ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് ഇന്ത്യാഗേറ്റില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, മറ്റു കേന്ദ്രമന്ത്രിമാര്‍, സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരെല്ലാം ആഘോഷ പരിപാടികളില്‍ പങ്കെടുക്കും. പുഞ്ചിരിക്കൂ എന്ന പേരിട്ടിരിക്കുന്ന പരിപാടിയില്‍ അമിതാഭ് ബച്ചന് അവതരണം നിര്‍വഹിക്കും.
ഇന്ത്യാഗേറ്റിലെ പരിപാടി ദൂരദര്ശന് തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതികളായ സ്വച്ഛ് ഭാരത് അഭിയാന്, ഡിജിറ്റല്‍ ഇന്ത്യ, ഗ്രാമീണ വൈദ്യുതീകരണം എന്നിവയുടെ നേട്ടങ്ങള്‍ പരിപാടിയില്‍ അവതരിപ്പിക്കും. രാജ്യത്തെ മറ്റു നഗരങ്ങളിലും സമാന പരിപാടികള്‍ നടക്കും.
കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍, രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് തുടങ്ങിയ മന്ത്രിമാരുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യവാര്ഷികാഘോഷത്തില് ‘ഒന്നാം വര്‍ഷം, ഒട്ടേറെ തുടക്കങ്ങള്‍’ എന്നതായിരുന്നു മുദ്രാവാക്യമെങ്കില്‍ പുഞ്ചിരിക്കൂ എന്നതാണ് ഇത്തവണത്തെ ആഹ്വാനം. പരിപാടിയിലേക്കായി വിവിധ മന്ത്രാലയങ്ങളോട് ഭരണനേട്ടങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ഇന്നത്തെ പരിപാടിയില്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
രാജ്യത്തെ 200 പ്രധാന നഗരങ്ങളില്‍ മെയ് 26 മുതല്‍ ജൂണ്‍ 10 വരെ കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഷഹരണ്‍പൂര്‍, ഷില്ലോങ് എന്നിവിടങ്ങളില്‍ നടന്ന പരിപാടികളില്‍ പങ്കെടുത്തുകഴിഞ്ഞു. ഇനി ഒറീസയിലും കര്‍ണ്ണാടകയിലുമാണ് പ്രധാനമന്ത്രിയുടെ മഹാറാലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: