പദവി തേടി യെച്ചൂരിക്ക് കുറിപ്പ്; വിഎസ്‌കുടുങ്ങി

Thursday 26 May 2016 10:42 pm IST

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരില്‍ പദവികള്‍ ഉറപ്പിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് കൈമാറിയ കുറിപ്പ് വി.എസ്.അച്യുതാനന്ദന് വിനയായി. ക്യാബിനറ്റ് റാങ്കോടെ ഉപദേഷ്ടാവാക്കുക, എല്‍ഡിഎഫ് ചെയര്‍മാനാക്കുക, സെക്രട്ടേറിയറ്റ് അംഗമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇംഗ്ലീഷില്‍ എഴുതിയ കുറിപ്പാണ് സത്യപ്രതിജ്ഞാ ദിനത്തില്‍ വിഎസ്, സീതാറാം യെച്ചൂരിക്ക് കൈമാറിയത്. വിഎസ് തനിക്ക് കുറിപ്പുനല്‍കിയെന്ന് യെച്ചൂരി സ്ഥിരീകരിക്കുകയും വി.എസ് കുറിപ്പ് യെച്ചൂരിയുടെ പോക്കറ്റില്‍ കുറിപ്പ് ഇട്ടുകൊടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തതോടെ ഉപദേശകനാകാന്‍ കൊതിച്ച വിഎസ് വെട്ടിലായി. താന്‍ പദവിക്കും അധികാരത്തിനും പിന്നാലെ പോകുന്ന വ്യക്തിയല്ല എന്ന് ആവര്‍ത്തിക്കുന്ന വിഎസിന് കനത്ത തിരിച്ചടിയാണിത്. ആദര്‍ശത്തിന്റെയും ത്യാഗത്തിന്റെയും പ്രതിരൂപമെന്ന് പറയുകയും അധികാരത്തിനുവേണ്ടി ഏതറ്റം വരെയും പോകുകയും ചെയ്യുന്ന വ്യക്തിയാണ് വിഎസ് എന്നുപറയുന്ന ഔദ്യോഗികപക്ഷത്തിന് വീണുകിട്ടിയ വടിയായി വിഎസിന്റെ കുറിപ്പ് വിവാദം. സത്യപ്രതിജ്ഞാ ദിനത്തില്‍ വിഎസ് യെച്ചൂരിക്കൊപ്പമിരിക്കവേയാണ് പേഴ്‌സണല്‍ സ്റ്റാഫംഗം ഇംഗ്ലീഷില്‍ എഴുതിയ കുറിപ്പ് വിഎസിന് നല്‍കുന്നത്. കുറിപ്പ് വിഎസ് വായിച്ചുനോക്കുന്നത് തൊട്ടടുത്തിരുന്ന യെച്ചൂരി ശ്രദ്ധിക്കുകയും ചെയ്തു. ഇതിനുശേഷം കുറിപ്പ് ജൂബയുടെ പോക്കറ്റിലിട്ട വിഎസ് സത്യപ്രതിജ്ഞയ്ക്കുശേഷം യെച്ചൂരിയുടെ പോക്കറ്റില്‍ കുറിപ്പ് വച്ചുകൊടുക്കുകയായിരുന്നു. വിഎസിന്റെ മകന്‍ അരുണ്‍കുമാറാണ് കുറിപ്പ് എഴുതി സ്റ്റാഫ് വഴി കൊടുത്തയച്ചതെന്നാണ് പറയപ്പെടുന്നത്. വിഎസ് കുറിപ്പ് നല്‍കിയെന്ന് പറഞ്ഞ യെച്ചൂരി വി.എസിന്റെ പദവി സംബന്ധിച്ച് 28, 29 തീയതികളില്‍ ചേരുന്ന പിബി ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചു. എന്നാല്‍ മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് യെച്ചൂരി പറഞ്ഞതോടെയാണ് കുറിപ്പ് വിവാദം ആളിക്കത്തിയത്. ഉപദേശകസ്ഥാനത്തിനുവേണ്ടി കുറിപ്പ് നല്‍കുന്നയാളാണ് വിഎസ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വമാണ് യെച്ചൂരി ഇക്കാര്യത്തില്‍ പ്രതികരിച്ചതെന്നും വ്യക്തം. പിണറായിക്കെതിരെ പട നയിക്കുന്ന വിഎസിന്റെ ആദര്‍ശത്തിന്റെ പൊയ്മുഖം പൊഴിഞ്ഞു വീണുവെന്ന് ചൂണ്ടിക്കാട്ടി ഔദ്യോഗികപക്ഷത്തിന്റെ അണികള്‍ നവമാധ്യമങ്ങളില്‍ വിവാദമാക്കിയിട്ടുമുണ്ട്. സര്‍ക്കാരിന് തലവേദനയാകുമായിരുന്ന വി.എസിനെ അടിക്കാന്‍ കിട്ടിയ ഏറ്റവും നല്ല ആയുധമായി കുറിപ്പ് വിവാദത്തെ ഉയര്‍ത്തിക്കാട്ടാനാണ് ഔദ്യോഗികപക്ഷം ലക്ഷ്യമിടുന്നത്.   സര്‍ക്കാരിലും പാര്‍ട്ടിയിലും വിഎസ് പദവികള്‍ ആവശ്യപ്പെട്ടു ന്യൂദല്‍ഹി: പിണറായിസര്‍ക്കാരില്‍ ഉന്നത പദവികള്‍ വേണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ വിഎസ് കുറിപ്പ് നല്‍കിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചു. ഇതോടെ പദവികള്‍ക്ക് വേണ്ടി വി.എസ് ആവശ്യമുന്നയിച്ചെന്ന് വ്യക്തമായി. വിഎസിന് എന്തു പദവികള്‍ നല്‍കണമെന്ന കാര്യം 28,29 തീയതികളില്‍ ദല്‍ഹിയില്‍ നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് യെച്ചൂരി വ്യക്തമാക്കി. വിഎസ് ആവശ്യപ്പെട്ട പദവികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് സംസ്ഥാന മന്ത്രിസഭയാണെന്നും യെച്ചൂരി പറഞ്ഞു. തനിക്ക് നല്‍കേണ്ട പദവികള്‍ സംബന്ധിച്ച് ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ ഉയരുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് വിഎസ് കുറിപ്പ് തനിക്ക് കൈമാറിയതെന്നാണ് യെച്ചൂരി വെളിപ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.