മാധ്യമ രംഗം വാണിജ്യവല്‍ക്കരണത്തിന്റെ പിടിയില്‍: ജെ. നന്ദകുമാര്‍

Thursday 26 May 2016 9:52 pm IST

നാരദ ജയന്തി മാധ്യമപ്രവര്‍ത്തന ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വിശ്വസംവാദ
കേന്ദ്രം സംഘടിപ്പിച്ച പരിപാടിയില്‍ ജന്മഭൂമി എഡിറ്റര്‍ ലീലാമേനോനെ ആര്‍എസ്എസ്
അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ ആദരിക്കുന്നു

കൊച്ചി: വാണിജ്യവത്കരണത്തിന് കീഴ്‌പ്പെട്ട മാധ്യമരംഗം ഇന്ന് ബൗദ്ധിക അര്‍ബുദത്തിന്റെ പിടിയിലാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍. നാരദ ജയന്തി മാധ്യമപ്രവര്‍ത്തന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വിശ്വസംവാദ കേന്ദ്രം എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹെലിക്കോപ്ടര്‍ ഇടപാടിലും ടു ജി അഴിമതിയിലും മാധ്യമപ്രവര്‍ത്തകരുടെ പേരുകള്‍ പുറത്ത് വരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് സേവനമായിരുന്നു മാധ്യമ പ്രവര്‍ത്തനമെങ്കില്‍ ഇപ്പോഴത് കച്ചവടം മാത്രമായി. സത്യം സത്യമായി അറിയാനുള്ള വായനക്കാരന്റെ അവകാശം നിഷേധിക്കപ്പെടുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ബൗദ്ധിക അര്‍ബുദ രോഗമായി മാധ്യമ ലോകം മാറുകയും ചെയ്യുന്നു.

നല്ലതിനെ ഒഴിവാക്കി ദുഷ്ചിന്തകളെ സമൂഹത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമം നടക്കുകയാണ്. മഹിഷാസുരനെ മഹാനും ദുര്‍ഗാദേവിയെ വേശ്യയുമാക്കുന്ന ആള്‍ക്കാരാണ് എല്ലാവിധ വിജ്ഞാനങ്ങളുടെയും കേന്ദ്രമായ നാരദ മഹര്‍ഷിയെ കോമാളിയാക്കി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ ദത്തോപന്ത് ഠേംഗഡിജി രചിച്ച ‘ഡോ.അംബേദ്കര്‍-സാമൂഹ്യ വിപ്ലവയാത്ര’ എന്ന പുസ്തകം പ്രകാശനം ചെയ്തു. നെഹ്‌റുവിന്റെ രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് ആര്‍എസ്എസ് നിരോധിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ അംബേദ്കര്‍ മതം മാറില്ലായിരുന്നുവെന്ന് നന്ദകുമാര്‍ പറഞ്ഞു. എല്ലാവരെയും സമഭാവനയോടെ ഉള്‍ക്കൊള്ളുന്ന സംഘടനയായി ആര്‍എസ്എസ് മാറുമെന്ന കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. മതം മാറുമെന്ന് പ്രഖ്യാപിച്ചിട്ടും അതിനായി ഇരുപത്തഞ്ച് വര്‍ഷത്തിലധികം അദ്ദേഹം കാത്തിരുന്നത് അതിനായാണ്. എന്നാല്‍ നിരോധനം സംഘത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിപ്പിച്ചുവെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി എഡിറ്റര്‍ ലീലാമേനോനെ ചടങ്ങില്‍ ആദരിച്ചു. സമസ്ത കേരള സാഹത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി എം.വി.ബെന്നി അധ്യക്ഷത വഹിച്ചു. പി.രാജന്‍, ജസ്റ്റിസ് പി.എസ്.ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. രമേശ് ലക്ഷ്മണന്‍ സ്വാഗതവും അനൂപ് രാമന്‍കുട്ടി നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.