വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭം; സിനിമ സീരിയല്‍ നടിയടക്കം 13 പേര്‍ പിടിയില്‍

Thursday 26 May 2016 10:53 pm IST

തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ പെണ്‍വാണിഭം നടത്തിയ പ്രൊഡക്ഷന്‍ കണ്‍ട്രോളറും സീരിയല്‍ നടിയും അടക്കം 13 പേരെ ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. ഓപ്പറേഷന്‍ ബിഗ്ഡാഡിയുടെ രണ്ടാംഘട്ടമായി നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്തിനകത്തും പുറത്തുമായി ബന്ധമുള്ള ഒന്‍പത് പുരുഷന്മാരും നാല് സ്ത്രീകളുമടങ്ങുന്ന പെണ്‍വാണിഭസംഘം പിടിയിലായത്. പിടിയിലായവരില്‍ ശ്രീലങ്കന്‍ സ്വദേശിനിയായ യുവതിയും പെടും. ഇരകളായ ഏഴ് പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും സിനിമാ നടിയും ബാംഗളുരുവില്‍ നിന്നുള്ള മലയാളി മോഡലും ഉള്‍പ്പെട്ടിട്ടുണ്ട്. www.location.inഎന്ന ഇന്റര്‍നെറ്റ് സൈറ്റില്‍ പരസ്യം കൊടുത്ത് പ്രവര്‍ത്തിക്കുന്ന സംഘങ്ങളെപ്പറ്റിയുള്ള അന്വേഷണത്തില്‍ സൈറ്റില്‍ ലഭിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരം പേരൂര്‍ സ്വദേശിനി ഗീത (31) ആണ് മുഖ്യ ഇടപാടുകാരി. ഇവരുടെ മകള്‍ പോങ്ങുംമൂട്ടില്‍ താമസിക്കുന്ന നയനയെന്ന പിങ്കി (28), ഭര്‍ത്താവ് പ്രദീപ് (38), എറണാകുളം പുതിയകാവ് സ്വദേശി അജിത് (53), ബാലരാമപുരം വലിയവിളാകം സ്വദേശി ശ്രീജിത്ത് (28), തിരുവനന്തപുരം പൂഴിക്കുന്ന് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപം താമസിക്കുന്ന നിയാസ് (30), മലയിന്‍കീഴ് പൊറ്റയില്‍ സ്വദേശി വിപിന്‍ (31), ആറ്റിങ്ങല്‍ പെരിംകുളം കണ്ണംകര സ്വദേശി തിലകന്‍ (38), പ്രൊഡക്ഷന്‍ കണ്‍ട്രോളറും പരസ്യനിര്‍മ്മാതാവുമായ ഇടുക്കി രാജക്കാട് സ്വദേശി ജെയ്‌സണ്‍ (31), ആറ്റിങ്ങല്‍ മുദാക്കല്‍ സ്വദേശി സജുവെന്ന അനീഷ് എസ് (33), വെള്ളായണി വണ്ടിത്തടം ആനക്കുഴി സ്വദേശി ഷമീര്‍ (30), ശ്രീലങ്കന്‍ അഭയാര്‍ത്ഥിയും പട്ടം കുന്നുംപുറം ലൈനില്‍ താമസിക്കാരിയുമായ സജീന.ജെ(33), സീരിയല്‍ നടിയും ബ്യൂട്ടീഷനുമായ മുട്ടട വയലിക്കട സ്വദേശി ബിന്ദു എസ് (44) എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായവരില്‍നിന്നും പെണ്‍കുട്ടികളെ കൊണ്ടുവരാനുപയോഗിച്ച അഞ്ചുകാറുകളും സന്ദേശങ്ങളും പെണ്‍കുട്ടികളുടെ ഫോട്ടോകളും മറ്റും കൈമാറുന്നതിനുപയോഗിച്ച നിരവധി മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാദിനം രാത്രി നഗരത്തിലെ പ്രമുഖ അപ്പാര്‍ട്ട്‌മെന്റില്‍ പെണ്‍കുട്ടികളെ എത്തിച്ചശേഷം പറഞ്ഞുറപ്പിച്ച തുക പങ്കിട്ടെടുക്കാനെത്തവേയാണ് സംഘം പിടിയിലായത്. ഇടപാടിന് പറഞ്ഞുറപ്പിച്ച മോഡല്‍ ബാംഗ്ലൂരില്‍നിന്നും വിമാനത്തിലാണ് തലസ്ഥാനത്തെത്തിയത്. രണ്ട് മുന്‍നിര നായകനടന്മാരുടെ സിനിമകളില്‍ അടക്കം മുഖംകാണിച്ച നടിയും ഇരകളില്‍പെടുന്നു. പെണ്‍കുട്ടികള്‍ക്കുവേണ്ടി 33 ലക്ഷംരൂപയാണ് ക്രൈംബ്രാഞ്ച് സംഘം ഇടപാടുകാരുമായി പറഞ്ഞുറപ്പിച്ചിരുന്നത്. വിശ്വാസ്യതയ്ക്കുവേണ്ടി ചെറിയതുക കൈമാറുകയും ചെയ്തിരുന്നു. പിടിയിലായ ഇരകളില്‍ രാഹുല്‍ പശുപാലന്‍ അറസ്റ്റിലായ സമയത്ത് പോലീസുകാരനെ ഇടിച്ചിടാന്‍ ശ്രമിച്ച് രക്ഷപ്പെട്ട കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയും ഉള്ളതായി സൂചനയുണ്ട്. സിനിമാ-സീരിയല്‍ രംഗത്തെ പലരുടെയും പേരുകള്‍ പറഞ്ഞാണ് പ്രതികള്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. പ്രതികളില്‍ നിന്നും മോചിപ്പിച്ച പെണ്‍കുട്ടികളെ കോടതിയുടെ അനുവാദത്തോടെ സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് ഐജി: ശ്രീജിത്ത് പറഞ്ഞു. സൈബര്‍ സെല്ലിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്പി: രാജ്പാല്‍ മീണ, സൈബര്‍ സ്റ്റേഷന്‍ എസ്എച്ചഒയും ഡിവൈഎസ്പിയുമായ വി.രാഗേഷ്‌കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി: വി. രാഗേഷ് കുമാര്‍, സിഐ: ജെ.കെ. ദിനില്‍, എന്‍. ഷിബു, ഒ.എ. സുനില്‍, എസ്.എസ്. സുരേഷ്ബാബു, എസ്‌ഐമാരായ ബിജു എന്‍, സജികുമാര്‍ ബി, സജി ശങ്കര്‍ എന്നിവരും സൈബര്‍ ക്രൈംപോലീസ് സ്റ്റേഷനിലെ മറ്റു ഉദേ്യാഗസ്ഥരും തിരുവനന്തപുരം സിറ്റി ഷാഡോ ടീമിലെ അംഗങ്ങളും സ്റ്റേറ്റ് വനിതാ സെല്ലിലെ പോലീസ് ഉദേ്യാഗസ്ഥരും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.