നീറ്റ് ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

Friday 27 May 2016 12:48 pm IST

ന്യൂദല്‍ഹി: നീറ്റ് ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഓര്‍ഡിനന്‍സ് ഇപ്പോള്‍ സ്റ്റേ ചെയ്താല്‍ ആശയക്കുഴപ്പമുണ്ടാകും. സംസ്ഥാനസര്‍ക്കാറുകള്‍ക്ക് മാത്രമാണ് ഓര്‍ഡിനന്‍സില്‍ ഇളവുള്ളതെന്നും സുപ്രീംകോടതി വ്യക്തമാക്കി. മെഡിക്കല്‍, ദന്തല്‍ പ്രവേശനത്തിന് ഏകീകൃത പ്രവേശന (നീറ്റ്) പരീക്ഷ മാത്രം മാനദണ്ഡമാക്കിയ സുപ്രീം കോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനെതിരേയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സാമൂഹ്യ പ്രവര്‍ത്തകനായ ആനന്ദ് റായിയും മെഡിക്കല്‍ വിദ്യാര്‍ഥിയായ സഞ്ജീവ് സക്‌സേനയുമാണ് പരാതിക്കാര്‍. നീറ്റ് പരീക്ഷയ്‌ക്കൊപ്പം സംസ്ഥാനങ്ങളുടെ പ്രവേശന പരീക്ഷയ്ക്കും ഈ വര്‍ഷത്തേക്കു സാധുത നല്‍കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഇതിനിടെ ഓര്‍ഡിനന്‍സിന് അനകൂലമായി ഒരു കൂട്ടം വിദ്യാര്‍ഥികളും കോടതിയില്‍ തടസ ഹര്‍ജി നല്‍കിയിട്ടുണ്ട്. തങ്ങളുടെ വാദം കേള്‍ക്കാതെ ഇക്കാര്യത്തില്‍ ഉത്തരവിടരുതെന്നാണ് തടസ ഹര്‍ജിയിലെ ആവശ്യം. ഓര്‍ഡിനന്‍സിനെതിരേ കോടതിയെ സമീപിക്കുമെന്ന് കേസിലെ പ്രധാന ഹര്‍ജിക്കാരായ സങ്കല്പ് ചാരിറ്റബിള്‍ ട്രസ്റ്റ് നേരത്തെ അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.