കേരളത്തെ കരകയറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍

Sunday 29 May 2016 10:00 pm IST

കേന്ദ്രം ഭരിക്കുന്ന കക്ഷിതന്നെ സംസ്ഥാനവും ഭരിച്ചാലേ ഗുണം ലഭിക്കൂ എന്ന സിദ്ധാന്തം കോണ്‍ഗ്രസിന്റേതാണ്. നേതാക്കള്‍ക്കത് പരസ്യമായി പറയാനും മടിയില്ല. പക്ഷേ, കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുന്ന കാലത്ത് കോണ്‍ഗ്രസ് കേരളം ഭരിച്ചേപ്പാഴൊന്നും ഗുണം ലഭിച്ചില്ല. എന്നാല്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തിലുള്ളപ്പോഴാണ് കേരളത്തിന് ഏറെ നേട്ടങ്ങള്‍ ലഭിച്ചത്. വാജ്‌പേയി ഭരണകാലത്ത് ഒരംഗംപോലും പാര്‍ലമെന്റിലേക്ക് ജയിച്ച് പിന്തുണക്കാനില്ലാഞ്ഞിട്ടും ഒട്ടനവധി നേട്ടങ്ങള്‍ കേരളത്തിനുണ്ടായി. മാധ്യപ്രദേശില്‍നിന്നും രാജ്യസഭയിലെത്തി മന്ത്രിയായ ഒ.രാജഗോപാല്‍ സംസ്ഥാനത്തുണ്ടാക്കിയ നേട്ടങ്ങള്‍ മറികടക്കാന്‍ യുപിഎ ഭരണത്തില്‍ എട്ടുമന്ത്രിമാരുണ്ടായിട്ടും കഴിഞ്ഞില്ല. വാജ്‌പേയി ഭരണത്തിന്റെ ചുവടുപിടിച്ചുകൊണ്ട് നരേന്ദ്രമോദി സര്‍ക്കാറും കേരളത്തോട് ഉദാരമായ സമീപനമാണ് സ്വീകരിക്കുന്നത്. രണ്ടുവര്‍ഷത്തെ ഭരണത്തിനിടയില്‍ കേരളത്തിനനുവദിച്ച സഹായങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള ആത്മാര്‍ത്ഥമായ ശ്രമം സംസ്ഥാന ഭരണകൂടം നടത്തിയില്ല. 'എയിംസ്' സ്ഥാപിക്കാനുള്ള കേന്ദ്രസന്നദ്ധത പ്രയോജനപ്പെടുത്താന്‍ കഴിയാത്തത് ഒന്നാന്തരം ഉദാഹരണം. മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നാലുപദ്ധതികളാണ് കേരളത്തിനായി അനുവദിച്ചത്. അതാകട്ടെ കേരളം ഇതുവരെ ആലോചിക്കാത്തതും ആവശ്യപ്പെടാത്തതും. കേരളം കാണാത്തത് കണ്ടറിഞ്ഞ് നല്‍കാന്‍ സന്നദ്ധതയുള്ള സര്‍ക്കാരാണ് കേന്ദ്രത്തില്‍ ഇപ്പോഴുള്ളതെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനും നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്കു തൊഴിലിനും ഉതകുന്ന പദ്ധതികള്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാസവളംവകുപ്പുമന്ത്രി എച്ച്.അനന്തകുമാര്‍ പ്രഖ്യാപിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനിയറിംഗ് ആന്റ് ടെക്‌നോളജി സെന്റര്‍, പ്ലാസ്റ്റിക് പാര്‍ക്ക്, ഫാര്‍മാ പാര്‍ക്ക് എന്നിവയാണത്. അതോടൊപ്പം 200 മെഡിക്കല്‍ സ്റ്റോറുകളും സ്ഥാപിക്കും. വിവിധ പദ്ധതികള്‍ക്കായി ആദ്യഘട്ടത്തില്‍ 1000 കോടി രൂപയും കേന്ദ്രം ലഭ്യമാക്കും. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനിയറിങ് ആന്‍ഡ് ടെക്‌നോളജിയും, പ്ലാസ്റ്റിക് പാര്‍ക്കും, ഫാര്‍മ പാര്‍ക്കും ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമായാല്‍ ഉടനടി നടപടിയെടുക്കും. പ്ലാസ്റ്റിക് പാര്‍ക്കിന് 100 ഏക്കറും ഫാര്‍മ പാര്‍ക്കിന് 200 മുതല്‍ 500 വരെ ഏക്കര്‍ സ്ഥലവുമാണ് വേണ്ടത്. ഐഐടി മാതൃകയിലാണ് സെന്റട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനിയറിങ് ആന്‍ഡ് ടെക്‌നോളജിയാണ് സ്ഥാപിക്കുക. പ്ലാസ്റ്റിക് വ്യവസായവുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പ്ലാസ്റ്റിക് പാര്‍ക്ക്. പ്ലാസ്റ്റിക് വ്യവസായം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. ആരോഗ്യ, കാര്‍ഷിക, വ്യോമയാന മേഖലകളിലടക്കം പഌസ്റ്റിക്കിന്റെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തിലാണിത്. കേരളം വൈദ്യശാസ്ത്ര ഹബ്ബായി വളരുന്ന പശ്ചാത്തലത്തില്‍ ഫാര്‍മ പാര്‍ക്ക് ഈ മേലഖയുടെ വളര്‍ച്ചക്ക് സഹായകമാകും. മരുന്നുകളുടെ ഉദ്പാദനം, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ നിര്‍മ്മാണം എന്നിവയടങ്ങുന്ന വിവിധ സ്ഥാപനങ്ങളാണ് ഫാര്‍മ പാര്‍ക്കില്‍ ഉള്‍പ്പെടുന്നത്. കയറ്റുമതി സാധ്യതകള്‍കൂടി പ്രയോജനപ്പെടുത്തിയാണ് ഫാര്‍മ പാര്‍ക്ക് രൂപകല്‍പ്പന ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തോട് അനുകൂല പ്രതികരണം സംസ്ഥാന സര്‍ക്കാരില്‍ നിന്നുണ്ടായില്ലെന്നത് അത്ഭുതകരമാണ്. അധികാരമേറ്റ ഉടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കാണാന്‍ ദല്‍ഹിയിലെത്തി ചര്‍ച്ചനടത്തിയപ്പോഴും ആശാവഹമായ അന്തരീക്ഷമുണ്ടായതില്‍ അത്ഭുതപ്പെടാനില്ല. ''എല്ലാവര്‍ക്കും വേണ്ടി എല്ലാവരോടും ഒപ്പം'' എന്ന തത്വം ശീലമാക്കിയ മോദി സര്‍ക്കാര്‍ പിണറായി വിജയനോട് മറിച്ചൊരു നിലപാടെക്കുമെന്ന് ചിന്തിക്കുന്നതാണ് അസംബന്ധം. പ്രധാനമന്ത്രി ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്നില്‍വച്ചു. അതിനോടെല്ലാം അനുഭാവപൂര്‍വ്വമായ നിലപാട് തന്നെയണ് മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ചത്. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ സഹകരണാത്മക സമീപനമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ആഗ്രഹപൂര്‍ത്തീകരണത്തിന് മോദി സര്‍ക്കാര്‍ ഒരുക്കമാണെന്ന് വ്യക്തമായത് ശൗചാലങ്ങളുടെ കാര്യം പ്രധാനമന്ത്രി സൂചിപ്പിച്ചപ്പോഴാണ്. സ്വന്തമായി കക്കൂസുകളില്ലാത്ത കേരളത്തിലെ രണ്ടുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പ്രാഥമിക സൗകര്യങ്ങളൊരുക്കുമെന്ന് പിണറായി വിജയന്‍ ഉറപ്പുനല്‍കിയത് ശുഭസൂചകമാണ്. ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി തടസ്സങ്ങള്‍ നീക്കി എത്രയുംവേഗം പൂര്‍ത്തീകരിക്കുമെന്നും ഉറപ്പുനല്‍കിയിരിക്കുന്നു. പൊതുസ്ഥലങ്ങളിലെ മലമൂത്രവിസര്‍ജ്ജന വിഷയവും നൂറുശതമാനം ഡിജിറ്റല്‍വല്‍ക്കരണവും പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചപ്പോള്‍ ഇതുരണ്ടും സമയബന്ധിതമായി പൂര്‍ത്തീകരിക്കാമെന്ന് മുഖ്യമന്ത്രി സമ്മതിക്കുകയായിരുന്നു. പദ്ധതികള്‍ക്കാവശ്യമായ ധനസഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കും. എല്ലാ വീടുകളിലും ഇന്‍ര്‍നെറ്റ് കണക്ഷനുകളെത്തുക, പൊതുസ്ഥലങ്ങളില്‍ വൈഫൈ സംവിധാനം ഒരുക്കുക തുടങ്ങിയ കാര്യങ്ങളും നിര്‍വഹിക്കുമെന്ന് മോദിക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ആയുര്‍വേദത്തിന് പുതുജീവന്‍ നല്‍കുന്ന നിര്‍ദ്ദേശവും പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത് കേരളം കരകയറാന്‍ പോകുന്നു എന്നതിന്റെ വ്യക്തമായ സൂചനമാണ്. കേന്ദ്രം എല്ലാം നല്‍കും. പക്ഷേ അത് പ്രയോജനപ്പെടുത്താനുള്ള താല്‍പര്യമാണ് സംസ്ഥാനത്തുണ്ടാകേണ്ടത്. മത്സരം ഫലപ്രഖ്യാപനത്തോടെ തീര്‍ന്നു. അടുത്ത മത്സരം രാജ്യതാല്‍പര്യവും സംസ്ഥാന വികസനവും പുഷ്ടിപ്പെടുത്താനാകണം. രാഷ്ട്രീയത്തില്‍ ശത്രുക്കളെന്ന് മുദ്രകുത്തി വേട്ടയാടുന്നതിന് പകരം മിത്രങ്ങളായി പൊതുപ്രശ്‌നങ്ങളില്‍ പെരുമാറാനുള്ള അന്തരീക്ഷമുണ്ടാകണം. പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കണ്ടശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടുകള്‍ മുന്‍കാല അനുഭവങ്ങളില്‍ നിന്നും ഭിന്നമാണ്. ഇത് തുടര്‍ന്നാല്‍ കേരളത്തിന് നന്മയാണുണ്ടാവുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.