പ്രതിഷേധം: മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടാനായില്ല സമരം തുടരുമെന്ന് സമരസമിതി

Friday 27 May 2016 1:07 pm IST

കോഴിക്കോട്: ഹൈക്കോടതി ഉത്തരവ് ജനകീയ പ്രതിഷേധത്തിന് മുമ്പില്‍ നടപ്പിലായില്ല. മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടാനെത്തിയ എഇ ഒ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും പിന്‍വാങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സിറ്റി എഇഒ കെ.എസ്. കുസുമം പോലീസ് സംരക്ഷണത്തോടെ ഇന്നലെ രാവിലെ 11 മണിയോടെ സ്ഥലത്തെത്തിയത്. എന്നാല്‍ സ്‌കൂള്‍ സംരക്ഷണസമിതിയുടെയും രക്ഷിതാക്കളുടെയും പൊതു പ്രവര്‍ത്തകരുടെയും കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ക്ക് സ്‌കൂളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. തിങ്കളാഴ്ചയും സ്‌കൂള്‍ പൂട്ടാന്‍ എഇഒ എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങി. ഉത്തരവ് നടപ്പാക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളതെന്ന് സിറ്റി എഇഒ കെ.എസ് കുസുമം ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ 27നകം സ്‌കൂള്‍ പൂട്ടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എഇഒ ഇന്നലെ വീണ്ടും പോലീസ് സന്നാഹത്തോടെ സ്‌കൂളില്‍ എത്തിയത്. ഇന്നലെ രാവിലെ പത്തരയോടെ ചേവായൂര്‍ എസ്‌ഐ ഷാജഹാന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ സമരക്കാര്‍ സ്‌കൂള്‍ കവാടം അടച്ചതോടെ ആര്‍ക്കും സ്‌കൂളില്‍ പ്രവേശിക്കാനായില്ല. എഇഒക്കെതിരെ ഗോ ബാക്ക് വിളികളുമായി നാട്ടുകാര്‍ സംഘടിച്ചു. തുടര്‍ന്ന് 12 മണിയോടെ അവര്‍ തിരിച്ചുപോയി. പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തരവ് നടപ്പാക്കാനായില്ലെന്ന് കോടതിയെ അറിയിക്കുമെന്ന് എഇഒ പറഞ്ഞു. എ. പ്രദീപ്കുമാര്‍ എംഎല്‍എ, കാനങ്ങോട്ട് രാജന്‍, ദിനേശന്‍, ഡപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ ഇ. പ്രശാന്ത്കുമാര്‍, ടി.സി. ബിജുരാജ്, ഷെറീന വിജയന്‍, സമര സമിതി കണ്‍വീനര്‍ അഡ്വ. ജയദീപ്, ജാനമ്മ കുഞ്ഞുണ്ണി, കെ. ടി. പത്മജ, എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. സ്‌കൂള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ജനകീയ സമരം 51-ാം ദിവസത്തിലേക്ക് കടന്നു. സ്‌കൂള്‍ ഏറ്റെടുക്കുമെന്ന് ഔദ്യോഗിക ഉത്തരവ് വരുന്നതു വരെ സമരം ചെയ്യുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു. ഒരു കാരണവശാലും സ്‌കൂള്‍ പൂട്ടാനുള്ള മാനേജരുടെ നടപടി അനുവദിക്കില്ലെന്ന് അവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.