കോപ്പ അമേരിക്ക ജൂണ്‍ മൂന്നിന് തുടങ്ങും; യൂറോ കപ്പ് ജൂണ്‍ പത്തിനും

Tuesday 24 May 2016 11:05 pm IST

പ്രമുഖ യൂറോപ്യന്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ സമാപിച്ചതിനുപിന്നാലെ ലോകം വീണ്ടും കാല്‍പ്പന്തുകളിയുടെ മാസ്മരികതയിലേക്ക്. രണ്ട് ലോകോത്തര ചാമ്പ്യന്‍ഷിപ്പുകള്‍ക്കാണ് അടുത്തമാസം വേദിയൊരുങ്ങുന്നത്. യൂറോ 2016നും കോപ്പ അമേരിക്ക സെന്റിനറി ചാമ്പ്യന്‍ഷിപ്പിനും. ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളെല്ലാം തന്നെ ഈ രണ്ട് ചാമ്പ്യന്‍ഷിപ്പുകളില്‍ കളിക്കാനിറങ്ങും. യൂറോ കപ്പിന് മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സാണ് ആതിഥേയരാകുന്നതെങ്കില്‍ കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന് അമേരിക്ക വേദിയാകുന്നു. ജൂണ്‍ 10ന് പാരീസില്‍ ഫ്രാന്‍സിന്റെ ദേശീയ സ്‌റ്റേഡിയമായ സ്‌റ്റേഡ് ഡി ഫ്രാന്‍സില്‍ യൂറോ 2016ന് കിക്കോഫ്. ഫൈനലും ഇവിടെ തന്നെ. ഉദ്ഘാടന മത്സരത്തില്‍ ഫ്രാന്‍സ് റുമാനിയയുമായി ഏറ്റുമുട്ടും. സ്‌പെയിന്‍ നിലവിലെ ചാമ്പ്യന്മാര്‍. ജൂണ്‍ 25 മുതല്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളും 30 മുതല്‍ ക്വാര്‍ട്ടര്‍ ഫൈനലുകളും നടക്കും. ജൂലൈ 6, 7 തീയതികളില്‍ സെമിയും ജൂലൈ 10ന് ഫൈനലും. ഫ്രാന്‍സിലെ പത്ത് നഗരങ്ങളിലെ പത്ത് സ്‌റ്റേഡിയങ്ങളിലായാണ് ഇത്തവണത്തെ യൂറോ പോരാട്ടം. 1996 മുതല്‍ 2012ലെ കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പുവരെ 16 ടീമുകളാണ് യൂറോ കപ്പില്‍ പങ്കെടുത്തിരുന്നതെങ്കില്‍ ഇത്തവണ ടീമുകളുടെ എണ്ണം 24 ആക്കി ഉയര്‍ത്തി. ഈ ടീമുകളെ ആറ് ഗ്രൂപ്പുകളായി തിരിച്ചാണ് ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാരും ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും. രണ്ടുവര്‍ഷമായി നടന്ന യോഗ്യതാ പോരാട്ടങ്ങളില്‍ 53 രാജ്യങ്ങളാണ് മത്സരിച്ചത്. ഇവരെ ഒമ്പത് ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു യോഗ്യതാ റൗണ്ട്. ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്തിയ 18 ടീമുകളും മൂന്നാം സ്ഥാനക്കാരില്‍ ഏറ്റവും മികച്ച ഒരു ടീമും നേരിട്ട് യോഗ്യത നേടി. ബാക്കി നാല് ടീമുകള്‍ പ്ലേ ഓഫ് കളിച്ചാണ് ഫ്രാന്‍സിലേക്ക് ടിക്കറ്റെടുത്തത്. ആതിഥേയരെന്ന നിലയില്‍ ഫ്രാന്‍സ് യോഗ്യതാ റൗണ്ട് കളിക്കാതെ നേരിട്ട് യോഗ്യത നേടി. ഗ്രൂപ്പ് എയില്‍ ആതിഥേയരായ ഫ്രാന്‍സ്, റുമാനിയ, അല്‍ബേനിയ, സ്വിറ്റ്‌സര്‍ലന്റ്, ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, റഷ്യ, വെയ്ല്‍സ്, സ്ലോവാക്യ, ഗ്രൂപ്പ് സിയില്‍ ജര്‍മ്മനി, ഉക്രെയിന്‍, പോളണ്ട്, വടക്കന്‍ അയര്‍ലന്‍ഡ്, ഗ്രൂപ്പ് ഡിയില്‍ സ്‌പെയിന്‍, ചെക്ക് റിപ്പബ്ലിക്ക്, തുര്‍ക്കി, ക്രൊയേഷ്യ, ഗ്രൂപ്പ് ഇയില്‍ ബെല്‍ജിയം, ഇറ്റലി, അയര്‍ലന്‍ഡ്, സ്വീഡന്‍, ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗല്‍, ഐസ്‌ലന്‍ഡ്, ആസ്ട്രിയ, ഹങ്കറി എന്നീ ടീമുകളും പോരാട്ടത്തിനിറങ്ങും. 1960-ല്‍ ആരംഭിച്ച യൂറോയുടെ 15-ാമത് പതിപ്പാണ് ഇത്തവണത്തേത്. ജര്‍മ്മനിയും സ്‌പെയിനുമാണ് ഏറ്റവും കൂടുതല്‍ കിരീടം നേടിയിട്ടുള്ളത്. മൂന്നുതവണ വീതം. ജര്‍മ്മനി 1972, 1980, 1996 വര്‍ഷങ്ങളിലും സ്‌പെയിന്‍ 1964, 2008, 2012 വര്‍ഷങ്ങളിലും. ജര്‍മ്മനി മൂന്ന് തവണയും സ്‌പെയിന്‍ ഒരിക്കലും റണ്ണേഴ്‌സപ്പായി. നിലവിലെ ആതിഥേയരായ ഫ്രാന്‍സ് 1984, 2000 വര്‍ഷങ്ങളിലും കിരീടം ചൂടി. 1960-ല്‍ നടന്ന ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ സോവിയറ്റ് യൂണിയനായിരുന്നു ജേതാക്കള്‍. ഇറ്റലി, ചെക്ക് റിപ്പബ്ലിക്ക്, നെതര്‍ലന്‍ഡ്‌സ്, ഡെന്മാര്‍ക്ക്, ഗ്രീസ് എന്നിവര്‍ ഓരോ തവണയും യൂറോപ്പിലെ ചക്രവര്‍ത്തിമാരായി. 1916-ല്‍ ആരംഭിച്ച ചാമ്പ്യന്‍ഷിപ്പിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇത്തവണ കോപ്പ അമേരിക്ക ടൂര്‍ണമെന്റ് നടക്കുന്നത്. ചരിത്രത്തിലെ 45-ാം ചാമ്പ്യന്‍ഷിപ്പ്. ഇതാദ്യമായാണ് തെക്കേ അമേരിക്കക്ക് പുറത്ത് കോപ്പ അമേരിക്ക അരങ്ങേറുന്നത്. യുഎസ്എയില്‍ പത്ത് നഗരങ്ങളിലെ പത്ത് സ്‌റ്റേഡിയങ്ങളിലായാണ് ചാമ്പ്യന്‍ഷിപ്പ്. ജൂണ്‍ മൂന്ന് മുതല്‍ 26 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. മൂന്നിന് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ അമേരിക്ക കൊളംബിയയെ നേരിടും. ഈസ്റ്റ് റുഥര്‍ ഫോര്‍ഡിലെ മെറ്റ് ലൈഫ് സ്‌റ്റേഡിയത്തില്‍ 26ന് ഫൈനല്‍. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ 16 ടീമുകളാണ് കൊമ്പുകോര്‍ക്കുന്നത്. ഈ ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് പോരാട്ടം. കഴിഞ്ഞതവണ ചിലി ചാമ്പ്യന്മാരായ ടൂര്‍ണമെന്റില്‍ 12 ടീമുകളായിരുന്നു പങ്കെടുത്തത്. ഗ്രൂപ്പ് എയില്‍ ആതിഥേയരായ യുഎസ്എ, കൊളംബിയ, കോസ്റ്ററിക്ക, പരാഗ്വെ, ഗ്രൂപ്പ് ബിയില്‍ ബ്രസീല്‍, ഇക്വഡോര്‍, ഹെയ്തി, പെറു, ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോ, ഉറുഗ്വെ, വെനസ്വേല, ജമൈക്ക, ഗ്രൂപ്പ് ഡിയില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലി, റണ്ണേഴ്‌സപ്പായ അര്‍ജന്റീന, പനാമ, ബൊളീവിയ എന്നീ ടീമുകളും മാറ്റുരയ്ക്കും. നാല് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും. ജൂണ്‍ 16, 17, 18 തീയതികളില്‍ ക്വാര്‍ട്ടര്‍ ഫൈനലും 21, 22 തീയതികളില്‍ സെമിയും 25ന് ലൂസേഴ്‌സ് ഫൈനലും 26ന് ഫൈനലും അരങ്ങേറും. കോപ്പ അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയത് ഉറുഗ്വെയാണ്. 21 തവണ ഫൈനലില്‍ കളിച്ച നിലവിലെ ചാമ്പ്യന്മാര്‍കൂടിയായ ഉറുഗ്വെ 15 തവണയാണ് കോപ്പയില്‍ മുത്തമിട്ടത്. 2011-ല്‍ പരാഗ്വെയെ 3-0ന് തോല്‍പ്പിച്ചായിരുന്നു ഉറുഗ്വെ കിരീടം നേടിയത്. കിരീടനേട്ടത്തില്‍ തൊട്ടുപിന്നില്‍ അര്‍ജന്റീന. 27 ഫൈനലുകളില്‍ 14 തവണ ജയിച്ചു. എന്നാല്‍ 1993നുശേഷം അവര്‍ക്ക് കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. 2004, 2007 ഫൈനലുകളില്‍ ബ്രസീലിനോട് പരാജയപ്പെട്ടു. 19 തവണ ഫൈനല്‍ കളിച്ച ബ്രസീല്‍ എട്ട് തവണയാണ് ജേതാക്കളായത്. പരാഗ്വെ, പെറു എന്നിവര്‍ രണ്ട് തവണയും കൊളംബിയ, ബൊളീവിയ, ചിലി എന്നീ രാജ്യങ്ങള്‍ ഓരോ തവണയും കോപ്പയില്‍ മുത്തമിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.