കേരളം അരാജകത്വത്തിലേക്ക് 'അക്രമം നിലനില്‍ക്കട്ടെയെന്നാണോ പിണറായി ആഗ്രഹിക്കുന്നത്'

Tuesday 24 May 2016 11:08 pm IST

  കാഞ്ഞങ്ങാട്: സിപിഎം അധികാരത്തിലെത്തുന്നതിന് മുമ്പേ തന്നെ അക്രമങ്ങള്‍ മൂലം കേരള അരാജകത്വത്തിലേക്ക് നീങ്ങുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. തെരഞ്ഞെടുപ്പ് ദിവസം മുതല്‍ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ നിയോജക മണ്ഡലങ്ങളില്‍ സിപിഎം അക്രമങ്ങള്‍ക്കിരയായ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം കാഞ്ഞങ്ങാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമത്തിനെതിരെ പ്രതികരിക്കാത്ത പിണറായി വിജയന്‍ അക്രമം നിലനില്‍ക്കട്ടെയെന്നാണോ ആഗ്രഹിക്കുന്നതെന്ന് കുമ്മനം ചോദിച്ചു. അക്രമങ്ങളില്‍ പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന ആശയ ദാരിദ്ര്യമാണ് അക്രമത്തിലേക്ക് നയിക്കുന്നത്. തങ്ങള്‍ക്കെതിരെയുള്ളവരെ ഇല്ലാതാക്കി മേല്‍ക്കൈ നേടാനാണ് സിപിഎം ശ്രമിക്കുന്നത്. രാഷ്ട്രീയ ഭീകരതയാണ് കേരളത്തില്‍ നടമാടുന്നത്. കേരളത്തിലെ ക്രമസമാധാനനില ഭദ്രമാണെന്ന് പിണറായി വിജയന് പറയാന്‍ കഴിയുമോ. കേരളത്തിന്റെ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പിണറായി വിജയന്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അക്രമം നിലനില്‍ക്കട്ടെ എന്നാണോ പിണറായി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ജനാധിപത്യം നിലനില്‍ക്കുന്ന സംസ്ഥാനമാണിത്. ബിജെപിയില്‍ പ്രവര്‍ത്തിക്കില്ലെന്ന് എഴുതി വാങ്ങുന്നത് എന്ത് രാഷ്ട്രീയമാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികളെ അണിനിരത്തി ജനാധിപത്യരീതിയിലുള്ള ചെറുത്ത്‌നില്‍പ്പു നടത്തുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ബിജെപി ദേശീയ സമിതി അംഗങ്ങളായ പി.കെ.കൃഷ്ണദാസ്, മടിക്കൈ കമ്മാരന്‍, കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, മണ്ഡലം പ്രസിഡന്റ് ഇ.കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.