കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം ഓടയിലേയ്ക്ക് തുറന്നുവിട്ടു; ഒരാള്‍ അറസ്റ്റില്‍

Friday 27 May 2016 8:55 pm IST

മുണ്ടക്കയം: ബസ് സ്റ്റാന്റി ലെ കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നുള്ള മലിനജലം അര്‍ദ്ധരാത്രിയില്‍ ഓടയിലേയ്ക്ക് തുറന്നുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. കാരറുകാരനെതിരെയും കേസെടുത്തു. കാഞ്ഞിരപ്പളളി അഞ്ചിലിപ്പ താന്നിക്കല്‍ രാജന്‍(45)നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പളളി സ്വദേശി ശിവദാസിനെതിരെ പോലീസ് കേസെടുത്തു. വ്യാഴാഴ്ച്ച രാത്രിയില്‍ ടൗണിലെ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിലാണ് സംഭവം. കംഫര്‍ട്ട് സ്റ്റേഷനിലെ സെപ്ടിക് ടാങ്ക് സ്ഥിതി ചെയ്യുന്നത് സമീപത്തെ ടാക്‌സി സ്റ്റാന്‍ഡിന്റെ അടിഭാഗത്തായാണ്. ഇതിന് സമീപമായി തന്നെയാണ് ബസ്സ്റ്റാന്‍ഡില്‍ നിന്നുള്ള ഓട ഒഴുകുന്നത്. മഴപെയ്ത് സെപ്ടിക് ടാങ്കും പരിസരവും നിറഞ്ഞതോടെ രാത്രിയില്‍ ടാങ്കിനു സമീപം കുഴിയുണ്ടാക്കി വെള്ളം ഓടയിലേയ്ക്ക് തുറന്നു വിടുകയായിരുന്നു എന്നാണ് സൂചന. രാത്രി 12 മണിയോടെ ബസ് സ്റ്റാന്‍ഡിനുള്ളില്‍ രൂക്ഷമായ ദുര്‍ഗന്ധം പരന്നു. ഇതോടെ ബസ്സ്റ്റാന്‍ഡ് കവാടത്തിലുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കാര്യം അന്വേഷിച്ചതോടെയാണ് കംഫര്‍ട്ട് സ്റ്റേഷന് മുന്‍പിലായി ഓടയിലേയ്ക്ക് മലിനജലം ഒഴുകുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജുവും പോലീസും സ്ഥലത്തെത്തി. സെപ്ടിക് ടാങ്കില്‍ നിന്നുള്ള മലിനജലം തന്നെയെന്ന് ഉറപ്പായതിനാല്‍ മറ്റാരും എത്തി കുഴിമൂടാതിരിക്കുവാന്‍ ഓട്ടോഡ്രൈവര്‍മാര്‍ സ്ഥലത്ത് കാവലിരുന്നു. തുടര്‍ന്ന് രാവിലെ കംഫര്‍ട്ട് സ്റ്റേഷന്റെ ചുമതലപെട്ടവരെ പോലീസ് ചോദ്യം ചെയ്യുകയും, സംഭവവുമായി ബന്ധപെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. മനുഷ്യ ജീവനു ഹാനികരമായ നടപടിയാണിവിടെ ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യവകുപ്പധികൃര്‍ റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. ഓടയില്‍ നിന്നുള്ള മലിനജലം ഒഴുകിയെത്തുന്നത് മണിമലയാറ്റിലേക്കാണ്. കോസ്‌വേ പാലത്തിന് സമീപത്ത് ചെന്നുചേരുന്ന ഓടയ്ക്ക് 500 മീറ്റര്‍ മാറിയാണ് വാട്ടര്‍ അതോറിട്ടിയുടെ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്. സെപ്ടിക് ടാങ്കുകളില്‍ നിന്നുള്ള മലിന ജലം അതേപടി ജലവിതരണ പൈപ്പുകള്‍ വഴി വീടുകളില്‍ എത്തുകയും ചെയ്യും. മുന്‍പ് പല തവണയും കംഫര്‍ട്ട് സ്റ്റേഷന്‍ നടത്തിപ്പുകാര്‍ ഇത്തരത്തില്‍ ടാങ്ക് തുറന്ന് വിട്ടത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ജനങ്ങള്‍ക്ക് ദോഷമാകുന്ന തരത്തില്‍ മാലിന്യ പ്രശനങ്ങള്‍ക്ക് അറുതി വരുത്തിയ ശേഷമേ കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാവൂ എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.