നഗരത്തില്‍ നാളെമുതല്‍ വീണ്ടും ഗതാഗത പരിഷ്‌ക്കാരം

Saturday 28 May 2016 9:07 pm IST

ആലപ്പുഴ: നഗരത്തില്‍ പലതവണ പരീക്ഷിച്ച് പരാജയപ്പെട്ട ഗതാഗത പരിഷ്‌ക്കാരത്തിലേക്ക് പുതിയ അദ്ധ്യായം കൂടി. അധ്യയന വര്‍ഷത്തോടനുബന്ധിച്ച് നഗരത്തിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാനായി നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫിന്റെ അധ്യക്ഷതയില്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി അംഗങ്ങളുടേയും നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടേയും യോഗം 30 മുതലാണു പുതിയ പരിഷ്‌കാരം പ്രഖ്യാപിച്ചിട്ടുള്ളത്. പ്രധാന പരിഷ്‌കാരങ്ങള്‍ പോലീസ് ഔട്ട്‌പോസ്റ്റിന് മുന്‍വശവും പഴയങ്ങാടി ജങ്ഷനിലും ബസ് സ്‌റ്റോപ്പുകള്‍ നിര്‍ത്തലാക്കി പകരം മാതൃഭൂമി ഓഫീസിന് മുന്നിലായിരിക്കും ബസ് സ്‌റ്റോപ്പ്. രാധാ തീയറ്ററിന് പടിഞ്ഞാറുവശമുള്ള ഇടവഴി സ്‌കൂള്‍ സമയങ്ങളില്‍ തെക്കോട്ട് വണ്‍വേയാക്കി. സ്‌കൂളുകള്‍ക്ക് മുന്നിലെ സീബ്രാലൈനുകള്‍ തെളിക്കാന്‍ പി.ഡബ്ല്യുഡിക്ക് നിര്‍ദേശം നല്‍കി. ഭാരവാഹനങ്ങള്‍ (കണ്ടയ്‌നറുകള്‍, ട്രെയ്‌ലറുകള്‍) രാവിലെ എട്ടു മുതല്‍ 10 വരെയും വൈകിട്ട് മൂന്നു മുതല്‍ അഞ്ചുവരെയും നഗരത്തില്‍ പ്രവേശിക്കാതെ കൊമ്മാടിയിലും എസ്ഡി കോളജിന് സമീപവും നിര്‍ത്തിയിടുന്നതിന് ആര്‍റ്റിഒ ബോര്‍ഡിനോട് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. മുല്ലയ്ക്കല്‍ തെരുവില്‍ക്കൂടി നാലുചക്ര വാഹനങ്ങള്‍ക്ക് വടക്കുനിന്നും തെക്കോട്ടുമാത്രമേ സഞ്ചരിക്കാവൂ. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് ഇരുവശത്തേക്കും സഞ്ചരിക്കാം. നഗരത്തില്‍ ഉചിതമായ സ്ഥലങ്ങളില്‍ പാര്‍ക്കിങ്, നോപാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ട്രാഫിക് പോലീസിന് നിര്‍ദേശം നല്‍കി. ചങ്ങനാശേരിക്കു പോകുന്ന ബസുകള്‍ കൈതവന ജങ്ഷനില്‍ നിന്ന് 200 മീറ്റര്‍ കിഴക്കോട്ടുമാറ്റി നിര്‍ത്താനും ചങ്ങാശേരിയില്‍ നിന്ന് വരുന്ന ബസുകള്‍ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നിര്‍ത്താനും കെഎസ്ആര്‍ടിസിക്കു നിര്‍ദേശം നല്‍കി, ശവക്കോട്ടപാലം മുതല്‍ തെക്കോട്ട് സെന്റ് ജോസഫ്‌സ് കോളജിന് മുന്‍വശവും ജനറല്‍ ആശുപത്രിക്ക് സമീപവും പിഡബ്ല്യുഡി കാനകളുടെ സ്ലാബുകള്‍ മാറ്റി പുതിയവ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി. വടക്കുനിന്നു വരുന്ന എല്ലാ ബസുകളും ശവക്കോട്ടപ്പാലം കയറാതെ മട്ടാഞ്ചേരി പാലംവഴി കിഴക്കോട്ടുപോയി വഴിച്ചേരി പാലംവഴി കിഴക്കോട്ട് പോകണം. വടക്കുനിന്നു വരുന്ന ബസുകള്‍ ചെത്തുതൊഴിലാളി ഓഫീസിനു മുന്‍വശവും കിഴക്കുനിന്നു വരുന്ന ബസുകള്‍ ഐശ്വര്യാ ഓഡിറ്റോറിയത്തിനു മുന്നിലും നിര്‍ത്തണം. കല്ലുപാലത്തില്‍ നിന്ന് ചുങ്കത്തേക്കുള്ള വഴിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക് പോലീസിന് നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചു. തെക്കുനിന്ന് വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ജനറല്‍ ആശുപത്രിയുടെ തെക്കുവശത്തു കൂടി കിഴക്കോട്ടുപോയി കല്ലുപാലം കയറി ചുങ്കപ്പാലംവഴി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് പോകണം. ഇവയില്‍ പല പരിഷ്‌ക്കാരങ്ങളും പലതവണ പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്നതാണ് യാഥാര്‍ത്ഥ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.