വിദ്യാലയങ്ങള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; ജില്ലയില്‍ പാഠപുസ്തക വിതരണം പാതിവഴിയില്‍

Friday 27 May 2016 10:37 pm IST

തളിപ്പറമ്പ്: പുതുവിദ്യാഭ്യാസ വര്‍ഷം പടിവാതുക്കല്‍ എത്തിനില്‍ക്കുമ്പോള്‍ പാഠപുസ്തക വിതരണം ജില്ലയില്‍ പാതിവഴിയില്‍. കഴിഞ്ഞ വര്‍ഷം പാഠപുസ്തക വിതരണത്തിലുണ്ടായ വന്‍ പ്രശ്‌നങ്ങള്‍ അധികൃതര്‍ കാര്യമായി പരിഗണിച്ച് ഈ വര്‍ഷം എല്ലാം ശരിയാക്കും എന്നാണ് കരുതിയിരുന്നത്. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് മൂദ്രാവാക്യം പോലെ എല്ലാം ശരിയാകും എന്നത് പതിവ് തെരഞ്ഞെടുപ്പ് വാഗ്ദാനം പോലെയാകുന്ന മട്ടാണ്. പാഠപുസ്തകത്തിന്റെ ആദ്യ വിതരണം മാര്‍ച്ച് ആദ്യവാരം ആരംഭിച്ചിരുന്നു. ഏപ്രില്‍ മാസത്തില്‍ വിതരണം പൂര്‍ത്തിയാക്കും എന്ന് പ്രസ്താവനയും ഉണ്ടായി. മെയ് മാസം തീരാറായിട്ടും എല്ലാ ക്ലാസ്സിലേയും പാഠപുസ്തകം ആവശ്യത്തിന് എത്തിയിട്ടില്ല. ഒന്നാം ക്ലാസ്സില്‍ വേണ്ട അഞ്ചോളം പുസ്തകങ്ങളില്‍ ഒരെണ്ണം മാത്രമാണ് ലഭിച്ചത്. രണ്ടാം ക്ലാസ്സിലെ ഏഴ് പാഠപുസ്തകങ്ങളില്‍ ലഭിച്ചത് രണ്ടെണ്ണം മാത്രം. അഞ്ച് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലെ നിരവധി പാഠപുസ്തകങ്ങളും ഇനിയും ലഭിക്കാനുണ്ട്. ഒന്ന് മൂതല്‍ പത്തുവരെ ക്ലാസ്സുകളില്‍ നൂറ്റിപ്പത്തോളം ഇനം പാഠപുസ്തകങ്ങള്‍ ലഭിക്കേണ്ടതാണ്. ഈ വര്‍ഷം പാഠപുസ്തകങ്ങള്‍ മാറിയത്. ഒന്‍പത്, പത്ത് ക്ലാസ്സുകളിലേത് മാത്രമാണ്. എന്നിട്ടും പാഠപുസ്തകങ്ങള്‍ കൃത്യസമയത്ത് എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനം അലംഭാവം കാണിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത ആദ്യഗഡു പാഠപുസ്തകങ്ങള്‍ ബാക്കി വന്നത് ഇപ്പോഴും ചില വിദ്യാഭ്യാസ ജില്ല ഓഫീസുകളിലും, ഉപജില്ല വിദ്യാഭ്യാസ ഓഫീസുകളിലും കെട്ടിക്കിടക്കുകയാണ്. അവ ജില്ലാ ആസ്ഥാനത്തുള്ള ഹബ്ബില്‍ എത്തിക്കാനോ പുനര്‍ വിതരണം നടത്താനോ അധികൃതര്‍ തീരെ താല്‍പര്യം കാണിക്കുന്നില്ല. വിദ്യാഭ്യാസ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന പാഠപുസ്തകങ്ങള്‍ ആവശ്യമുള്ള സ്‌ക്കൂളുകള്‍ക്ക് വിതരണം ചെയ്താല്‍ പ്രയാസപ്പെടുക സ്‌ക്കൂള്‍ സഹകരണസംഘം സെക്രട്ടറിമാരാണ്. ജില്ലാ ഹബ്ബ് അറിയാതെ പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് നല്കിയാല്‍ പിന്നീട് അവര്‍ ആവശ്യപ്പെട്ട പ്രകാരം പാഠപുസ്തകങ്ങള്‍ ഹബ്ബില്‍ നിന്നും സ്‌ക്കൂള്‍ സഹകരണ സംഘങ്ങളില്‍ എത്തിക്കും. വിദ്യാലയങ്ങള്‍ക്ക് ആവശ്യമില്ലാതെ വരുമ്പോള്‍ അത് സൊസൈറ്റിയില്‍ ബാക്കിയാകും. സൊസൈറ്റികളില്‍ ബാക്കു വരുന്ന പാഠപുസ്തകങ്ങള്‍ തിരികെ എടുക്കാന്‍ വ്യക്തമായ സംവിധാനം ഇല്ലാത്തതിനാല്‍ സംഘം സെക്രട്ടറിമാര്‍ ഈ സ്റ്റോക്കുകൊണ്ട് ബുദ്ധിമുട്ടും. പാഠപുസ്തകം സൗജന്യമായി വിതരണം ആരംഭിച്ച സമയത്ത് ജില്ലാ ടെക്സ്റ്റ് ബുക്ക് ഡിപ്പോ മുഖേനയാണ് ലഭ്യമാക്കിയിരുന്നത്. സഹകരണ സംഘം സെക്രട്ടറിമാര്‍ക്ക് അല്‍പം പണി കൂടുമായിരുന്നുവെങ്കിലും വിതരണം സുഗമമായിരുന്നു. അതേ സംവിധാനം ഏര്‍പ്പെടുത്തുകയും സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയിരുന്ന കൈകാര്യച്ചെലവ് കൃത്യമായി നല്കുകയും ചെയ്യണമെന്ന ആവശ്യം ചെവിക്കൊള്ളാന്‍ അധികൃതര്‍ ഇന്നേവരെ തയ്യാറായിട്ടില്ല. പാഠപുസ്തക വിതരണത്തിലെ പ്രശ്‌നങ്ങള്‍ മാത്രം ബാക്കി നല്‍ക്കുകയും ചെയ്യുന്നു. 2010നുശേഷം സ്‌ക്കൂള്‍ സഹകരണ സംഘങ്ങള്‍ക്ക് ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ പാഠപുസ്തകത്തിന്റെ 5 ശതമാനം ചെലവിനായി നല്കുമ്പോള്‍ വന്‍തോതില്‍ കൈകാര്യം ചെയ്യേണ്ടിവരുന്ന ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ക്ക് ഒരു ചില്ലിക്കാശുപോലും സ്‌ക്കൂള്‍ സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്നില്ല. ജോലി ചെയ്യുന്നവരെ സഹായിക്കാതെ പണിയെടുപ്പിച്ച് വിനോദിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.