ശബരിമല വിവാദഭൂമിയാക്കരുത്: അയ്യപ്പസേവാ സമാജം

Wednesday 25 May 2016 9:44 pm IST

തൃശൂര്‍: ശബരിമല ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളും അയ്യപ്പഭക്തന്‍മാരുടെ വിശ്വാസവും സംരക്ഷിക്കുന്നതിന് ഉതകുന്ന സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാനസമിതി ആവശ്യപ്പെട്ടു. സമദര്‍ശനത്തിന്റെ സന്നിധാനമായ ശബരിമല ക്ഷേത്രത്തെയും തീര്‍ത്ഥാടനത്തെയും വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് കോടിക്കണക്കായ ആയ്യപ്പഭക്തന്‍മാരുടെ ഭക്തി, വിശ്വാസപ്രമാണങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് സംസ്ഥാനസമിതി അഭിപ്രായപ്പെട്ടു. അകാരണമായി ശബരിമല ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ ശബരിമല അയ്യപ്പ സേവാസമാജം അതിയായ ഉത്കണ്ഠയും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. ജൂണ്‍ 10 ന് കോട്ടയത്ത് ചേരുന്ന ശബരിമല ആചാര രക്ഷാസംഗമത്തില്‍ ആദ്ധ്യാത്മിക -സാമൂഹിക -സാമുദായിക സംഘടനകള്‍ ഒത്തുചേര്‍ന്ന് ഭാവി കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കും. സ്ത്രീ പ്രവേശന നിഷേധം ശബരിമല സന്നിധാനത്തില്ല. 10 വയസു മുതല്‍ 50 വയസ്സുവരെ മാത്രമായുള്ള പ്രവേശന നിഷേധം കാലങ്ങളായി നിലനില്‍ക്കുന്ന ആചാരങ്ങളില്‍ പ്രധാനപ്പെട്ടതാണ്. 1991 ല്‍ കേരള ഹൈക്കോടതിയില്‍ സ്ത്രീ പ്രവേശന നിഷേധം സംബന്ധിച്ച കേസില്‍ ഉണ്ടായിട്ടുള്ള വിധിയില്‍ ആചാരാനുഷ്ഠാനങ്ങളില്‍ മായം ചേര്‍ക്കാന്‍ പാടില്ല എന്ന് വ്യക്തമാക്കുന്നുണ്ട്. നിലവില്‍ ശബരിമലയിലെത്തുന്ന ഭക്തജനങ്ങള്‍ക്കുതന്നെ മതിയായ പ്രാഥമിക സൗകര്യങ്ങളും സുരക്ഷയും മറ്റു സൗകര്യങ്ങളും ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കുന്നില്ല എന്നിരിക്കെ ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള സ്ത്രീ പ്രവേശനവാദം ഒട്ടേറെ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതും അപ്രായോഗികവുമാണ്. ശബരിമല ദര്‍ശനത്തിന് 41 ദിവസത്തെയെങ്കിലും വ്രതം അനുഷ്ഠിക്കണം എന്ന് വിശ്വസിക്കുന്ന അയ്യപ്പഭക്ത സമൂഹത്തിലെ സ്ത്രീകളില്‍ നിന്ന് നിലവിലെ ആചാരങ്ങളില്‍ നിന്ന് വിരുദ്ധമായ സ്ത്രീ പ്രവേശനം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടില്ല. ഈ വസ്തുത നിലനില്‍ക്കെ ശബരിമല ക്ഷേത്രത്തെ തകര്‍ക്കാന്‍ശ്രമിച്ചിട്ടുള്ളവരുടെ കറുത്ത കൈകളാണ് ഈ ഗൂഢനീക്കത്തിന് പിന്നിലെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് എന്‍. രാജന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. അരവിന്ദാക്ഷന്‍, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി വി.കെ. വിശ്വനാഥന്‍, ടി. കുട്ടന്‍, മനോജ് എരുമേലി, ട്രഷറര്‍ മന്മഥന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.