കുട്ടനാട്ടില്‍ രണ്ടാംകൃഷി വൈകുന്നു

Thursday 26 May 2016 7:42 pm IST

കുട്ടനാട്: പ്രതികൂല കാലാവസ്ഥയും, ഉയര്‍ന്ന കൃഷിച്ചെലവുകളും കുട്ടനാട്ടിലെ രണ്ടാംകൃഷിയെ ബാധിക്കുന്നു. വേനല്‍മഴ വൈകിയതിനാല്‍ രണ്ടാംകൃഷിയും വൈകുമെന്നാണു കരുതുന്നത്. സാധാരണയായി ഇടവപ്പാതി തുടങ്ങി ജൂണ്‍ 15നു രണ്ടാംകൃഷിക്കുള്ള വിതയാരംഭിക്കേണ്ടതാണ്. എന്നാല്‍ ഇത്തവണ രണ്ടാംകൃഷിയിറക്കാനുള്ള ചില പാടശേഖരങ്ങളില്‍ നിലമൊരുക്കല്‍ ജോലികള്‍ ആരംഭിച്ചിട്ടില്ല. കുട്ടനാട്ടിലെ ജലാശയങ്ങളില്‍ ഉപ്പുവെള്ളം കയറിയതിനാലാണിത്. ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുള്ള മണ്ണില്‍ വിത്തുവിതച്ചാല്‍ അത് കിളിര്‍ക്കാതെ കരിഞ്ഞുപോകും. ഈ സാഹചര്യത്തില്‍ നല്ല മഴ കിട്ടി പാടത്തെ ഉപ്പിന്റെ അംശം കഴുകിക്കളഞ്ഞതിനുശേഷമേ വിത സാധ്യമാകുകയുള്ളു. കഴിഞ്ഞ വര്‍ഷം 10,331 ഹെക്ടറിലാണ് രണ്ടാംകൃഷിയിറക്കിയത്. ഇത്തവണത്തെ രണ്ടാംകൃഷി ഇതിലും കുറവായിരിക്കുമെന്നാണ് കൃഷി വകുപ്പധികൃതരും കണക്കുകൂട്ടുന്നത്. ഇത്തവണ നിലവില്‍ അമ്പലപ്പുഴ, പുറക്കാട്, തകഴി മേഖലകളില്‍ മാത്രമാണ് രണ്ടാംകൃഷിക്കുള്ള വിതയാരംഭിച്ചിട്ടുള്ളത്. സമീപകാലത്ത് കുട്ടനാട്ടില്‍ കൃഷിയിറക്കുന്നവരില്‍ നല്ലൊരു ശതമാനവും പാട്ടക്കര്‍ഷകരാണ്. ഏക്കറൊന്നിനു പാട്ടത്തുക 20,000 രൂപവരെയായിട്ടുണ്ട്. മുട്ടാര്‍ കൃഷിഭവനു കീഴിലുള്ള പാടശേഖരങ്ങളില്‍ കഴിഞ്ഞവര്‍ഷം മുതല്‍ രണ്ടാംകൃഷി പൂര്‍ണമായും ഉപേക്ഷിച്ചിരിക്കുകയാണ്. 2014ലെ അതിരൂക്ഷമായിരുന്ന കൃഷിനാശമാണ് കര്‍ഷകരെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. വെളിയനാട് കൃഷിഭവനു കീഴിലെ അപൂര്‍വം പാടശേഖരങ്ങളില്‍ മാത്രമാണ് ഇത്തവണ രണ്ടാം കൃഷിയിറക്കുന്നത്. കുട്ടനാട്ടില്‍ ഏറ്റവുമധികം രണ്ടാം കൃഷിയിറക്കുന്നത് ചമ്പക്കുളം ബ്ലോക്ക് പരിധിയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.