പിണറായിയില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല

Wednesday 25 May 2016 5:31 am IST

കണ്ണൂര്‍: സിപിഎം അക്രമത്തിനു മുന്നില്‍ ആര്‍എസ്എസ് പരിവാര്‍ സംഘടനകള്‍ മുട്ടുമടക്കില്ലെന്നും സ്വന്തം ബന്ധുക്കളെ അക്രമിച്ചവരെ സംരക്ഷിക്കുന്ന നിയുക്ത മുഖ്യമന്ത്രിയില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ നിയമവാഴ്ച അട്ടിമറിച്ചു. സിപിഎം നിയമം കൈയിലെടുത്തിരിക്കുകയാണ്. ബിജെപി സമാധാനവും സൈ്വര്യജീവിതവുമാണ് ആഗ്രഹിക്കുന്നതെ്. കേരളത്തിലാകമാനം സിപിഎം എന്‍ഡിഎ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയുമാണ്. ഇവ നേതൃത്വത്തിന്റെ അറിവോടെയാണ് നടക്കുന്നത്. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നിരവധി വീടുകളാണ് സിപിഎം അക്രമത്തില്‍ തകര്‍ന്നത്. സിപിഎം ഇവിടെ നടത്തിയ അക്രമങ്ങള്‍ നീചവും നികൃഷ്ടവും ബീഭത്സവുമാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ സ്വന്തം നാട്ടില്‍ സിപിഎമ്മുകാര്‍ നടത്തിയ അക്രമം തന്റെ സര്‍ക്കാര്‍ ഏത് തരത്തിലായിരിക്കുമെന്ന് കാണിച്ചുതന്നിരിക്കുകയാണ്. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കു വേണ്ടിയുളളതാവും തന്റെ ഭരണം എന്നു പറയുമ്പോള്‍ പിണറായിയിലുളള തന്റെ ബന്ധുക്കളടക്കമുളള നാട്ടുകാരുടെ കാര്യത്തില്‍ ഇത് ബാധകമല്ലേ അദ്ദേഹം േചാദിച്ചു. സ്വന്തം നാട്ടുകാരുടേയും കുടുംബാംഗങ്ങളുടേയും പൗരാവകാശവും മനുഷ്യാവകാശവും സംരക്ഷിക്കാനാവാത്തയാള്‍ എങ്ങനെ മുഴുവന്‍ ജനങ്ങളുടേയും പൗരാവകാശവും മനുഷ്യാവകാശവും സംരക്ഷിക്കുമെന്നും കുമ്മനം ചോദിച്ചു. എന്‍ഡിഎ കൈവരിച്ച ചരിത്ര നേട്ടത്തില്‍ വിറളിപൂണ്ടാണ് സിപിഎം ഇത്തരത്തില്‍ അക്രമം നടത്തുന്നത്. പിണറായിയില്‍ മാത്രം 17 വാഹനങ്ങള്‍, 27 വീടുകള്‍ എന്നിവ തകര്‍ത്തു. 27 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 2 കോടി രൂപയുടെ നഷ്ടമാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരിക്കുന്നത്. സിപിഎമ്മിന്റെ മനുഷ്യാവകാശ ലംഘനം പുറം ലോകത്തെത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. അക്രമം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഒരു പ്രതിയെപ്പോലും അറസ്റ്റ് ചെയ്യാനോ മഹസ്സര്‍ തയ്യാറാക്കാനോ തയ്യാറാവാത്ത പോലീസ് ഭരണകൂടത്തിന് ചൂട്ടപിടിക്കുകയാണെന്നും കുമ്മനം പറഞ്ഞു. മുഖ്യമന്ത്രി മുന്‍കൈയെടുത്താല്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി കുമ്മനം പറഞ്ഞു. അക്രമത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ െകെ.വിനോദ് കുമാര്‍, അഡ്വ.വി.രത്‌നാകരന്‍, കണ്ണൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന കെ.ജി.ബാബു എന്നിവരും പങ്കെടുത്തു. സിപിഎം അക്രമം: കുമ്മനം നാളെ വയനാട് സന്ദര്‍ശിക്കും കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വയനാട്ടില്‍ ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ വയനാട്ടിലെത്തും. കണ്ണൂരില്‍ നിന്നെത്തുന്ന അദ്ദേഹത്തെ ജില്ലാ അതിര്‍ത്തിയില്‍ ബിജെപി നേതാക്കള്‍ സ്വീകരിക്കും. തുടര്‍ന്ന് തലപ്പുഴ, കരണി തുടങ്ങിയ പ്രദേശങ്ങളിലെത്തി പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് വിവരങ്ങള്‍ ആരായും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ 26 ഓളം അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിലെത്തേത് കരണിയിലെ ചോമാടി കോളനിയിലെ വിഷ്ണുവിനെതിരെ നടന്ന കൊലപാതകശ്രമമാണ്. കണ്ണൂര്‍ ജില്ലയെപോലും വെല്ലുന്ന രീതിയിലാണ് ബത്തേരി മണ്ഡലത്തിലെ ബീനാച്ചിയില്‍ നടന്ന അക്രമസംഭവം. മാനന്തവാടി തലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടും വാഹനങ്ങളും തകര്‍ത്തിരുന്നു. എല്ലായിടത്തും പോലീസ് നിഷ്‌ക്രിയമാണ്. അക്രമസംഭവങ്ങളെ വെള്ളപൂശാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ജില്ലയില്‍ സിപിഎമ്മിന്റെ വോട്ട് ബാങ്കില്‍ വന്ന വന്‍ ചോര്‍ച്ചയും ബിജെപിക്ക് വയനാട്ടില്‍ കൂടുതലായി ലഭിച്ച 36000 വോട്ടുകളുമാണ് സിപിഎമ്മിനെ പ്രകോപിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.