മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതം: മുഖ്യമന്ത്രി

Saturday 28 May 2016 10:37 pm IST

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തിലും സ്വകാര്യ മൂലധന വിഷയത്തിലും കാലങ്ങളായി തുടരുന്ന ഇടത് നയങ്ങളും നിലപാടുകളും ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാറിലെ നിലവിലെ ഡാമിന് ബലക്ഷയമില്ല എന്ന യാഥാര്‍ത്ഥ്യം കേരളം അംഗീകരിക്കണമെന്നും ഡാം പരിശോധിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ നാടിന് കുഴപ്പമുണ്ടാക്കാത്ത സ്വകാര്യ പങ്കാളിത്തം പ്രശ്‌നമല്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല എന്ന വിദഗ്ധ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ നമുക്ക് മുന്നിലുണ്ട്. പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനായി തമിഴ്‌നാടുമായി ചര്‍ച്ച നടത്താന്‍ കേരളം മുന്‍കൈ എടുക്കും. തൊട്ടടുത്തുള്ള സംസ്ഥാനവുമായി ഒരു സംഘര്‍ഷമുണ്ടാക്കേണ്ട കാര്യമില്ല. എന്നാല്‍ ഈ നിലപാടിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള ജലനിരപ്പ് ഉയര്‍ത്താനുള്ള ശ്രമങ്ങളുണ്ടാകരുത്. ഡാമിനാവശ്യം വേണ്ട ബലപ്പെടുത്തലുകള്‍ നടന്നിട്ടുണ്ടെന്നാണ് ഉന്നതാധികാര സമിതി പറയുന്നത്. അതു തള്ളിക്കളയാനാവില്ല. സുപ്രീംകോടതിയെ നിരവധി തവണ സമീപിച്ചിട്ടും ഒരിക്കലും കേരളത്തിന് അനുകൂലമായ വിധികളുണ്ടായിട്ടില്ല എന്ന കാര്യവും ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ കൊച്ചിന്‍, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കിയതെന്നും അവയിലെല്ലാം സംസ്ഥാന സര്‍ക്കാരിന് നിര്‍ണ്ണായക സ്ഥാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയാല്‍ സംസ്ഥാനത്തിന് വളരെയേറെ ഗുണകരമുണ്ടാകുമെന്ന് കേന്ദ്രധനമന്ത്രി അറിയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ജിഎസ്ടി വിഷയത്തില്‍ ചര്‍ച്ച നടത്തി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ നിലപാട് ഉടന്‍ സ്വീകരിക്കും. ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിഷയത്തിലും സംസ്ഥാന സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി ആവശ്യമാണോ അല്ലയോ എന്നതാണ് നമ്മള്‍ ആലോചിക്കേണ്ടത്. കേരളത്തിനൊപ്പം ആരംഭിച്ച ഗുജറാത്തിലെ അടക്കമുള്ള പദ്ധതികള്‍ തുടങ്ങിക്കഴിഞ്ഞു. താന്‍ വൈദ്യുതമന്ത്രിയായിരുന്ന കാലത്താണ് പദ്ധതി ചര്‍ച്ച ആരംഭിച്ചത്. എന്നാല്‍ ഇത്രകാലം കഴിഞ്ഞിട്ടും എങ്ങുമെത്തിയിട്ടില്ല. പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള ത്വരിത നടപടികള്‍ ഉണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.