കോണ്‍ഗ്രസെന്ന പാര്‍ട്ടി ജീവിച്ചിരിപ്പുണ്ടോയെന്ന് സംശയം: കുമ്മനം

Friday 27 May 2016 7:49 pm IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം കോണ്‍ഗ്രസെന്ന പാര്‍ട്ടി ജീവിച്ചിരിപ്പുണ്ടോയെന്ന് ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്തെമ്പാടും സിപിഎം അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് അതിനെതിരെ ചെറുവിരലനക്കുന്നില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് സംശയിക്കുന്ന ജനങ്ങളെ കുറ്റം പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മോദി സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തിന്റെ ഭാഗമായി നടന്ന വികസനോത്സവ സമ്മേളനത്തില്‍ ആധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുകയെന്ന സിദ്ധാന്തമാണ് സിപിഎം നടപ്പാക്കുന്നത്. വീടുകളിലെ കിണറുകളില്‍ ബാര്‍ബര്‍ഷോപ്പില്‍ നിന്ന് ശേഖരിച്ച തലമുടി കൊണ്ടിട്ട് വെള്ളംകുടി മുട്ടിക്കുന്നു. കേരളത്തിലെമ്പാടും അക്രമതാണ്ഡവം ആടുകയാണ് സിപിഎം. എന്നാല്‍ ഇത്രയേറെ അക്രമം നടന്നിട്ടും കോണ്‍ഗ്രസ് ഒരു പ്രതിഷേധവും ഉയര്‍ത്തിയിട്ടില്ല. അവര്‍ കേരള രാഷ്ട്രീയത്തില്‍ നിന്ന് നിഷ്‌കാസിതരായപോലെയാണ് നിലകൊള്ളുന്നത്. ഇത് എന്‍ഡിഎയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ടതിന്റെ ബാക്കിയാണ്. 140 മണ്ഡലങ്ങളിലും വോട്ടുവര്‍ധിപ്പിച്ച ഏക മുന്നണി എന്‍ഡിഎ മാത്രമാണ്. എല്‍ഡിഎഫിനും യുഡിഎഫിനും വോട്ടു കുറയുകയാണ് ചെയ്തത്. എന്‍ഡിഎ കേരളത്തില്‍ ബദല്‍ രാഷ്ട്രീയശക്തിയായി ഉയര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.