കോര്‍പ്പറേഷന്‍ കെടിഡിസിയെ ഒഴിപ്പിച്ചു

Wednesday 25 May 2016 11:41 am IST

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള മിഠായ്‌ത്തെരുവിലെ കെട്ടിടത്തില്‍ നിന്ന് കെടിഡിസിയെ ഒഴിപ്പിച്ചു. ലീസ്- ലൈസന്‍സ് കാലാവധികള്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷന്റെ ഈ നടപടി. നാലു നിലകളിലായി പ്രവര്‍ത്തിച്ചിരുന്ന കെടിഡിസി നോര്‍ത്ത് റീജ്യണല്‍ ഓഫീസ്, ബിയര്‍ പാര്‍ലര്‍, മലബാര്‍ മാന്‍ഷന്‍ ലോഡ്ജ്, റസ്റ്റോറന്റ്, സമ്മേളന ഹാള്‍, സ്‌നാക്‌സ് ബാര്‍ എന്നിവയടങ്ങുന്ന കെട്ടിടം കോര്‍പറേഷന്‍ റവന്യു വിഭാഗം, പോലീസിന്റെ സഹായത്തോടെ ഒഴിപ്പിച്ചത്. കെടിഡിസിയിലെ നാല്‍പ്പതോളം കരാര്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചെങ്കിലും റവന്യു ഇന്‍സ്‌പെക്ടര്‍ പി വി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘം സമുച്ചയത്തിലെ എല്ലാ വിഭാഗവും പൂട്ടി സീല്‍ ചെയ്തു. ഗേറ്റിനു മുന്നില്‍ നഗരസഭയുടെ സെക്യൂരിറ്റിയെയും നിയോഗിച്ചു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ നാലുനിലകള്‍ അരനൂറ്റാണ്ടോളം മുമ്പാണ് കെടിഡിസിക്ക് ലീസിന് നല്‍കിയത്. തുടക്കത്തില്‍ നല്ല നിലയില്‍ നടത്തിവന്ന ലോഡ്ജ്, അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ പിന്നീട് വാടകയ്ക്ക് കൊടുക്കാതായി. കെട്ടിടത്തിന്റെ നാലു നിലകളും ഇപ്പോള്‍ ഉപയോഗയോഗ്യമല്ല. മേല്‍ക്കൂരയുടെ സീലിങ്ങ് പൊളിഞ്ഞ് വാര്‍പ്പുകമ്പികള്‍ പുറത്തായ നിലയിലാണ്. വാതിലുകളും ജനലുകളും ദ്രവിച്ചുതീര്‍ന്നിട്ടും കെടിഡിസി അറ്റകുറ്റപണികള്‍ നടത്തിയില്ല. കുറച്ചുകാലമായി ബിയര്‍ പാര്‍ലറും, റസ്റ്റോറന്റും മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളൂ. പാട്ട കാലാവധി തീര്‍ന്നതിനു ശേഷം, കെടിഡിസിയുടെ അഭ്യര്‍ത്ഥന പ്രകാരം കെട്ടിടം ലൈസന്‍സ് വ്യവസ്ഥയില്‍ നല്‍കിയിരുന്നു. ലൈസന്‍സ് കാലാവധി കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ചതിനെതുടര്‍ന്ന് ഒഴിയാന്‍ നോട്ടീസ് നല്‍കിയെങ്കിലും കെടിഡിസി അപ്പീലിന് പോവുകയും നഗരസഭാ സെക്രട്ടറി അപ്പീല്‍ തള്ളുകയുമായിരുന്നു. ഇവിടെ പാര്‍ക്കിംഗ് പ്ലാസയടക്കമുള്ള പുതിയ കെട്ടിട സമുച്ചയം നിര്‍മിക്കാനാണ് നഗരസഭയുടെ തീരുമാനം. കെട്ടിടം പൊളിക്കുന്നത് വരെ കച്ചവടം അനുവദിക്കണമെന്ന മറ്റു വ്യാപാരികളുടെ ആവശ്യം അനുവദിച്ചതായും, തീരുമാനം ഉണ്ടായാലുടന്‍ വ്യാപാരികള്‍ക്ക് വീണ്ടും നോട്ടീസ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.