കാസര്‍കോട്‌ മാലിന്യ പ്രശ്നം രൂക്ഷം

Monday 4 July 2011 11:20 pm IST

കാസര്‍കോട്‌: മാലിന്യ പ്രശ്നം കാസര്‍കോട്ട്‌ അതീവ സങ്കീര്‍ണ്ണമായി. കുന്നുകൂടിയ മാലിന്യങ്ങള്‍ റോഡരികുകളില്‍ ചീഞ്ഞളിഞ്ഞ അവസ്ഥയാണ്‌. വഴി നടക്കാന്‍ പോലും കഴിയാത്ത നായ്ക്കളും മറ്റും മാലിന്യങ്ങള്‍ കടിച്ചു വലിച്ചു റോഡില്‍ നിരത്തുന്നുമുണ്ട്‌. അതിനിടെ കേളുഗുഡ്ഡെയിലെ മാലിന്യങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട്‌ നാട്ടുകാര്‍ നടത്തുന്ന സമരം ഇന്നലെമുതല്‍ കൂടുതല്‍ ശക്തിപ്പെട്ടു. കേളുഗുഡ്ഡെ പരിസരങ്ങളില്‍ ദുര്‍ഗന്ധവും കൊതുകു ശല്യവും അസഹനീയമായതിനെത്തുടര്‍ന്നു മാലിന്യ നിക്ഷേപ കേന്ദ്രത്തിനടുത്തുള്ള ആക്ഷന്‍ കമ്മിറ്റി നടത്തി വരുന്ന കുത്തിയിരിപ്പു സമരത്തില്‍ ഇന്നു മുതല്‍ സ്ത്രീകളും പങ്കെടുക്കും. മുനിസിപ്പാലിറ്റിയുടെ മൂന്നു വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ ഓരോ മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും കേളുഗുഡ്ഡെയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത ശേഷം അത്യാധുനിക മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ്‌ നാട്ടുകാര്‍ സമരംചെയ്യുന്നത്‌.