പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ വലയ്ക്കുന്നു

Saturday 28 May 2016 9:08 pm IST

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം കാറ്റില്‍ പറത്താനുള്ള പിഎസ്‌സി നീക്കത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ഗസറ്റഡ് തസ്തികകള്‍ ഒഴികെയുള്ളവയിലേക്ക് അഭിമുഖം ഒഴിവാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമാണ് സംസ്ഥാനത്തെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കാറ്റില്‍പ്പറത്തുന്നത്. ഇതു കാരണം ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയിലായിരിക്കുകയാണ്. പിഎസ്‌സിയുടെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന നിശ്ചിത പ്രായപരിധികഴിയാറായ പതിനയ്യായിരത്തോളം ഉദ്യോഗാര്‍ത്ഥികളാണ് ദുരിതത്തിലായിരിക്കുന്നത്. 2012-2013 കാലയളവില്‍ കേരള പിഎസ്‌സി തദ്ദേശം സ്ഥാപനങ്ങളിലേക്കും പൊതുമരാമത്ത് വകുപ്പിലേക്കും ഫസ്റ്റ്‌ഗ്രേഡ്, സെക്കന്റ് ഗ്രേഡ്, തേര്‍ഡ് ഗ്രേഡ് സിവില്‍ ഓവര്‍സിയര്‍ തസ്തികളിലേക്ക് വിജ്ഞാപനം നടത്തിയിരുന്നു. ഇതിനായി 2014ല്‍ പരീക്ഷ നടത്തിയിരുന്നുവെങ്കിലും ഉദ്യോഗാര്‍ത്ഥികളുടെ നിവേദനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായി 2015-16ല്‍ സാധ്യതാ പട്ടികയും പ്രസിദ്ധീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനപ്രകാരം മേല്‍ തസ്തികളിലേക്കുള്ള നിയമനത്തിന് അഭിമുഖം വേണ്ടന്നിരിക്കെ പിഎസ്‌സി അഭിമുഖം നടത്തുവാനുള്ള നടപടിയുമായി മുന്നോട്ട് പോകുകയാണ്. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ എഴുതുന്ന എല്‍ഡിസി, ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ റാങ്ക് ലിസ്റ്റ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പ്രസിദ്ധീകരിക്കുന്ന പിഎസ്‌സി ടെക്‌നിക്കല്‍ ഉദ്യോഗാര്‍ത്ഥികളോട് കടുത്ത ക്രൂരതയാണ് കാണിക്കുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്. സിവില്‍ ഓവര്‍സിയര്‍ ഫസ്റ്റ്‌ഗ്രേഡ്, സെക്കന്റ് ഗ്രേഡ്, തസ്തികളിലേക്ക് ഇന്റര്‍വ്യൂ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വണ്‍ടൈം വെരിഫിക്കേഷന്‍ കഴിഞ്ഞ് 8 മാസമായിട്ടും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരേ ഉദ്യോഗാര്‍ത്ഥികള്‍ തന്നെ ഈ മൂന്ന് ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുമുണ്ട്. ഫസ്റ്റ് ഗ്രേഡ്, സെക്കന്റ്‌ഗ്രേഡ്, തേര്‍ഡ് ഗ്രേഡ് എന്നിവ മുന്‍ഗണനാ ക്രമത്തിലാണ് നിയമനം നടത്തുന്നതെങ്കില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായ എല്ലാവര്‍ക്കും ജോലി ലഭിക്കാന്‍ സാധ്യതയുള്ളപ്പോഴാണ് പിഎസ്‌സിയുടെ ഈ കളിയെന്നും ആക്ഷേപമുണ്ട്. സര്‍ക്കാര്‍ ജോലിക്കായി കാലങ്ങളായി കഠിനാധ്വാനം ചെയ്ത് പ്രതീക്ഷയുമായി കാത്തിരിക്കുന്നവരോടാണ് പിഎസ്‌സിയുടെ ഈ ക്രൂരതയെന്നതും ആശങ്കക്ക് ആക്കം കൂട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.