ആശ്വാസം ശ്രീശങ്കര്‍; ഇന്നലെയും ഒരു സ്വര്‍ണം മാത്രം, രണ്ടാമത് തുടരുന്നു

Friday 27 May 2016 11:22 pm IST


ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ റെക്കോഡോടെ സ്വര്‍ണം നേടുന്ന കേരളത്തിന്റെ എം. ശ്രീശങ്കര്‍

തേഞ്ഞിപ്പലം (മലപ്പുറം): ദേശീയ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനവും കേരളത്തിന് ആശ്വസിക്കാന്‍ ഏറെയൊന്നുമില്ല. ഒരു സ്വര്‍ണവും മൂന്ന് വെങ്കലവും മാത്രം ഇന്നലത്തെ സമ്പാദ്യം. ഏറെ പ്രതീക്ഷയോടെയിറങ്ങിയ കേരള താരങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലെ ട്രാക്ക് സമ്മാനിച്ചത് കനത്ത തിരിച്ചടി.

രാവിലത്തെ നടത്തം മുതല്‍തിരിച്ചടി നേരിട്ടു. ജമ്പിങ് പിറ്റില്‍ നിന്ന് ഏക സ്വര്‍ണം. അതും ആണ്‍കുട്ടികളുടെ സംഭാവന, ഒപ്പം റെക്കോഡിന്റെ തിളക്കവും. 7.49 മീറ്റര്‍ ചാടി എം. ശ്രീശങ്കറാണ് പൊന്നണിഞ്ഞത്. പെണ്‍കുട്ടികളുടെ ഹൈജമ്പിലാണ് കേരളത്തിന് മറ്റൊരു മെഡല്‍. 1.58 മീറ്റര്‍ ചാടി റുബീന. കെ വെങ്കലം നേടി. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അഞ്ജലി തോമസും 1,500 മീറ്ററില്‍ അനഘ ടോമും വെങ്കലം നേടിയത് ട്രാക്കിലെ നേട്ടം.

രണ്ടാം ദിവസത്തെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് ഒന്നാമത് തുടരുന്നു, 60 പോയിന്റ്. രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് 57 പോയിന്റും മൂന്നാമതുള്ള ഹരിയാനയ്ക്ക് 51 പോയിന്റുമാണുള്ളത്.

പോള്‍വോള്‍ട്ടില്‍ ധീരേന്ദ്ര കുമാറിന് ദേശീയ റെക്കോഡ്

ഇന്നലെയും ഒരു ദേശീയ റെക്കോഡും രണ്ട് മീറ്റ് റെക്കോഡുമാണ് പിറന്നത്. ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ഗുജറാത്തിന്റെ ധീരേന്ദ്ര കുമാറാണ് ദേശീയ റെക്കോഡ് തിരുത്തിയത്, 4.72 മീറ്റര്‍. 2010-ല്‍ ഉത്തര്‍പ്രദേശിന്റെ പി. കുമാര്‍ പട്ടേല്‍ സ്ഥാപിച്ച 4.70 മീറ്റര്‍ ധീരേന്ദ്ര മറികടന്നു. 2011-ല്‍ ഹരിയാനയുടെ കുന്ദന്‍ സ്ഥാപിച്ച 4.41 മീറ്ററിന്റെ മീറ്റ് റെക്കോഡും ധീരേന്ദ്രയുടെ മിന്നുന്ന പ്രകടനത്തിനു മുന്നില്‍ വഴിമാറി. പൂനെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അലഹബാദ് സ്വദേശിയായ ധീരേന്ദ്ര കുമാര്‍. ഈയിനത്തില്‍ ദല്‍ഹിയുടെ മനീഷ് സിങ് (4.40 മീറ്റര്‍) വെള്ളിയും, ഹരിയാനയുടെ കൃഷന്‍ (4.30 മീറ്റര്‍) വെങ്കലവും നേടി. കേരള താരം എസ്. അശ്വിന്‍ നാല് മീറ്റര്‍ ചാടി ഏഴാമത്.

അയേഷക്ക് മീറ്റ് റെക്കോഡ്

പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ഉത്തര്‍പ്രദേശിന്റെ അയേഷ പട്ടേല്‍ 52.71 മീറ്റര്‍ എറിഞ്ഞാണ് പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷം ഹരിയാനയുടെ പൂനം ജക്കര്‍ സ്ഥാപിച്ച 52.19 മീറ്റര്‍ വഴിമാറി. 47.45 മീറ്റര്‍ എറിഞ്ഞ് ബീഹാറിന്റെ രാധന യാദവ് വെള്ളിയും 45.89 മീ. എറിഞ്ഞ് മഹാരാഷ്ട്രയുടെ സ്‌നേഹ സൂര്യകാന്ത് യാദവ് വെങ്കലവും നേടി. കേരളത്തിന്റെ ദീപ ജോഷി, ശരണ്യ, പ്രഭിത എന്നിവര്‍ ഏഴ്, 10, 11 സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ട്രാക്കില്‍ പച്ചതൊട്ടില്ല

ഇന്നലെ ട്രാക്കില്‍ കനത്ത തിരിച്ചടി. ആദ്യ ഇനമായ ആണ്‍കുട്ടികളുടെ 10 കി.മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണവും വെള്ളിയും ഹരിയാനക്ക്. 47:01.88 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് നവീന്‍ സ്വര്‍ണവും 47:54.21 സെക്കന്‍ഡില്‍ വിജയ് വെള്ളിയും നേടിയപ്പോള്‍ വെങ്കലം ദല്‍ഹിയുടെ സച്ചിന്. കേരളത്തിനായി ഏറെ പ്രതീക്ഷയോടെ നടക്കാനിറങ്ങിയ സി.ടി. നീതീഷ് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 26:20.73 ബീഹാറിന്റെ ബന്ദന പട്ടേല്‍ സ്വര്‍ണവും പഞ്ചാബിന്റെ മഞ്ജു റാണി വെള്ളിയും (26:21.22 സെ.) ഹരിയാനയുടെ പുഷ്പ (27:25.29 സെ) വെങ്കലവും നേടി. മലയാളിതാരങ്ങളായ സിജിന വര്‍ഗീസ്, ഐശ്വര്യ. ആര്‍., അഞ്ജലി ഷാബു എന്നിവര്‍ ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു.

ഹര്‍ഡില്‍സില്‍ വെങ്കലം മാത്രം

ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹര്‍ഡില്‍സില്‍ കേരളത്തിന്റെ ആകെ നേട്ടം ഒരു വെങ്കലം മാത്രം. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 15.39 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് അഞ്ജലി തോമസാണ് വെങ്കലം നേടിയത്.

ഹൈജമ്പിലും തിരിച്ചടി

പെണ്‍കുട്ടികളുടെ ഹൈജമ്പിലും കേരളത്തിന് തിരിച്ചടി. വെങ്കലം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 1.58 മീറ്റര്‍ ചാടി റുബീന. കെ.എയാണ് മാനം കാത്തത്. പശ്ചിമ ബംഗാളിന്റെ രാജശ്രീദാസ് 1.61 മീറ്റര്‍ ചാടി സ്വര്‍ണവും രാജസ്ഥാന്റെ പായല്‍ കന്‍വാര്‍ വെള്ളിയും നേടി.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 1,500 മീറ്ററില്‍ കേരളത്തിന് അഭിമാനിക്കാന്‍ അനഘ ടോമിന്റെ വെങ്കലം മാത്രം.

ട്രാക്കില്‍ ആള്‍മാറാട്ടവും

മീറ്റിന് നാണക്കേടായി ആള്‍ മാറാട്ടവും. ആണ്‍കുട്ടികളുടെ നടത്തത്തിലാണ് ആള്‍മാറാട്ടം നടന്നതായി സംശയിക്കുന്നത്. എന്നാല്‍ ആരാണെന്ന് കണ്ടുപിടിക്കാന്‍ ഒഫീഷ്യല്‍സിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പഞ്ചാബ് ടീമാണ് പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്.

ശ്രീശങ്കര്‍ ചാടിയത് റെക്കോഡിലേക്ക്

ദേശീയ യൂത്ത് മീറ്റിന്റെ രണ്ടാം ദിനം കേരളത്തിന്റെ അഭിമാനം കാത്തുസൂക്ഷിച്ചത് എം. ശ്രീശങ്കര്‍. ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ പുതിയ മീറ്റ് റെക്കോര്‍ഡുമായാണ് ശ്രീശങ്കര്‍ അഭിമാനമായത്. 7.49 മീറ്റര്‍ ചാടിയ ശ്രീശങ്കര്‍ 2009-ല്‍ മധ്യപ്രദേശിന്റെ അങ്കിത് ശര്‍മ്മ സ്ഥാപിച്ച 7.41 മീറ്ററിന്റെ റെക്കോഡ് തിരുത്തിക്കുറിച്ചു. ആദ്യ ശ്രമത്തില്‍ തന്നെ 7.48 ചാടി ശ്രീശങ്കര്‍ റെക്കോഡിട്ടു. രണ്ടാം ശ്രമം ഫൗള്‍. മൂന്നാമത്തെ അവസരത്തില്‍ 7.16ഉം തുടര്‍ന്ന് 7.20ഉം ചാടി.

അഞ്ചാം ശ്രമത്തില്‍ 7.49 മീറ്ററും കടന്ന ശ്രീശങ്കറിന്റെ അവസാന ചാട്ടം ഫൗളായിപ്പോയി.
മഡ്പിറ്റില്‍ നടത്തുന്ന പരിശീലനത്തിന്റെ മികവിലാണ് ഇന്നലെ റെക്കോര്‍ഡ് പ്രകടനത്തോടെ ശ്രീശങ്കര്‍ സ്വര്‍ണം നേടിയത്. പാലക്കാട് കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാര്‍ഥിയായ ശ്രീശങ്കര്‍ കോട്ടമൈതാനത്തും റെയില്‍വേ കോളനി മൈതാനത്തുമാണ് പരിശീലനം നടത്തുന്നത്. സിന്തറ്റിക് ട്രാക്കിലെ പരിശീലനത്തിനായി കോയമ്പത്തൂര്‍ രാജീവ് ഗാന്ധി സ്‌റ്റേഡിയമാണ് ശ്രീശങ്കറിന്റെ ഏകആശ്രയം. അണ്ടര്‍ 14 ഒഴികെ ലോങ് ജമ്പില്‍ ഇതുവരെ അഞ്ചു റെക്കോര്‍ഡുകളും ശ്രീശങ്കറുടെ പേരിലാണ്.

സതേണ്‍ റെയില്‍വേയില്‍ ചീഫ് ടിക്കറ്റ് റിസര്‍വേഷന്‍ ഓഫിസറായ എസ്. മുരളിയുടെയും പാലക്കാട് എഫ്‌സിഐയില്‍ മാനേജരായ കെ.എസ്. ബിജിമോളുടെയും പുത്രനാണ് ശ്രീശങ്കര്‍. മാതാപിതാക്കളാണ് ശ്രീശങ്കറിന്റെ പ്രചോദനവും.

1989-ല്‍ കൊല്‍ക്കത്തയില്‍ നടന്ന സാഫ് ഗെയിംസില്‍ ട്രിപ്പിള്‍ജമ്പില്‍ മുരളി വെള്ളി നേടിയിരുന്നു. 1992-ല്‍ ദല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ കെ.എം. ബീനാമോള്‍ക്ക് പിന്നിലായിപ്പോയ ബിജിമോള്‍ 4-400 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യ ടീമില്‍ അംഗമായിരുന്നു. ശ്രീയുടെ സഹോദരി ശ്രീപാര്‍വതിയും ചേട്ടന്റെ പിന്‍ഗാമിയാവാനുള്ള പരിശ്രമത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.