ആലുവ: ജയേന്ദ്രസരസ്വതി സ്വാമികള്‍ ഈശ്വരഭക്തിയും ദേശഭക്തിയും വളര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാഞ്ചി കാമകോടി പീഠാധിപതി ജയേന്ദ്രസരസ്വതി ഉദ്ബോധിപ്പിച്ചു. രണ്ട് ദിവസത്തെ കേരളസന്ദര്‍ശനത്തിന് എത്തിയ സ്വാമികള്‍ ഇന്നലെ ആലുവയിലെ ആര്‍എസ്എസ് ജില്ലാ കാര്യാലയമായ കേശവസ്മൃതി സന്ദര്‍ശിച്ചശേഷം അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു. ഡോ. ഹെഡ്ഗേവാര്‍ തുടങ്ങിവെച്ച പ്രസ്ഥാനമായ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം സാംസ്കാരിക വളര്‍ച്ചക്ക് കാരണമായെന്ന് സ്വാമികള്‍ പറഞ്ഞു. ഭാരതത്തിന്റെ പല പ്രദേശങ്ങളിലും വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇത് രാജ്യത്തിന്റെ നാശത്തിന് കാരണമാകും. ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ലോകത്തിന് മാതൃകയാണ്. ഭാരതത്തില്‍ ജനിച്ചതുതന്നെ പുണ്യമാണ്, പുണ്യപ്രവര്‍ത്തനമാണ് സംഘം ചെയ്യുന്നതെന്ന് സ്വാമികള്‍ പറഞ്ഞു. നേരത്തെ കേശവസ്മൃതിമന്ദിരത്തില് എത്തിയ സ്വാമികളെ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പൂര്‍ണകുംഭം നല്കി വരവേറ്റു. ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, ജില്ലാ സംഘചാലക് ഡോ. എസ്. അയ്യപ്പന്‍പിള്ള, ജില്ലാ കാര്യവാഹ് പി. മധു, പ്രസാദ്ബാബു എന്നിവരുടെ നേതൃത്വത്തിലാണ് സ്വാമികളെ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: