കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

Friday 27 May 2016 10:58 pm IST

കണ്ണൂര്‍: പുതിയതെരു ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ അച്ഛനും മകളുമുള്‍പ്പടെ മൂന്നുപേര്‍ മരണപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ കണ്ണൂര്‍ പുതിയതെരുവിലാണ് അപകടം. തിരുവല്ല സ്വദേശികളായ രാജസ്ഥാനിലെ ഉദയ്പൂര്‍ ഭുവനിയില്‍ താമസക്കാരായ ആല്‍ഫ്രഡ് എല്‍ബിന്‍ (41), അരിസ്റ്റോ വില്ലയില്‍ പരേതനായ ടി.ഡി. ജോണിയുടെ മകന്‍ ജോസ് .സി. ജോ (48), മകള്‍ കാതറിന്‍ (5) എന്നിവരാണ് മരിച്ചത്. ജോയുടെ ഭാര്യ തിരുവല്ല സ്വദേശിനി പ്രിയ ജോ (35), മറ്റൊരു മകള്‍ ക്രിസ്റ്റിന(10) എന്നിവരെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആല്‍ഫ്രഡും ജോസ്.സി. ജോയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കാതറിന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണപ്പെട്ടത്. ജോയുടെ സുഹൃത്താണ് വാഹനമോടിച്ച ആല്‍ഫ്രഡ്. രാജസ്ഥാനില്‍ നിന്ന് സ്വദേശമായ തിരുവല്ലയിലേക്ക് പോവുകയായിരുന്നു ഇവര്‍. ഉദയ്പൂരില്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നഴ്‌സാണ് പരിക്കേറ്റ പ്രിയ. ജോയുടെ ഫോണില്‍ നിന്ന് ലഭിച്ച നമ്പറില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് വയനാട്ടിലുള്ള ഫാ.ജോര്‍ജ് ചാമക്കാല സ്ഥലത്തെത്തി. ഉദയ് പൂരില്‍ വികാരിയായി പ്രവര്‍ത്തിച്ച ചാമക്കാല ജോയുടെ കുടുംബ സുഹൃത്താണ്. തിരുവനന്തപുരത്ത് നിന്ന് ഗ്വാളിയോറിലേക്ക് പോകുന്ന ലോറിയും കാറും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ജോയുടെ ബന്ധുക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ലോറിയുടെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ തിരുവല്ല സ്വദേശിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.