കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ഈ മാസം തറക്കല്ലിടും

Thursday 9 February 2012 4:52 pm IST

ന്യൂദല്‍ഹി: പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്റ്ററിക്കു ഈ മാസം തറക്കല്ലിടുമെന്ന് കേന്ദ്ര റെയില്‍‌വേ മന്ത്രി ദിനേഷ് ത്രിവേദി പറഞ്ഞു. തര്‍ക്കങ്ങളെല്ലാം പരിഹരിച്ചതായി ദല്‍ഹിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു. ഫാക്റ്ററിക്ക് ആവശ്യമായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയെന്നും മന്ത്രി അറിയിച്ചു. 426 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ആകെ ആവശ്യമുള്ളത്. റെയില്‍വേ കണ്ടെത്തിയതിനു പുറമേ ആവശ്യമുള്ള ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഓഹരിയായി നല്‍കും. 2008-09 ലെ റെയില്‍വേ ബജറ്റിലാണ് പാലക്കാട്ടെ കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറി തുടങ്ങുമെന്ന പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ റയില്‍വേ ബജറ്റ്‌ ചര്‍ച്ചയ്ക്കിടയില്‍ അന്നത്തെ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജിയുടെ പ്രസംഗത്തില്‍ കോച്ച്‌ ഫാക്റ്ററി യാഥാര്‍ത്ഥ്യമാക്കുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും പിന്നീട്‌ നടപടികള്‍ വേണ്ടവണ്ണം ഉണ്ടായിരുന്നില്ല. സംസ്ഥാനത്തെ റെയില്‍‌വേ വൈദ്യുതീകരണം, കൂടുതല്‍ ട്രെയിനുകള്‍, റെയില്‍‌വേ സോണ്‍ എന്നീ കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. കേരളത്തിലെ റെയില്‍വേയുടെ വികസനം സംബന്ധിച്ച്‌ നേരത്തെ നല്‍കിയ ഉറപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ പാലിക്കുമെന്നും കേന്ദ്ര റെയില്‍‌വേ മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.