മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ല; പ്രക്ഷോഭം ശക്തമാക്കുമെന്ന് സ്‌കൂള്‍ സംരക്ഷണ സമിതി

Wednesday 25 May 2016 11:39 am IST

കോഴിക്കോട്: മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടി 27 നകം റിപ്പോര്‍ട്ട് നല്‍കണമെന്ന കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്ന് സ്‌കൂള്‍ സംരക്ഷണ സമിതി. സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള കോടതി ഉത്തരവ് നടപ്പാക്കാനുള്ള അധികൃതരുടെ നീക്കം സംരക്ഷണ സമിതി ഭാരവാഹികള്‍ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. സ്‌കൂള്‍ പൂട്ടാനെത്തിയ എഇഒ കെ.എസ്. കുസുമത്തെ ഉള്‍പ്പെടെ അദ്ധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെയുള്ളവര്‍ തടയുകയായിരുന്നു. ഈ സംഭവത്തില്‍ എഇഒ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ തന്നെ തടഞ്ഞെന്നും പ്രതിഷേധത്തെ തുടര്‍ന്ന് തനിക്ക് സ്‌കൂള്‍ പൂട്ടാനാവാതെ തിരിച്ചു പോരേണ്ടിവന്നതായും കാട്ടിയാണ് ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരം സ്‌കൂള്‍ പൂട്ടാനും കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി രേഖകള്‍ എടുക്കുന്നതിനുമാണ് എഇഒ എത്തിയിരുന്നത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് മടങ്ങേണ്ടിവന്നു. ഇക്കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കാനാണ് എഇഒ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനെത്തുടര്‍ന്ന് 27 നകം സ്‌കൂള്‍ അടച്ചുപൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്നും സ്‌കൂള്‍ പൂട്ടാന്‍ അധികൃതര്‍ എത്തുമെന്ന് സംരക്ഷണ സമിതിയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ എത്ര സജ്ജരായി അധികൃതരെത്തിയാലും സര്‍വ്വ ശക്തിയുമുപയോഗിച്ച് പ്രതിരോധിക്കാന്‍ തന്നെയാണ് സംരക്ഷണ സമിതിയുടെ തീരുമാനം. സ്‌കൂള്‍ പൂട്ടാനായി ഡിപിഐ നല്‍കിയ അന്യായമായ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യമാണ് സ്‌കൂള്‍ സംരക്ഷണസമിതി മുന്നോട്ട് വയ്ക്കുന്നത്. നിരവധി സംഘടനകള്‍ സമിതിയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ സമരം തുടരാനാണ് സമിതിയുടെ തീരുമാനമെന്ന് സമിതി ചെയര്‍മാന്‍ ഭാസി മലാപ്പറമ്പ് പറഞ്ഞു. സ്‌കൂള്‍ പൂട്ടാനുള്ള കോടതി ഉത്തരവ് നടപ്പാക്കാനുള്ള അധികൃതരുടെ നീക്കം കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മധ്യവേനല്‍ അവധിക്കാലത്ത് മാനേജര്‍ സ്‌കൂള്‍ കെട്ടിടം പൊളിച്ചുമാറ്റിയത് വലിയ വിവാദത്തിന് കാരണമായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്കകം പുതിയ കെട്ടിടം നിര്‍മ്മിച്ചു നല്‍കുകയായിരുന്നു. സ്‌കൂള്‍ പൂട്ടാനായി ഡിപിഐ നല്‍കിയ അന്യായമായ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി സ്‌കൂള്‍ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജനകീയ പ്രതിരോധ സമരം 48 ദിവസം പിന്നിട്ടു. ഇന്നലെ നടന്ന സമരം കെ. സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ജ്ഞാന പ്രകാശ് അധ്യക്ഷത വഹിച്ചു. എം.ടി. സന്തോഷ് കുമാര്‍, പി.പി. ഷാജു, രജീഷ് മലാപ്പറമ്പ് സംസാരിച്ചു. ജനുവരി 18ന് ഇറക്കിയ ഹൈക്കോടതി ഉത്തരവില്‍ മാര്‍ച്ച് 31ന് മുമ്പ് മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്നാണ് പറയുന്നത്. മാര്‍ച്ച് 31 കഴിഞ്ഞിട്ടും സ്‌കൂള്‍ അടച്ചുപൂട്ടാത്ത സാഹ ചര്യത്തിലാണ് മൂന്ന് ദിവസത്തിനകം ഹൈക്കോടതി ഉത്തരവ് നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കോഴിക്കോട് എഇഒയ്ക്ക് കത്ത് അയച്ചത്. എന്നാല്‍ വിദ്യാലയം സംരക്ഷിക്കാന്‍ ശക്തമായ പോരാട്ടം തുടരാന്‍ തന്നെയാണ് മലാപ്പറമ്പ് എയുപി സ്‌കൂള്‍ സംരക്ഷണ സമിതിയുടെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.