ബാണാസുര സാഗര്‍ കാരാപ്പുഴ പദ്ധതികളുടെ ജലം വയനാടിന് പ്രയോജനപ്പെടുത്തണം : ജില്ലാ വികസന സമിതി

Sunday 29 May 2016 9:19 pm IST

കല്‍പ്പറ്റ : കാരാപ്പുഴ, ബാണാസുര സാഗര്‍ പദ്ധതികളിലെ വെള്ളം വയനാട്ടിലെ ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയണമെന്ന് കല്‍പ്പറ്റ എം.എല്‍.എ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ ഈ രണ്ടു പദ്ധതികള്‍ കൊണ്ടും വയനാടിന് ഗുണമില്ലെന്നതാണ് ജനകീയ വികാരം. കാരാപ്പുഴ ടൂറിസം പദ്ധതിയുടെ ആശയം തന്നെ മാറണം. തദ്ദേശീയര്‍ക്ക് പ്രയോജനപ്പെടാവുന്ന രീതിയില്‍ ഫാം ടൂറിസം, ഹെറിറ്റേജ് ടൂറിസം പദ്ധതികള്‍ കാരാപ്പുഴയില്‍ നടപ്പിലാക്കണം. കാരാപ്പുഴയിലെ വെള്ളം ജലസേചനത്തിന് ഉപയോഗിക്കണംഅദ്ദേഹം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് യോഗാധ്യക്ഷനായ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാറിന്റെ നിര്‍ദേശപ്രകാരം കാരാപ്പുഴ പദ്ധതി കുടിവെള്ളം, ജലസേചനം, ടൂറിസം എന്നീ മൂന്ന് കാര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ജൂണ്‍ ഒമ്പതിന് വിപുലമായ യോഗം ചേരാന്‍ യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ ആദിവാസി കുട്ടികളെ മുഴുവന്‍ സ്‌കൂളിലെത്തിക്കാനായി ജില്ലാ പഞ്ചായത്ത്, എസ്.എസ്.എ, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ 'ഗോത്രവിദ്യ' പദ്ധതിയുടെ ഭാഗമായി 'ടൈഡ്' (ടോട്ടല്‍ ഇന്റന്‍സീവ് ഡ്രൈവ് ഓണ്‍ എന്റോള്‍മെന്റ്) എന്ന കൊഴിഞ്ഞുപോക്കിനെ നേരിടാനുള്ള പദ്ധതി ഈ വര്‍ഷം നടപ്പിലാക്കുന്നതായി എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഒ. പ്രമോദ് യോഗത്തില്‍ അറിയിച്ചു. ടൈഡിന്റെ ഭാഗമായി രൂപവത്കരിച്ച വളണ്ടിയര്‍ ഗ്രൂപ്പുകള്‍ മേയ് 30, 31 തീയതികളില്‍ കോളനികള്‍ സന്ദര്‍ശിച്ച് കുട്ടികളെ പ്രവേശനോത്സവത്തിന് ക്ഷണിക്കും. ജൂണ്‍ ഒന്നിന് കുട്ടികള്‍ സ്‌കൂളില്‍ എത്തിയതായി ഉറപ്പുവരുത്താന്‍ തുടര്‍ സന്ദര്‍ശനങ്ങള്‍ നടത്തും. കൊഴിഞ്ഞുപോക്ക് തടയാനുള്ള ഈ പദ്ധതി വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. ആദിവാസി കുട്ടികള്‍ക്ക് ദിവസം ഒരു പിരിയഡ് എങ്കിലും പണിയ, അടിയ ഭാഷയില്‍ ക്ലാസ് നല്‍കാനുള്ള സംവിധാനം ഉണ്ടാക്കുന്നതിലൂടെ അവര്‍ക്ക് സ്‌കൂളിനോടുള്ള ആഭിമുഖ്യം ഉണ്ടാക്കാന്‍ കഴിയുമെന്ന് കല്‍പ്പറ്റ എം.എല്‍.എ പറഞ്ഞു. ഇതിനായി പട്ടിക വര്‍ഗ വിഭാഗത്തിലെ അധ്യാപന പരിശീലനം കഴിഞ്ഞവര്‍ക്ക് ഹോണറേറിയം നല്‍കി സ്‌പെഷല്‍ ടീച്ചറായി ഉപയോഗപ്പെടുത്താന്‍ കഴിയണം. സംസ്‌കൃതം, അറബിക്, ഉറുദു എന്നിവക്ക് സ്‌പെഷല്‍ ടീച്ചര്‍മാര്‍ ഉള്ളതുപോലെ ആദിവാസി കുട്ടികള്‍ക്ക് അവരുടെ ഭാഷയില്‍ എന്തുകൊണ്ട് ക്ലാസ് നല്‍കിക്കൂടാ എന്ന് അദ്ദേഹം ചോദിച്ചു. ആദിവാസി കോളനികളില്‍ കുട്ടികള്‍ക്ക് പഠനത്തിനുള്ള അന്തരീക്ഷം മെച്ചപ്പെടുത്താനായി കോളനികളില്‍ കുട്ടികള്‍ക്ക് മാത്രമായുള്ള പാഠശാലകള്‍ നിര്‍മിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഒന്നാം ക്ലാസ് മുതല്‍ കോളേജ് വരെയുള്ള മുഴുവന്‍ കൊഴിഞ്ഞുപോക്ക് കണ്ടെത്തി അവരെ തിരിച്ചെത്തിക്കുന്നതിനെക്കുറിച്ച് പദ്ധതി തയാറാക്കാന്‍ ജൂണ്‍ എട്ടിന് വിപുലമായ യോഗം ചേരുമെന്ന് കലക്ടര്‍ അറിയിച്ചു. ജൂണ്‍ ഒന്നിന് സ്‌കൂള്‍ ബസിന് പോകാവുന്ന രീതിയില്‍ കല്‍പ്പറ്റ - മേപ്പാടി റോഡ് പണി അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് പി.ഡബ്ല്യു.ഡി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് ജില്ലാ കലക്ടറുംകല്‍പ്പറ്റ എം.എല്‍.എയും കര്‍ശന നിര്‍ദേശം നല്‍കി. റോഡിന്റെ ഗുണനിലവാരം സംബന്ധിച്ച് ഒരു തരത്തിലുള്ള വിട്ടുവീഴചയും പാടില്ലെന്ന് കല്‍പ്പറ്റ എം.എല്‍.എ പറഞ്ഞു. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കീഴുദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് മഴക്കു മുമ്പായി റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച നടപടി സ്വീകരിക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു. യാത്രക്കാര്‍ക്ക് വേണ്ടിയാവണം റോഡുകളെന്ന് ബത്തേരി എം.എല്‍.എ പറഞ്ഞു. റോഡുകളുടെ അറ്റകുറ്റപ്പണി, ഓവുചാല്‍ എന്നിവ എവിടെയാണ് വേണ്ടത് എന്നതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ധാരണ ഉണ്ടാവണം. നിലവില്‍ ജനപ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുന്നിടത്ത് മാത്രം അറ്റകുറ്റപ്പണി നടത്തുന്ന സാഹചരമ്യമാണുള്ളത്. ഇത് മാറണമെന്നും അദ്ദേഹം പറഞ്ഞു.ആദിവാസി ഭവന പദ്ധതികളില്‍ പണി തുടങ്ങി പൂര്‍ത്തിയാവാത്ത നാലായിരത്തോളം വീടുകളുടെ ചോര്‍ന്നൊലിക്കുന്ന അവസ്ഥ യോഗത്തില്‍ കല്‍പ്പറ്റ എം.എല്‍.എ പങ്കുവെച്ചു. ഇവയ്ക്ക് താല്‍ക്കാലിക മേല്‍ക്കൂര അല്ലെങ്കില്‍ ഷീറ്റുകള്‍ ഇടാന്‍ സര്‍ക്കാറിനോട് പ്രത്യേക അനുമതി തേടാന്‍ യോഗം തീരുമാനിച്ചു. ആദിവാസി വീടുകള്‍ കേരളത്തില്‍ എല്ലായിടത്തും ഒരേ രീതിയിലാണ് നിര്‍മിക്കുന്നതെന്ന് കല്‍പ്പറ്റ എം.എല്‍.എ ചൂണ്ടിക്കാട്ടി. ഇതിനു പകരം ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങള്‍ അറിഞ്ഞ് വീടുകള്‍ നിര്‍മിക്കണം. ആദിവാസി വീടുകളുടെ നിര്‍മാണത്തില്‍ ആദിവാസി പങ്കാളിത്തത്തോടെയുള്ള സൊസൈറ്റികളെ ഏല്‍പ്പിക്കണം. സ്വയംസഹായ സംഘങ്ങളെയും കുടുംബശ്രീകളെയും ഈ മേഖലയില്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ട്രൈബല്‍ സൊസൈറ്റികളുടെ അവലോകന യോഗം ജൂണ്‍ മൂന്നിന് ചേരാനും തീരുമാനിച്ചു. ജില്ലാ ആശുപത്രി കെട്ടിടങ്ങള്‍ക്ക് സമീപത്തായുള്ള ഡിവൈ.എസ്.പി (എസ്.എം.എസ്) ഓഫീസിന്റെ സ്ഥലം ജില്ലാ ആശുപത്രിക്ക് കൈമാറാന്‍ യോഗം തീരുമാനിച്ചു. സ്ഥലപരിമിതി മൂലം വികസന പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത ജില്ലാ ആശുപത്രിക്ക് ഇത് ഏറെ ഉപകാരപ്രദമാവും. മാനന്തവാടിയിലെ മരുന്നുസൂക്ഷിപ്പു കേന്ദ്രത്തിന്റെ ശോച്യാവസ്ഥ മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സന്‍ ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായി കൃഷി ചെയ്യാതെ തരിശിടുന്ന പാടശേഖരങ്ങളെക്കുറിച്ച് വിവര ശേഖരണം നടത്തി അറിയിക്കാന്‍ കൃഷി വകുപ്പിനോട് കലക്ടര്‍ ആവശ്യപ്പെട്ടു. ഇത് കൃഷിക്കായി പ്രയോജനപ്പെടുത്തും. ജീരകശാല, ഗന്ധകശാല തുടങ്ങിയ നെല്ലിനങ്ങളുടെ വിപണന സാധ്യത പ്രയോജനപ്പെടുത്തും. കൃഷി ചെയ്യാതെ കിടക്കുന്ന ഭൂമി വന്‍തോതില്‍ വാങ്ങി തുണ്ടം തുണ്ടമാക്കി വില്‍പന നടത്തി പിന്നീട് കരഭൂമിയാക്കി മാറ്റുന്ന പ്രവണതയെ തടയുമെന്നും കലക്ടര്‍ അറിയിച്ചു. അരീക്കോട്‌മൈസൂര്‍ പവര്‍ഗ്രിഡ് കോര്‍പറേഷന്റെ വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്തതിന് ശേഷമുള്ള ശബ്ദമലിനീകരണം സംബന്ധിച്ച് മാനന്തവാടി താലൂക്കിലെ എടയൂര്‍കുന്ന് നിവാസികളില്‍നിന്ന് ലഭിച്ച പരാതി യോഗം ചര്‍ച്ച ചെയ്തു. ഇതുസംബന്ധിച്ച് പവര്‍ഗ്രിഡ് കോര്‍പറേഷന്‍, കെ.എസ്.ഇ.ബി, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിന് എ.ഡി.എമ്മിന് കലക്ടര്‍ നിര്‍ദേശം നല്‍കി. ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനം മുതല്‍ ജൂലൈ മാസം വരെ ജില്ലയില്‍ പത്ത് ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസ് വളപ്പുകളിലും തൈകള്‍ നടും. പൊതുസ്ഥലങ്ങളിലെ മരം മുറിക്കുന്നതിന് അനുമതി നല്‍കുന്ന അപേക്ഷകളില്‍ മുറിക്കുന്ന മരത്തിന് പകരം 10 മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്ന നിലവിലുള്ള നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കാന്‍ സാമൂഹിക വനവത്കരണ വിഭാഗത്തിന് കലക്ടര്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും മഴവെള്ള സംഭരണികള്‍ നിര്‍ബന്ധമാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലാ ടൗണ്‍ പ്ലാനര്‍ കണ്‍വീനറായി സമിതി രൂപവത്കരിച്ച് ജൂണ്‍ രണ്ടാം വാരം മഴവെള്ള സംഭരണത്തെക്കുറിച്ച് ഏകദിന സെമിനാര്‍ നടത്തും. സിവില്‍ സ്‌റ്റേഷനിലെ ആസൂത്രണ ഭവന്‍ കെട്ടിടത്തില്‍ മഴവെള്ള സംഭരണിയും സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ തുറന്ന കിണറും നിര്‍മിക്കും. വൈത്തിരി മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മാണത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. എടയ്ക്കല്‍ ഗുഹയില്‍ മിന്നല്‍ രക്ഷാചാലകം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ വൈകുന്നതായി ബത്തേരി എം.എല്‍.എ പറഞ്ഞു. ഇതില്‍ അടിയന്തിര നടപടിക്ക് കലക്ടര്‍ ഡി.ടി.പി.സിക്ക് നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥരെ അംഗങ്ങളാക്കി വാട്ട്‌സാപ്പ് ഗ്രൂപ്പ് രൂപവത്കരിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാ തല ഉദ്യോഗസ്ഥര്‍ക്ക് വിവിധ പദ്ധതികളെക്കുറിച്ചും മറ്റുമുള്ള അനൗപചാരിക ആശയവിനിമയത്തിന് ഇത് പ്രയോജനപ്പെടുമെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും മാസത്തിലെ അവസാനത്തെ പ്രവൃത്തി ദിവസം ഒരുമണിക്കൂര്‍ ഓഫീസ് ശുചീകരണത്തിനായി ചെലവഴിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന് മേയ് 31ന് തുടക്കമാവും. ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ തല ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. പങ്കെടുക്കാന്‍ സാധിക്കാത്ത ഉദ്യോഗസ്ഥര്‍ ജില്ലാ കലക്ടറുടെ അനുമതി തേടിയിരിക്കണം. വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി, എം.പി, എം.എല്‍.എ വികസന ഫണ്ട് പുരോഗതി, കാരാപ്പുഴ ടൂറിസം പദ്ധതി, ഹാഡ പദ്ധതി, ഓര്‍മമരം പദ്ധതി എന്നിവയുടെ അവലോകനവും യോഗത്തില്‍ നടത്തി. മുന്‍ വയനാട് ജില്ലാ കലക്ടറായിരുന്ന യു.കെ.എസ് ചൗഹാന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.എംഎല്‍എമാരായ സി.കെ. ശശീന്ദ്രന്‍ ,ഐ.സി. ബാലകൃഷ്ണന്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി.കെ. സഹദേവന്‍, സബ് കലക്ടര്‍ ശീറാം സാംബശിവറാവു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, മറ്റു ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.