ബസ് സര്‍വ്വീസ് വേണമെന്നാവശ്യം

Friday 27 May 2016 8:56 pm IST

കിടങ്ങൂര്‍: ഉഴവൂര്‍ - കിടങ്ങൂര്‍ - അയര്‍കുന്നം റൂട്ടിലാണ് ബസ് സര്‍വീസ് ആരംഭിക്കാന്‍ നടപടിയെടുക്കണമെന്നാശ്യമുയരുന്നത്. നിലവില്‍ ഈറൂട്ടില്‍ ബസ് സര്‍വീസുകളൊന്നുമില്ല. ഒന്നര വര്‍ഷം മുന്‍പ് ഒരു കെഎസ്ആര്‍ടിസി ബസ് ഇതുവഴി സര്‍വീസ് നടത്തിയിരുന്നുവെങ്കിലും പിന്നീട് നിന്നുപോവുകയായിരുന്നു. ഉഴവൂര്‍ കോളജ്, സ്‌കൂള്‍, ജോയിന്റ് ആര്‍ടിഓഫീസ് എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ഥികളടക്കം ധാരാളം ആളുകള്‍ ഇവിടെ നിന്ന് ദിവസവും ഉഴവൂരിലേക്ക് പോകാറുണ്ട്. എന്നാല്‍ യാത്രാ സൗകര്യങ്ങളിലെ അസൗകര്യം വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. പാലാ, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും ബസിറങ്ങി അവിടെ നിന്ന് അടുത്ത ബസ് പിടിച്ചാണ് സാധാരണക്കാര്‍ ഉഴവൂരിലെത്തിച്ചേരുന്നത്. ഇതിനാല്‍ വൈകുന്നേരം കോളജില്‍ പോയി മടങ്ങുന്ന പെണ്‍കുട്ടികളടക്കമുള്ളവര്‍ ഏറെ വൈകിയാണ വീട്ടിലെത്താന്‍ കഴിയുന്നത്. വേഗമെത്താന്‍ ആഗ്രഹിക്കുന്നവരും പണമുള്ളവരും കാര്‍, ഓട്ടോ എന്നിവയെ ആശ്രയിക്കും. യാത്രാ ദുരിതം ചൂണ്ടിക്കാട്ടി എംഎല്‍എയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് രണ്ടു ദിവസം കെഎസ്ആര്‍ടിസി ബസ് കിടങ്ങൂരില്‍ നിന്ന് ഉഴവൂരിലേക്ക് സര്‍വീസ് നടത്തിയിരുന്നു. കെഎസ്ആര്‍ടിസി സര്‍വീസിന് തയാറല്ലെങ്കില്‍ സ്വകാര്യ ബസ് സര്‍വീസെങ്കിലും ആരംഭിക്കാന്‍ കഴിയുമോ എന്ന് തിരക്കി നാട്ടുകാര്‍ ഒരു സ്വകാര്യ ബസ് ഉടമയെ സമീപിച്ചിരുന്നു. അധികൃതരുടെ അനുമതി ലഭിക്കുകയാണെങ്കില്‍ സര്‍വീസ് നടത്താന്‍ ഉടമ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കടപ്ലാമറ്റം, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ കത്തും. സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്നുള്ള നൂറുകണക്കിനാളുകളുടെ ഭീമഹര്‍ജിയുമായി ആര്‍ടിഒ, ജില്ലാ കലക്്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. എന്നാല്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഏതെങ്കിലും ഒരു ബസ് കിടങ്ങൂരില്‍ നിന്ന് ഉഴവൂരിലേക്ക് സര്‍വീസ് നടത്താന്‍ അധികൃതര്‍ അടിയന്തിര നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.