പിണറായി വിജയന്‍ മുഖ്യമന്ത്രിയായിഎല്ലാം ശരിയാകുമോ?

Saturday 28 May 2016 8:27 pm IST

മാറിമാറി കേരളം ഭരിക്കുന്ന ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ തമ്മില്‍ പ്രകടമായ വ്യത്യാസം കാണിക്കാറില്ല. എരിതീയില്‍നിന്ന് വറചട്ടിയിലേക്ക് എന്നതായിരുന്നു ജനങ്ങളുടെ അവസ്ഥ. എന്നാല്‍ പിണറായി വിജയന്‍ വ്യത്യസ്തമായ ഒരു ഭരണം കാഴ്ചവെക്കുമെന്ന അവകാശവാദവുമായാണ് അധികാരത്തില്‍ വന്നിരിക്കുന്നത്. മന്ത്രിസഭാ രൂപീകരണം യാതൊരു തര്‍ക്കവുമില്ലാതെ നടന്നു. മാത്രമല്ല, ഘടകകക്ഷികള്‍ എല്ലാം അവസരത്തിനൊത്ത് ഉയര്‍ന്നു. അച്യുതാനന്ദനെ വിവാദങ്ങളൊന്നും കൂടാതെ ആശ്വസിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. 'എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ എല്ലാം ശരിയാകും' എന്ന ധാരണയാണ് ജനങ്ങള്‍ക്ക് ഉണ്ടായത്. എന്നിരുന്നാലും ഈ സാഹചര്യത്തില്‍ അത്രപെട്ടെന്ന് എല്ലാം ശരിയാകുമോ എന്ന ചോദ്യം ഉന്നയിക്കുന്നവരുമുണ്ട്. ഈ സര്‍ക്കാരിന്റെ മുന്നിലെ പ്രശ്‌നങ്ങള്‍ നിരവധിയാണ്. അവയൊക്കെ സര്‍ക്കാരിന്റെ നേതൃത്വം വഹിക്കുന്നവര്‍ എങ്ങനെ നേരിടുമെന്നത് വളരെ പ്രധാനമാണ്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുകളുടെ ചരിത്രം അത്ര സുഖകരമല്ല. ഇഎംഎസിന്റെ രണ്ട് സര്‍ക്കാരുകളും പാതിവഴിയില്‍ വീണു. 1967 ലെ ഇഎംഎസ് സര്‍ക്കാരും 1980 ലെ നായനാര്‍ സര്‍ക്കാരും തകര്‍ന്നത് ഘടകകക്ഷികള്‍ തമ്മിലുള്ള പോരാട്ടംകൊണ്ടാണ്. സിപിഎമ്മിന്റെ വല്ല്യേട്ടന്‍ മനോഭാവം ഘടകകക്ഷികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതെവരുന്നു. പുതിയ സാഹചര്യത്തില്‍ അത്തരം വിവാദങ്ങള്‍ ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കാം. രാജ്യത്ത് ഇടതുപക്ഷംതന്നെ തകര്‍ന്നടിഞ്ഞ നാളിലാണ് കേരളത്തില്‍ വിജയം ഉണ്ടായത്. പശ്ചിമബംഗാളില്‍ ഇനി ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത തരത്തില്‍ ഇടതുപക്ഷം ദുര്‍ബലമായിരിക്കുന്നു. 1987 ലെയും 1996 ലെയും നായനാര്‍ സര്‍ക്കാരുകളുടെ കാലത്ത് മുഖ്യമന്ത്രിക്ക് കാര്യമായ റോള്‍ മന്ത്രിസഭയില്‍ ഉണ്ടായിരുന്നില്ല. എല്ലാം എകെജി സെന്ററിലാണ് തീരുമാനിച്ചിരുന്നത്. 2006 ല്‍ അച്യുതാനന്ദന്‍ അധികാരത്തില്‍ വന്നപ്പോഴും മുഖ്യമന്ത്രി ദുര്‍ബ്ബലനായിരുന്നു. പാര്‍ട്ടിയുടെ സമാന്തര ഭരണമാണ് നടന്നത്. പിണറായി വിജയന്റെ നേട്ടം പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒന്നായിക്കൊണ്ടുപോകാന്‍ കഴിയും എന്നതാണ്. അതുകൊണ്ടുതന്നെ നിര്‍ഭയമായി ഭരണം നടത്താന്‍ കഴിയും. പാര്‍ട്ടിയെയും അണികളെയും നിയന്ത്രിച്ച് ഭരണം നടത്തിക്കൊണ്ടുപോയാല്‍ എല്ലാം ശരിയാകും. ക്രമസമാധാനവും തുല്യനീതിയും സിപിഎം സര്‍ക്കാരുകളുടെ പ്രതിച്ഛായ കെടുത്തുന്നത് നിയമം കയ്യിലെടുക്കുന്ന അണികളാണ്്. പോലീസിനെ നിര്‍വീര്യമാക്കി എതിരാളികളെ തകര്‍ക്കുന്നതിന് ഭരണകൂടത്തെ അവര്‍ തണലാക്കും. 1957 ലെ സര്‍ക്കാരിന്റെ കാലംതൊട്ട് ഈ അവസ്ഥയുണ്ട്. ആദ്യകാലത്ത് കോണ്‍ഗ്രസും സോഷ്യലിസ്റ്റ്പാര്‍ട്ടികളുമായിരുന്നു ഇരകള്‍. എന്നാല്‍ 1980 കഴിഞ്ഞതോടെ ആര്‍എസ്എസ് പ്രവര്‍ത്തകരായി മുഖ്യ എതിരാളി. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന മൂന്ന് കാലഘട്ടങ്ങളിലായി നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മണ്ഡലമായ തലശ്ശേരിയില്‍ മാത്രം 1980 ല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ അന്‍പതിലധികം കൊലകള്‍ നടന്നു. സംഘട്ടനങ്ങളില്‍ ഒരുപക്ഷത്ത് നില്‍ക്കുന്ന സിപിഎമ്മിന് സംരക്ഷണം ലഭിക്കുമ്പോള്‍ എതിര്‍വിഭാഗത്തിന് നീതി ലഭിക്കില്ല. ഒരുവിഭാഗം പ്രതിരോധത്തിനായി നിര്‍ബന്ധിതാമകുന്നത് അതുകൊണ്ടാണ്. 2016 ല്‍ എല്‍ഡിഎഫ് വിജയം പ്രഖ്യാപിച്ചതോടെ വ്യാപകമായ അക്രമമാണ് സിപിഎം അണികള്‍ നടത്തിയത്. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോഡ്, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ നശിപ്പിക്കപ്പെട്ടു. തൃശൂര്‍ ജില്ലയില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ബിജെപി നേതൃത്വത്തിന് സംസ്ഥാന ഗവര്‍ണറെ കണ്ടും രാഷ്ട്രപതിയെ കണ്ടും പരാതി കൊടുക്കേണ്ടിവന്നു. അതുകൊണ്ടുതന്നെ ആഭ്യന്തരവകുപ്പ് കൈവശംവയ്ക്കുന്ന പിണറായി വിജയന് കേരളത്തില്‍ പാര്‍ട്ടി അണികള്‍ അക്രമം നടത്തില്ല എന്ന് ഉറപ്പാക്കാന്‍ കഴിയണം. അക്രമം നടത്തുന്നവരെ മുഖംനോക്കാതെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിയണം. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധിക്കേണ്ടിവരുന്നത് പോലീസ് സിപിഎമ്മിന്റെ പക്ഷം ചേരുന്നതുകൊണ്ടാണ്. ഈ അവസ്ഥ മാറണം. ഇഎംഎസും നായനാരും അച്യുതാനന്ദനും നടപ്പാക്കിയ ക്രമസമാധാനശൈലി കുപ്രസിദ്ധമാണ്. പിണറായി വിജയന്‍ അതില്‍നിന്നും വിഭിന്നമായി നീതിയുടെ പക്ഷത്ത് നില്‍ക്കുമെങ്കില്‍ സമാധാനം കൈവരും. അഴിമതിയില്‍ ഒത്തുതീര്‍പ്പ് പാടില്ല കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന അഴിമതികള്‍, ഭൂമി ഇടപാടുകള്‍, ബാര്‍കോഴയൊക്കെ വെളിച്ചത്തുകൊണ്ടുവരണം. കാര്‍മേഘങ്ങള്‍ക്കിടയില്‍നിന്ന് 'സോളാറി'നെ സംരക്ഷിക്കണം. യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ ഉത്തരവുകള്‍ റദ്ദുചെയ്യണം. ഇടതുപക്ഷം ഉന്നയിച്ച ഓരോ ആരോപണവും തെളിയിക്കാനുള്ള ബാധ്യത പുതിയ സര്‍ക്കാരിനുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് എല്ലാം വിസ്മൃതിയില്‍ ആകാന്‍ പാടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയുടെ നീണ്ട ലിസ്റ്റ് ഇടതുപക്ഷത്തിന്റെ ഫഌക്‌സ്‌ബോര്‍ഡുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. അതു പുറത്തുകൊണ്ടുവന്നാലേ ഇടതു-വലതു മുന്നണി ഒത്തുതീര്‍പ്പുരാഷ്ട്രീയം ഇനി നടക്കില്ല എന്ന് പ്രഖ്യാപിക്കാന്‍ കഴിയൂ. ഭരണവും സമരവും തുടരുമോ? സിപിഎമ്മിന്റെ പ്രഖ്യാപിതശൈലിയാണ് 'ഭരണവും സമരവും.' കേന്ദ്രസര്‍ക്കാരിനെതിരെ സമരം നടത്തി ഭരണം കൊണ്ടുപോകുന്ന നയം സിപിഎം വെടിയുന്നത് 2004 ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പാര്‍ട്ടി പിന്തുണക്കാന്‍ തുടങ്ങിയതിനുശേഷമാണ്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി സര്‍ക്കാരിനോട് നിര്‍ഭാഗ്യകരമായ സമീപനമാണ് ഇടതുപക്ഷം സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാചടങ്ങുപോലും സിപിഎം ബഹിഷ്‌കരിച്ചു. ഇവിടെ എടുത്തുപറയേണ്ടത് പിണറായി വിജയന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ ബിജെപി നേതൃത്വം പങ്കെടുത്തു എന്നതാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍നിന്നും പലതും നേടിയെടുത്തിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം, കഴക്കൂട്ടം-മുക്കോല ദേശീയപാതാ വികസനം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, കെച്ചി തുറമുഖം, ഐഐടി തുടങ്ങിയവക്കൊക്കെ കേന്ദ്രസഹായം ലഭിച്ചു. ബിജെപി സംസ്ഥാനഘടകത്തെകൂടി വിശ്വാസത്തിലെടുത്തുകൊണ്ട് സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയണം. ഇടുങ്ങിയ രാഷ്ട്രീയബോധം വെടിഞ്ഞ് സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് മുന്നേറാന്‍ പിണറായി വിജയന് കഴിയുമോ എന്നതാണ് പ്രശ്‌നം. യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്ര വര്‍ഗ്ഗീയശക്തികളുടെ കടന്നുകയറ്റമായിരുന്നു. ന്യൂനപക്ഷപ്രീണനം 'മതേതര'രാഷ്ട്രീയത്തിന്റെ മുഖമുദ്രയാണ്. പിണറായി വിജയന് ന്യൂനപക്ഷപ്രീണന രാഷ്ട്രീയത്തിനെതിരായ പൊതുബോധം പിന്തുണ നല്‍കിയിട്ടുണ്ട്. ഒപ്പം മുസ്ലിം ന്യൂനപക്ഷം പ്രത്യക്ഷമായി പിന്തുണച്ചതുകൊണ്ടാണ് വന്‍വിജയം നേടാന്‍ കഴിഞ്ഞത്. മലപ്പുറം ജില്ലയില്‍ ഇടതുപക്ഷ വോട്ടിന്റെ നാലുശതമാനം വര്‍ധനവുണ്ടായത് അതുകൊണ്ടാണ്. എന്നിരുന്നാലും വര്‍ഗീയപ്രീണനം ഒഴിവാക്കി പിണറായിഭരണം മുന്നോട്ടുപോകുമെന്നാണ് സാധാരണ ജനം വിശ്വസിക്കുന്നത്. തകര്‍ന്നടിഞ്ഞ വിദ്യാഭ്യാസ മേഖല നിലവാരവും വിശ്വാസ്യതയും തകര്‍ന്ന പൊതുവിദ്യാഭ്യാസമേഖലയെ വീണ്ടെടുക്കാന്‍ ഈ സര്‍ക്കാരിന് കഴിയുമോ എന്നതാണ് മറ്റൊരു പ്രശ്‌നം. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ. ബേബിയാണ് പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്നതിന് നയങ്ങള്‍ സ്വീകരിച്ചത്. മൂല്യനിര്‍ണയം ലളിതമാക്കി വിജയശതമാനം കൂട്ടി. ഇന്ന് സംസ്ഥാനത്തെ 5,135 (45 ശതമാനം) വിദ്യാലയങ്ങള്‍ ആദായകരമല്ല എന്ന ഗണത്തില്‍പ്പെടുത്തിയിരിക്കുകയാണ്. മതിയായ തോതില്‍ കുട്ടികള്‍ ഇല്ല എന്നതാണ് പ്രശ്‌നം. അണ്‍എയിഡഡ് മേഖലയിലേക്ക് കുട്ടികള്‍ ഒഴുകിയെത്തുന്നു എന്നതാണ് കാരണം. ലീഗ് വിദ്യാഭ്യാസമന്ത്രിയായിരുന്ന അബ്ദുറബ്ബിന് 'എട്ടുംപൊട്ടും തിരിയാത്തതുകൊണ്ട്' പ്രശ്‌നങ്ങളെ മനസിലാക്കാന്‍ കഴിഞ്ഞില്ല. ഇന്നാട്ടിലെ സാധാരണക്കാരന്റെ ആശ്രയമായ പൊതുവിദ്യാഭ്യാസമേഖലയെ ശാക്തീകരിച്ച് നിലവാരമുള്ളതാക്കിമാറ്റി സമൂഹത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ പിണറായി മന്ത്രിസഭക്ക് കഴിയുമോ എന്ന് ഏവരും ഉറ്റുനോക്കുകയാണ്. സ്വാശ്രയ വിദ്യാഭ്യാസമേഖലയിലെ കച്ചവടത്തിന് ചില നിയന്ത്രണങ്ങള്‍ വേണം. ഈ രംഗത്ത് തൊഴിലെടുക്കുന്നവര്‍ക്കും മാന്യമായ വേതനം ഉറപ്പാക്കണം. ഖജനാവിനെ തകര്‍ത്തെറിഞ്ഞാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുറത്തുപോയിരിക്കുന്നത്. സംസ്ഥാനത്തെ മൊത്തം കടം ഒരുലക്ഷത്തി അറുപതിനായിരം കോടി കഴിഞ്ഞിരിക്കുന്നു. ധൃതിപിടിച്ച് ശമ്പളപരിഷ്‌കരണം നടപ്പാക്കിയപ്പോള്‍ പ്രശ്‌നം ഗുരുതരമായി. കേരളത്തെ ഇന്ന് വന്‍ ധനക്കമ്മിയുള്ള സംസ്ഥാനങ്ങളുടെ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ചില പ്രത്യേക സാമ്പത്തിക സഹായം കേന്ദ്രത്തില്‍നിന്ന് ലഭിച്ചിട്ടുണ്ട്. വികസന പദ്ധതികള്‍ക്ക് കടപ്പത്രങ്ങള്‍ ഇറക്കി പണം സ്വരൂപിക്കാന്‍ കേന്ദ്ര അനുമതിയുണ്ട്. അത് ഫലപ്രദമായി ഉപയോഗിക്കാവുന്നതേയുള്ളൂ. പൊതു- സ്വകാര്യ പങ്കാളിത്തത്തില്‍ കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കണം. സഹകരണ മേഖലയുടെ സഹായവും തേടണം. ഉല്‍പാദന മേഖലയെ പൂര്‍ണമായും അവഗണിച്ച് സംസ്ഥാനമായതുകൊണ്ടാണ് കേരളം സാമ്പത്തികമായി സ്വാശ്രയമല്ലാതായത്. പിണറായി സര്‍ക്കാരിന്റെ മുന്നില്‍ വന്‍ സാമ്പത്തികപ്രതിസന്ധിയുണ്ട്. അതിനെ തരണംചെയ്യുന്നതിനുള്ള പ്രായോഗിക സമീപനങ്ങളും സാമ്പത്തിക അച്ചടക്കമുള്ള നേതൃത്വവും നല്‍കാന്‍ കഴിയണം. ചെലവ് ചുരുക്കല്‍ ഈ സര്‍ക്കാരിന്റെ മുഖമുദ്രയാവണം. അടച്ച ബാറുകള്‍ തുറക്കരുത് ഇടതുമുന്നണി വിജയിച്ചാല്‍ അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുമെന്ന ധാരണ പരന്നിട്ടുണ്ട്. മദ്യ ഉപഭോഗം കുറക്കുന്നതിന് അതിന്റെ ലഭ്യതയും കുറക്കേണ്ടതുണ്ട്. വെറും ബോധവല്‍ക്കരണംകൊണ്ട് മദ്യവര്‍ജനം ഉണ്ടാകില്ല. സര്‍ക്കാരും പൊതുസമൂഹവും ബുദ്ധിജീവികളും ഇതില്‍ ഒരുപോലെ നിലപാടെടുക്കണം. ഇടതുമുന്നണിക്ക് മദ്യലോബി സാമ്പത്തികസഹായം നല്‍കി എന്ന ആരോപണം ശരിവെക്കപ്പെടാന്‍ പാടില്ല. മദ്യനയത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. എന്തായാലും മദ്യ ഉപഭോഗത്തെ പ്രോത്‌സാഹിപ്പിക്കുന്നതാകരുത് സര്‍ക്കാരിന്റെ നയം. ആരോഗ്യരംഗം സ്വകാര്യമേഖലയില്‍ തഴച്ചുവളരുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പാവപ്പെട്ടവന്റെ ആശ്രയമാണ്. പക്ഷെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ സര്‍ക്കാരിന് നല്‍കാന്‍ കഴിയുന്നില്ല. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജ് എന്ന ആശയം പ്രാവര്‍ത്തികമാക്കണം. വന്‍വ്യവസായമായി മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യമേഖലയിലെ ചൂഷണം അവസാനിപ്പിക്കണം. നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശരിയായ വേതനം ഉറപ്പാക്കേണ്ടതുണ്ട്. സോമാലിയക്ക് തുല്യം കേരളത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ അവസ്ഥ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ ഏറെ വിവാദമുണ്ടാക്കിയവരാണ് ഇടതുപക്ഷവും വലതുപക്ഷവും. അത് ഒരു വെല്ലുവിളിയായി സ്വീകരിച്ച് ആദിവാസിമേഖലയിലെ പ്രശ്‌നങ്ങളെ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ കഴിയണം. വോട്ടുബാങ്ക് അല്ലാത്തതുകൊണ്ടു മാത്രമാണ് ആദിവാസി വിഭാഗങ്ങള്‍ക്ക് നീതിലഭിക്കാതെ പോയത്. കുറഞ്ഞപക്ഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അട്ടപ്പാടി സന്ദര്‍ശിക്കുകയെങ്കിലും വേണം. അവരുടെ ജീവിതനിലവാരം സോമാലിയക്കു തുല്യമല്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത ഇടതുമുന്നണി ഭരണത്തിനുണ്ട്. കേരളമോഡല്‍ വികസനം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തിന് ഗുണകരമായില്ല. ഈ ന്യൂനത നികത്തുന്നതിന് ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകണം. കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ വളര്‍ച്ചയില്ലാതെ സേവന മേഖലകളില്‍ വളര്‍ച്ചയുണ്ടായ ഏക സംസ്ഥാനമാണ് കേരളം. കൃഷിനാശം പരിസ്ഥിതിയെയും നശിപ്പിച്ചിരിക്കുന്നു. നെല്‍വയലുകള്‍ വ്യാപകമായി നികത്തിയതാണ് രൂക്ഷമായ ജലദൗര്‍ലഭ്യത്തിന് കാരണമായത്. സംസ്ഥാനത്തിന് ആവശ്യമായ നെല്ലിന്റെ 25 ശതമാനമെങ്കിലും ഇവിടെ ഉല്‍പാദിപ്പിക്കാന്‍ നടപടിയുണ്ടാവണം. അതുപോെല കേരളത്തിന് അനുയോജ്യമായ വ്യവസായങ്ങള്‍ വരണം. ഐടി, ഫാഷന്‍ ടെക്‌നോളജി തുടങ്ങിയ മേഖലകള്‍ക്ക് ഏറെ സാധ്യതകളുണ്ട്. വിദേശമലയാളികളുടെ സഹകരണത്തില്‍ വ്യവസായ സംരംഭങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. രാജ്യത്തെ ഐടി കയറ്റുമതിയുടെ അഞ്ച് ശതമാനത്തിന് താഴെയാണ് കേരളത്തിന്റെ സംഭാവന. വരുന്ന അഞ്ചുവര്‍ഷംകൊണ്ട് ഇത് എത്ര ശതമാനംവരെ ഉയര്‍ത്താമെന്ന് ലക്ഷ്യമിടണം. വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് കേരളത്തില്‍ തൊഴിലെടുത്ത് ജീവിക്കാനുള്ള അവസരം ഉണ്ടാകണം. മൂലധനസമാഹരണം പോലുള്ള വിഷയങ്ങളില്‍ ഇടതുപക്ഷ നയങ്ങള്‍ സര്‍ക്കാരിന് വിലങ്ങുതടിയാകുമോ എന്നതാണ് പ്രശ്‌നം. ചുരുക്കത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുടെ നടുവിലാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തിരിക്കുന്നത്. അണികള്‍ നിയമം കയ്യിലെടുക്കാതെയിരുന്നാല്‍ പിണറായി വിജയന് ഭരണം സുഗമമായി നടത്താന്‍ കഴിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.