മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോഷണ പരമ്പര

Friday 27 May 2016 9:09 pm IST

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മോഷണ പരമ്പര. 12 മൊബൈല്‍ ഫോണുകളും 20,000ത്തോളം രൂപയുമാണ് രോഗികളില്‍ നിന്നും കൂട്ടിരിപ്പുകാരില്‍ നിന്നും കഴിഞ്ഞദിവസം പുലര്‍ച്ചെ കവര്‍ന്നത്. 12-ാം വാര്‍ഡില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്ന രോഗികളുടെ മൊബൈല്‍ ഫോണുകളും പണവും കൂടാതെ കൂട്ടിരിപ്പുകാരുടെ സാധനങ്ങളുമാണ് മോഷണം പോയത്. വാഹനാപകടത്തെത്തുടര്‍ന്ന കാലിന് ശസ്ത്രക്രിയ നടത്തുന്നതിനു മുന്നോടിയായി അസ്ഥി വിഭാഗം വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മാരാരിക്കുളം സ്വദേശിയുടെ 12,000 രൂപയും മൊബൈല്‍ ഫോണും ബാഗോടെ മോഷ്ടാക്കള്‍ കവര്‍ന്നു. ഓപ്പറേഷനുമായി ബന്ധപ്പെട്ട് സ്വരൂപിച്ചിരുന്ന പണമാണ് കവര്‍ച്ചക്കാര്‍ കൊണ്ടുപോയത്. രോഗിക്ക് കൂട്ടിരിക്കാനെത്തിയ മധ്യവയസ്‌ക്കന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 4,500 രൂപയും മൊബൈലും മോഷണം പോയതില്‍പെടുന്നു. സംഭവം സംബന്ധിച്ച് രോഗികള്‍ ആശുപത്രി അധികൃതരെ വിവരമറിയിച്ചപ്പോള്‍ പുന്നപ്ര പോലീസില്‍ പരാതി നല്കാനുള്ള ഉപദേശമാണ് ലഭിച്ചത്. ആശുപത്രിയിലേക്ക് പ്രവേശിക്കണമെങ്കില്‍ സെക്യുരിറ്റി ജീവനക്കാരുടെ പരിശോധന കൂടാതെ സാധ്യമല്ലാത്ത ഇടത്താണ് വ്യാപക മോഷണം അരങ്ങേറിയത്. അത്യാസന്ന നിലയിലുള്ള രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന വാര്‍ഡുകളിലടക്കം നടന്നിരിക്കുന്ന മോഷണം ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്നവരെയും കൂട്ടിരിപ്പുകാരെയും ഒരുപോലെ ഭയാശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അതേസമയം ആശുപത്രി അധികൃതരാകട്ടെ ഇത്തരം വിഷയങ്ങളില്‍ നിസംഗ സമീപനമാണ് സ്വീകരിക്കുന്നത്. പലയിടത്തും ചുറ്റുമതിലില്ലാത്ത വിശാലമായ ആശുപത്രി കോമ്പൗണ്ടില്‍ സാമൂഹ്യവിരുദ്ധരുടെയും മോഷ്ടാക്കളുടെയും ആധിപത്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.