പൂവരണി പീഡനക്കേസ്: ഒന്നാം പ്രതിക്ക് 25 വര്‍ഷം തടവും നാലു ലക്ഷം പിഴയും

Saturday 28 May 2016 12:54 am IST

കോട്ടയം: പതിനാലുകാരിയായ പെണ്‍കുട്ടി പീഡനത്തെത്തുടര്‍ന്ന് എയ്ഡ്‌സ് ബാധിച്ച് മരിക്കാന്‍ ഇടയായ കേസില്‍ ഒന്നാംപ്രതി കോട്ടയം സ്വദേശിനി ലിസിക്ക് (48) നാല് വകുപ്പുകളിലായി കോടതി 25 വര്‍ഷം തടവും നാലു ലക്ഷം രൂപ പിഴയും വിധിച്ചു. വിവിധ വകുപ്പുകളിലുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പ്രതി ഏഴു വര്‍ഷം തടവില്‍ കിടന്നാല്‍ മതിയാവും. കേസിലെ രണ്ട്, മൂന്ന്, അഞ്ച് പ്രതികള്‍ക്ക് ആറ് വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപവീതം പിഴയും നാല്, ആറ് പ്രതികള്‍ക്ക് നാല് വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. കേസില്‍ മൊഴിമാറ്റിയ അമ്പിളിയെന്ന യുവതിക്കെതിരെ നടപടി വേണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചിട്ടുണ്ട്. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് സ്‌പെഷ്യല്‍ ജഡ്ജി കെ. ബാബുവാണ് വിധി പ്രസ്താവിച്ചത്. കേസില്‍ ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസിലെ 12 പ്രതികളില്‍ നാലുപേരും സ്ത്രീകളാണ്. അഞ്ചു പ്രതികളെ വെറുതെവിട്ടു. പെണ്‍കുട്ടി മരിച്ചതും മൃതദേഹം ദഹിപ്പിച്ചതും സാക്ഷികളുടെ കൂറുമാറ്റവും പീഡിപ്പിച്ച പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കിയതായി പ്രോസിക്യൂഷന്‍ അഭിപ്രായപ്പെട്ടു. എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന പാലാ പൂവരണി സ്വദേശിനിയായ പെണ്‍കുട്ടിയെ ബന്ധുവായ അയര്‍ക്കുന്നം താളിക്കല്ല് മുണ്ടന്‍തറ വീട്ടില്‍ ലിസിയുടെ (48) നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തീക്കോയി വടക്കേല്‍ ജോമിനി (33), ഭര്‍ത്താവ് പൂഞ്ഞാര്‍ ചങ്ങനാരിപറമ്പില്‍ ജ്യോതിഷ് (36), പൂഞ്ഞാര്‍ തെക്കേക്കര കൊട്ടാരംപറമ്പ് തങ്കമണി (42), കൊല്ലം തൃക്കരുവ ഉത്തൃട്ടാതിയില്‍ സതീഷ്‌കുമാര്‍ എന്ന അച്ചായന്‍ (60), തൃശ്ശൂര്‍ പറക്കാട്ട് കിഴക്കുംപുറത്ത് രാഖി (33) എന്നിവരാണ് മറ്റുപ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, വില്‍പന നടത്തല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം, മാനഭംഗം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ തെളിയിക്കാനായില്ല. വിചാരണവേളയില്‍ പത്താംപ്രതി ഉല്ലാസ് ആത്മഹത്യ ചെയ്തിരുന്നു. 2007 ആഗസ്ത് മുതല്‍ 2008 ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഉണ്ടായ ലൈംഗിക പീഡനങ്ങളെ തുടര്‍ന്നാണ് പെണ്‍കുട്ടി എയ്ഡ്‌സ് രോഗബാധിതയായത്. തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2008 മെയ് അഞ്ചിനു മരിച്ചു. മഞ്ഞപ്പിത്തവും ബാധിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ പെണ്‍കുട്ടി അമ്മയോട് പറഞ്ഞ പീഡനവിവരം മരണമൊഴിയായി കോടതി സ്വീകരിക്കുകയായിരുന്നു. കുട്ടിയുടെ മരണശേഷം അമ്മ, സാമൂഹിക പ്രവര്‍ത്തകയായ ആനി ബാബു മുഖാന്തിരമാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഡിവൈഎസ്പി പി. ബിജോയിയാണ് കേസ് അന്വേഷിച്ചത്. വിചാരണയ്ക്കിടെ, മൂന്നാം സാക്ഷി മണര്‍കാട് സ്വദേശിനി അനശ്വര എന്ന അമ്പിളി കൂറുമാറിയിരുന്നു. പായിപ്പാട് സ്വദേശികളായ ഷാന്‍ കെ.ദേവസ്യ, ജോബി ജോസഫ്, നെടുമങ്ങാട് ജയന്‍ എന്ന ദയാനന്ദന്‍, രാമപുരത്തെ ബിനോ അഗസ്റ്റിന്‍, വെള്ളിലാപ്പിള്ളി സ്വദേശി ജോഷി എന്നിവരെയാണ് വെറുതെവിട്ടത്. സ്‌പെഷ്യല്‍ പബഌക് പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍ ഗോപാലകൃഷ്ണന്‍, പബഌക് പ്രോസിക്യൂട്ടര്‍ അഡ്വ. റോയീസ് ചിറയില്‍ എന്നിവര്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.