നെല്ലുവില കുടിശിക 180 കോടി; രണ്ടാം കൃഷി പ്രതിസന്ധിയില്‍

Sunday 29 May 2016 9:04 pm IST

ആലപ്പുഴ: സര്‍ക്കാര്‍ മാറിയിട്ടും നെല്‍കര്‍ഷകരുടെ ദുരിതം തുടരുന്നു. നെല്ലുവിലയ്ക്കായി കര്‍ഷകര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് മൂന്നു മാസമായി. നെല്ലുസംഭരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് പതിവ് അനാസ്ഥ തുടരുകയാണ്, പുഞ്ചകൃഷി ചെയ്ത കര്‍ഷകര്‍ നെല്ലുവില ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കണം. 180 കോടി രൂപയാണ് നെല്ലുവില ഇനത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. തെരഞ്ഞെടുപ്പ് തിരക്കായതാണ് നെല്ലുവില നല്‍കാനുള്ള നടപടിക്രമങ്ങള്‍ വൈകാന്‍ കാരണമെന്നാണ് അധികൃതരുടെ ഭാഷ്യം. കേന്ദ്രസര്‍ക്കാര്‍ കൃത്യമായ വിഹിതം അനുവദിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ കര്‍ഷകദ്രോഹം തുടരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം അനുഭവിക്കുന്നതെന്ന് പുതിയ ധനമന്ത്രി തോമസ് ഐസക്ക് മുന്‍കൂര്‍ ജാമ്യമെടുത്ത സാഹചര്യത്തില്‍ നെല്ലുവില ലഭിക്കാന്‍ ഇനിയും വൈകുമോയെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. ഏറ്റവും കൂടുതല്‍ പണം ലഭിക്കാനുള്ളത് കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയിലെ കര്‍ഷകര്‍ക്കാണ്. 70 കോടിയാണ് കര്‍ഷകര്‍ക്ക് ഇനി ലഭിക്കാനുള്ളത്. പാലക്കാട്ടെ കര്‍ഷകര്‍ക്ക് 18 കോടിയും തൃശ്ശൂരിലെ കര്‍ഷകര്‍ക്ക് 46 കോടിയും ലഭിക്കാനുണ്ട്. കോട്ടയം ജില്ലയിലെ കര്‍ഷകര്‍ക്ക് കുടിശിക 21 കോടിയാണ്. കിലോയ്ക്ക് 21.50 രൂപ പ്രകാരം നെല്ലു സംഭരിക്കുന്നതില്‍ 14.10 രൂപയും കേന്ദ്രസര്‍ക്കാര്‍ വിഹിതമാണ്. ബാക്കി 7.40 രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ നെല്ല് ഏറ്റെടുത്ത കര്‍ഷകരുടെ അക്കൗണ്ടില്‍ കേന്ദ്ര വിഹിതം ലഭിച്ചുകഴിഞ്ഞു. സംസ്ഥാന സര്‍ക്കാരാകട്ടെ ബാക്കിപണം നല്‍കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കേന്ദ്ര വിഹിതമായി ലഭിച്ച പണം മുന്‍ സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതായും ആക്ഷേപമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതെ നെല്ലുവില കുടിശിക വിതരണം ചെയ്യാന്‍ കഴിയില്ലെന്ന നിലപാടാണ് സപ്‌ളൈകോയുടേത്. പുഞ്ചകൃഷിക്ക് സംഭരിക്കുന്ന നെല്ലിന്റെ വില രണ്ടാഴ്ചയ്ക്കകം നല്‍കുമെന്നായിരുന്നു മൂന്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഇതുതന്നെയാണ് ദുരവസ്ഥ. അടുത്ത കൃഷി തുടങ്ങിയാലും കഴിഞ്ഞ കൃഷിക്ക് സംഭരിച്ച നെല്ലുവില ലഭിക്കാറില്ല. മുന്‍കൃഷി സീസണില്‍ സംഭരിച്ച നെല്ലിന്റെ വില പോലും സപ്ലൈകോയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കുടിശികയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നെല്ലുവില പൂര്‍ണമായും ലഭിക്കാന്‍ കര്‍ഷകര്‍ മാസങ്ങള്‍ തന്നെ കാത്തിരിക്കേണ്ടിവരും. നെല്ലുവില ലഭിക്കാന്‍ വൈകുന്നത് രണ്ടാം കൃഷിക്ക് ഒരുങ്ങുന്ന കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നു. പുഞ്ചകൃഷിയിറക്കിയത് തന്നെ പലരും കടം വാങ്ങിയും മറ്റുമാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി കുടിശിക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യമുയരുന്നു. കൂടാതെ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് 2013- 14 സീസണ്‍ മുതലള്ള നഷ്ടപരിഹാരത്തുക ലഭിക്കാനുണ്ട്. കര്‍ഷക സ്‌നേഹം പറഞ്ഞ് അധികാരത്തിലേറിയവര്‍ വാക്കു പാലിക്കാന്‍ തയ്യാറാകണമെന്ന് ആവശ്യമുയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.