അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി : സ്‌കൂള്‍ വിപണി സജീവം

Thursday 26 May 2016 10:01 pm IST

കണ്ണൂര്‍: മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സ്‌കൂള്‍ വിപണിയില്‍ വന്‍ തിരക്ക്. രക്ഷാകര്‍ത്താക്കളേയും കുട്ടികളേയും ആകര്‍ഷിക്കാനുതകുന്ന വൈവിദ്ധ്യങ്ങളായ സ്‌കൂള്‍ സാമഗ്രികളാണ് കടകളില്‍ ഇത്തവണ ഒരുക്കിയിട്ടുളളത്. ബാഗ്, കുട, നോട്ടുബുക്ക്, പെന്‍സില്‍, പേന, ബോക്‌സ്, ലഞ്ച്, ബോക്‌സ് തുടങ്ങിയവയില്‍ പലയിനങ്ങളിലുള്ള പരീക്ഷണങ്ങളാണ് കമ്പനികള്‍ വര്‍ഷംതോറും നടത്തുന്നത്. 150 രൂപ മുതല്‍ 2500 രൂപവരെയുള്ള സ്‌കൂള്‍ ബാഗുകള്‍ വിപണിയിലുണ്ട്. എന്നാല്‍ 250,500 രൂപ വിലയുള്ള ബാഗുകള്‍ക്കാണ് ആവശ്യക്കാരേറെ. ചില കടക്കാര്‍ ബാഗിനൊപ്പം കുട്ടികള്‍ക്കാവശ്യമായ മറ്റുപകരണങ്ങളും സൗജ്യന്യമായി നല്‍കുന്ന ഓഫറുകളും ചില കമ്പനികളും കടയുടമകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാഗിനൊപ്പം ട്യൂഷന്‍ കിറ്റ്, പുസ്തകം പൊതിയാനുള്ള കടലാസ്, പേന, പെന്‍സില്‍, പെന്‍സില്‍ ബോക്‌സ്, സ്‌നാക്‌സ് ബോക്‌സ് തുടങ്ങിയ ഇനങ്ങളും ചില കടകളില്‍ നിന്നും നല്‍കുന്നുണ്ട്. ബാഗില്‍ ഡോറ, ആംഗ്രിബേഡ്‌സ്, സ്‌പൈഡര്‍മാന്‍, ബാര്‍ബിഗേള്‍ തുടങ്ങിയവയുടെ ചിത്രങ്ങളുള്ളവയ്ക്ക് ആവശ്യക്കാരായ വിദ്യാര്‍ത്ഥികള്‍ ഏറെയാണ്. ചില സ്‌കൂളുകള്‍ എല്ലാ കുട്ടികള്‍ക്കും ബാഗും യൂണിഫോമും ഉള്‍പ്പെടെ ഒന്നിച്ചെടുത്തു നല്‍കുന്നത് വ്യാപാരികള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. 200 രൂപ മുതല്‍ മുകളിലേക്കാണ് സ്‌കൂള്‍ ഷൂസിന്റെ വില. ലേസ് കെട്ടുന്ന വിധത്തിലുള്ളതും ഒട്ടിക്കുന്നതുമാണ് കുട്ടികള്‍ക്ക് ആവശ്യം. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം പെന്‍സില്‍ ബോക്‌സുണ്ട്. പെന്‍സില്‍ ബോക്‌സിനുള്ളില്‍ കാല്‍ക്കുലേറ്റര്‍ വരുന്ന മോഡലുകള്‍ക്ക് ഇത്തവണ ചെലവ് കൂടുതലാണെന്ന് കടയുടമകള്‍ പറയുന്നു. 250,300 രൂപയാണ് വില. ലഞ്ച് ബോക്‌സ്‘ഭക്ഷണം കൊണ്ടുപോയി കഴിക്കാന്‍ മാത്രമല്ല വെറുതെയിരിക്കുമ്പോള്‍ ഗെയിം കളിക്കുകയും ചെയ്യാം. ഗെയിം കളിക്കാനുള്ള സൗകര്യവുമായുള്ള ലഞ്ച്‌ബോക്‌സുകള്‍ വിപണിയിലുണ്ട്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ചൂടാറാതെ കുട്ടികള്‍ കഴിക്കണമെങ്കില്‍ കാസ്‌റോള്‍ മാതൃകയിലുള്ള ലഞ്ച്‌ബോക്‌സും 250 രൂപ മുതല്‍ ലഭിക്കും. നോട്ട്ബുക്ക് 20 രൂപ മുതല്‍ ലഭിക്കും. ഗുണമേന്മയനുസരിച്ച് വില കൂടും. കുട വിപണിയും സജീവമാണ്. 150 രൂപ മുതല്‍ കുടകള്‍ ലഭ്യമാണ്. പ്രീെ്രെപമറി മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികളുടെ മനസ്സ് കീഴടക്കാനുള്ള തന്ത്രവും കുട വിപണിക്കാര്‍ ഇറക്കിയിട്ടുണ്ട്. പ്രമുഖ കുടക്കമ്പനികളെല്ലാം ഇക്കുറി അഞ്ച് ശതമാനം വരെ വില കൂട്ടിയിട്ടുണ്ട്. കുട്ടികളെയും മുതിര്‍ന്നവരെയുമൊക്കെ ആകര്‍ഷിക്കാന്‍ പുതിയ കുടകളും വിപണിയിലിറക്കിയിട്ടുണ്ട്. സൂപ്പര്‍മാന്‍, സ്‌പൈഡര്‍മാന്‍ തുടങ്ങിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളടങ്ങിയ കുടകളാണ് കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നത്. സൂപ്പര്‍ ഹീറോസ് എന്നറിയപ്പെടുന്ന ഇത്തരം കളര്‍ഫുള്‍ കുടകളില്‍ പലതിലും വാച്ച് അടക്കമുണ്ട്. വലുപ്പമേറിയ ഫൈവ് ഫോള്‍ഡ് കുടകളാണ് ഇക്കറി ഇറങ്ങിയവയില്‍ പുതിയ ഇനം. 490 രൂപ മുതല്‍ മുകളിലേക്കാണ് ഇത്തരം കുടകളുടെ വില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.