന് പൊളിച്ചു നീക്കാന്‍ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് സ്‌കൂളിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞു. തുടര്‍ന്നാണ് പദ്മരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയില്‍ സ്‌കൂള്‍ മാര്‍ച്ച് 31 നകം അടച്ചു പൂട്ടാന്‍ ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എ.ഇ.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. എയ്ഡഡ് സ്‌കൂള്‍ അടച്ചു പൂട്ടാനുള്ള മാനേജരുടെ തീരുമാനം വിദ്യാഭ്യാസ അവകാശ നിയമത്തെ ബാധിക്കില്ലെന്നും സ്‌കൂള്‍ അടച്ചു പൂട്ടാന്‍ മാനേജര്‍ക്ക് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ബെഞ്ച് ഉത്തരവു നല്‍കിയത്. ഈ ഉത്തരവ് നടപ്പാക്കാനെത്തിയ എ.ഇ.ഒയെയും കൂട്ടരെയും സ്‌കൂള്‍ സംരക്ഷണ സമിതിയും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞതോടെ ഇവര്‍ പിന്‍വാങ്ങി. ഈ ഘട്ടത്തിലാണ് ഹൈക്കോടതി ഉത്തരവു നടപ്പാക്കാത്ത എ.ഇ.ഒയ്ക്കും മറ്റുമെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് പത്മരാജന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയില്‍ മേയ് 20 ന് പോലീസ് സഹായത്തോടെ ഉത്തരവു നടപ്പാക്കാന്‍ സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം പോലീസ് അകമ്പടിയോടെ സ്‌കൂള്‍ പൂട്ടാനെത്തിയ എ.ഇ.ഒയെയും സംഘത്തെയും സ്‌കൂള്‍ സംരക്ഷണ സമിതി തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മേയ് 27 നകം ഉത്തരവു നടപ്പാക്കാന്‍ വീണ്ടും നിര്‍ദ്ദേശം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.