പുഞ്ചിരിയ്ക്കൂ മൂന്നാം വര്‍ഷത്തിലേക്ക്

Wednesday 25 May 2016 11:11 pm IST

ലക്ഷ്യത്തോടെ ചുവടുറപ്പിച്ച്… ആസാമിലെ ഉജ്വല വിജയത്തിന് ശേഷം ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ, മറ്റ് കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ക്ക് നല്‍കിയ വരവേല്‍പ്‌

ന്യൂദല്‍ഹി: മൂന്നാം വര്‍ഷത്തിലേക്കു കടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടുവര്‍ഷ പ്രവര്‍ത്തനത്തില്‍ നാടെങ്ങും ജനങ്ങള്‍ക്കു സംതൃപ്തി. മൂന്നാം വര്‍ഷത്തിലേക്കു കടക്കുന്ന സര്‍ക്കാരിന്റെ ജനങ്ങള്‍ക്കുള്ള സന്ദേശം ഇതാണ്: പുഞ്ചിരിയ്ക്കൂ. 2014 മെയ് 26-നാണ് മോദി സര്‍ക്കാര്‍ അധികാരമേറ്റത്.

രാജ്യത്തെ മൂന്നില്‍ രണ്ടു വിഭാഗം ജനങ്ങളും മോദിയുടെ ഭരണത്തിന്‍ സംതൃപ്തരാണെന്ന് സര്‍വ്വേ ഫലം പറയുന്നു. 64 ശമതാനം ഭരണത്തില്‍ പരിപൂര്‍ണ്ണ തൃപ്തരാണ്. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചെന്ന് 72 ശതമാനം പേരും സ്വച്ഛ്ഭാരത് അഭിയാന്‍ വഴി നഗരങ്ങളിലെ മാലിന്യം കുറഞ്ഞെന്ന് 67 ശതമാനം പേരും അഭിപ്രായപ്പെട്ടു. അഴിമതി കുറഞ്ഞെന്ന് 61 ശതമാനം പേരും ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാന്‍ സാധിച്ചെന്ന് സര്‍വേയില്‍ പങ്കെടുത്ത 72 ശതമാനം പേരും അഭിപ്രായപ്പെട്ടു.

പെണ്‍മനസ്സുകള്‍ക്ക് അതിരില്ലാത്ത ആഹ്ലാദം, യുവജനങ്ങള്‍ക്ക് അനന്തമായ അവസരം, സര്‍വര്‍ക്കും ഉയര്‍ച്ച, കുതിക്കുന്ന സമ്പദ് രംഗം, അഴിമതിയില്ലാത്ത കാലം, കുതിക്കുന്ന വികസനം, കര്‍ഷകര്‍ക്കും പങ്കാളിത്തം എന്നിങ്ങനെ വിവിധ മേഖലകളിലെ സര്‍ക്കാര്‍ നേട്ടങ്ങള്‍ രാജ്യമെമ്പാടും എത്തിയ്ക്കുന്ന വമ്പിച്ച പ്രചാരണ പരിപാടികള്‍ ഒരാഴ്ച നടത്തും. ഇന്ന് ഷഹരാണ്‍പൂരില്‍ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്നതോടെ തുടക്കമാകും. രാജ്യമെമ്പാടും 200 റാലികള്‍ നടത്താനാണ് പരിപാടി.

മെയ് 28-ന് ‘പുഞ്ചിരിയ്ക്കൂ’ എന്ന് പേരിട്ടിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഇന്ത്യാഗേറ്റില്‍ നടക്കും. ഒരു വര്‍ഷം, ഒട്ടേറെ തുടക്കങ്ങള്‍ എന്നായിരുന്നു ഒന്നാം വര്‍ഷത്തിന്റെ സമാപനവും രണ്ടാം വര്‍ഷ തുടക്കവും ആഘോഷിച്ച പരിപാടിയുടെ പേര്.
പ്രധാനമന്ത്രി ജന്‍ധന്‍, മുദ്ര, അടല്‍ പെന്‍ഷന്‍ പദ്ധതി, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ, പ്രധാനമന്ത്രി സുരക്ഷാ ബീമാ, സുകന്യ സമൃദ്ധി തുടങ്ങിയ ജനപ്രിയ പദ്ധതികളുടെ വിജയരഥത്തിലേറിയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നത്. 2016 മെയ് 17 വരെ 1.47 ലക്ഷം കോടി രൂപയാണ് 3.79 കോടി സംരംഭകര്‍ക്കായി ഇതുവരെ ലഭ്യമാക്കിയത്. പ്രധാനമന്ത്രി ജനധന യോജനപ്രകാരം 28 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതുവഴി 36,000 കോടി രൂപയുടെ നിക്ഷേപം സാധ്യമായി.

അടല്‍ പെന്‍ഷന്‍ യോജന പ്രകാരം 25 ലക്ഷം പേര്‍ക്ക് പ്രയോജനം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചു. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമായോജനയില്‍ 3 കോടിപേരും പ്രധാനമന്ത്രി സുരക്ഷാ ബീമായോജനയില്‍ ഒമ്പതുകോടി പേരും അംഗങ്ങളായി. പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള സുകന്യ സമൃദ്ധി യോജന വഴി 4,596 കോടിരൂപയുടെ നിക്ഷേപം ലഭിച്ചു. രാജ്യത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 3.7കോടി പേര്‍ക്ക് പുതിയ പാചകവാതക കണക്ഷനുകള്‍ നല്‍കാനും കേന്ദ്രസര്‍ക്കാരിന് സാധിച്ചു.

പുതുതായി രാജ്യത്തെ 8,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ച വിപ്ലവകരമായ നേട്ടവും കേന്ദ്രസര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തിലുണ്ടായി. ഗ്രാമീണ വൈദ്യുതീകരണം, ഡിജിറ്റല്‍ ഇന്ത്യ, സ്വച്ഛ് ഭാരത് അഭിയാന്‍ തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളുടെ വിജയം തന്നെയാണ് മൂന്നാംവര്‍ഷത്തിലേക്ക് കടക്കുന്ന കേന്ദ്രസര്‍ക്കാരിന് ആത്മവിശ്വാസം പകരുന്നത്. രാജ്യത്തെ 200 നഗരങ്ങളില്‍ നടക്കുന്ന വാര്‍ഷികാഘോഷപരിപാടികളിലൂടെ വരുംദിവസങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ കേന്ദ്രമന്ത്രിമാരുടെ സംഘം ജനങ്ങളിലെത്തിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.