ഇടുക്കി പനിച്ച് വിറയ്ക്കുന്നു; പകര്‍ച്ചവ്യാധികള്‍ക്ക് തടയിടാനാകാതെ ആരോഗ്യ വകുപ്പ്

Sunday 29 May 2016 11:04 pm IST

ഇടുക്കി: ജില്ല പകര്‍ച്ചവ്യാധികളുടെ പിടിയില്‍. ഇന്നലെ ലഭിച്ച കണക്ക് പ്രകാരം ഈ മാസം 5995 പേരാണ് പനിക്ക് ചികിത്സ തേടി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെത്തിയത്. ഇന്നലെ വരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 84 പേര്‍ക്കാണ്. ഇതില്‍ 44 പേര്‍ക്കും ഈ മാസമാണ് പനി ബാധിച്ചത്. എന്നാല്‍ പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും ജില്ലയിലെ ആരോഗ്യവകുപ്പ് നിഷ്‌ക്രിയമാണെന്ന ആരോപണം ശക്തമാണ്. കടുത്ത വേനലിന് ശേഷം മഴ എത്തിയതാണ് പനിപടരാന്‍ കാരണമെന്നാണ് വിവരം. ഇതോടൊപ്പം വെയിലും മഴയും മാറിമാറി എത്തുന്നതും സാംക്രമിക രോഗങ്ങള്‍ പടരാന്‍ കാരണമായിട്ടുണ്ട്. ആരോഗ്യവകുപ്പ് വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാത്തതാണ് മഴക്കാലമെത്തുന്നതിന് മുമ്പ് ജില്ലയെ പനിക്കിടക്കയില്‍ എത്തിച്ചത്. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമാണ് ഡെങ്കിപ്പനി ഏറ്റവും അധികം പടര്‍ന്ന് പിടിക്കുന്നത്. 4 പേര്‍ക്ക് എലിപ്പനി, 89 പേര്‍ക്ക് ചിക്കന്‍പോക്‌സ്, 14 പേര്‍ക്ക് മഞ്ഞപ്പിത്തം, 2 പേര്‍ക്ക് ടൈഫോയിഡ്, ഒരാള്‍ക്ക് വീതം തക്കാളിപ്പനിയും, ചെള്ളുപനിയുമാണ് ഈ മാസം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം ഈ വര്‍ഷം ഇത് വരെ 28,523 പേരാണ് പനി ബാധിച്ച് ചികിത്സതേടിയത്. ഉപ്പുതറയിലാണ് അടുത്തിടെ ചെള്ളുപനി റിപ്പോര്‍ട്ട് ചെയ്തത്. കടുത്ത ശരീര വേദന, പേശി വേദന, ഛര്‍ദ്ദി, തലചുറ്റല്‍, കഫക്കെട്ട്, ചുമ, തലവേദന തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്നവരാണ് ആശുപത്രികളില്‍ അധികവും. കഞ്ഞിക്കുഴി, കുമാരമംഗലം, അടിമാലി, അറക്കുളം, വണ്ണപ്പുറം എന്നിവിടങ്ങളില്‍ നിരവധിപേര്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്. ആരോഗ്യ വകുപ്പ് നിരവധി ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഇത് ജനങ്ങളിലേക്ക് വേണ്ടരീതിയില്‍ എത്തുന്നില്ല. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സഹകരിച്ച് നിരവധി പ്രവര്‍ത്തനങ്ങള്‍ കൊതുക് നശീകരണത്തിനായി ചെയ്യുന്നുണ്ടെങ്കിലും ഇതും പൂര്‍ണ്ണമായി പ്രയോജനത്തിലെത്തുന്നില്ല. കൊതുകുകള്‍ പെരുകുന്നത് ഒഴിവാക്കാന്‍ ചിരട്ടകള്‍ കമഴ്ത്തിവയ്ക്കണം. വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണം. പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. പനി ബാധിക്കുന്നവര്‍ അടിയന്തരമായി ചികിത്സ തേടണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സാരീതി പിന്തുടരണമെന്നും വിദഗ്ധര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.