കെഎസ്ആര്‍ടിസി ബസ് സര്‍വീസ് മുടക്കുന്നു

Thursday 26 May 2016 9:07 pm IST

തിരുവല്ല: പത്തനംതിട്ട ഡിപ്പോയില്‍നിന്നു കവിയൂര്‍, മുണ്ടിയപ്പള്ളി, നടയ്ക്കല്‍, തെങ്ങണ, പുതുപ്പള്ളി വഴി കോട്ടയത്തിനുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് മുടങ്ങുന്നതു യാത്രക്കാരെ ദുരിതത്തിലാക്കുന്നു. രാവിലെ 6.30ന് പത്തനംതിട്ടയില്‍ നിന്നു തുടങ്ങുന്ന ബസ് 7.30ന് ആണു മുണ്ടിയപ്പള്ളിയില്‍ എത്തിയിരുന്നത്. എന്നാല്‍, ഈ സമയത്തും ഇതിനുശേഷവും കാത്തിരുന്നാലും ബസ് എത്താറില്ലെന്നു യാത്രക്കാര്‍ പറയുന്നു. പലപ്പോഴും മുടങ്ങുകയാണു പതിവെന്നും ഇവര്‍ പറയുന്നു. വൈകിട്ട് 4.30ന് കോട്ടയത്തുനിന്നു പുറപ്പെടുന്ന ബസ് 5.40ന് മുണ്ടിയപ്പള്ളി വഴി പത്തനംതിട്ടയ്ക്കു പോകേണ്ട സര്‍വീസും മുടങ്ങുന്നതും സ്ഥിരം സംഭവമായിട്ടുണ്ട്. രാവിലെയും വൈകിട്ടും സര്‍വീസ് മുടങ്ങുന്നതുമൂലം പല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരെയും വിദ്യാര്‍ഥികളെയുമാണ് ഏറെ ദുരിതത്തിലാക്കുന്നത്. ജനപ്രതിനിധികള്‍ ക്കും അധികാരികള്‍ക്കും നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ലന്ന് നാട്ടുകാര്‍ പറയുന്നു. ജീവനക്കാരുടെ കുറവാണ് എല്ലാദിവസവും സര്‍വീസ് നടത്താന്‍ കഴിയാത്തതിനു കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ആഴ്ചയില്‍ ചില ദിവസങ്ങള്‍ മാത്രം സര്‍വീസ് നടത്തുന്നതുമൂലം പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. എല്ലാ ദിവസവും ബസ് സര്‍വീസ് നടത്തി പ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.