ആര്‍എസ്പി നിലനില്‍പ്പിനുള്ള പോരാട്ടത്തില്‍

Monday 30 May 2016 11:10 am IST

കൊല്ലം: തെരഞ്ഞെടുപ്പിലെ അസാധാരണമായ തോല്‍വിയെ തുടര്‍ന്ന് നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് ആര്‍എസ്പി. പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കിന് തടയിടാനായി പാര്‍ട്ടിയുടെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസിന് മേല്‍ കെട്ടിവയ്ക്കാനാണ് നേതാക്കളുടെ ശ്രമം. ഇത് എത്രത്തോളം വിജയിക്കുമെന്ന് ഉറപ്പില്ലെങ്കിലും യുഡിഎഫിനെയും കോണ്‍ഗ്രസിനെയും കുറ്റം പറഞ്ഞ് തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കൂകൂട്ടല്‍. അതിനിടെ എല്‍ഡിഎഫില്‍ ചേക്കേറിയ കോവൂര്‍ കുഞ്ഞുമോന്റെ ചിറകിലേറി ആര്‍എസ്പി ഔദ്യോഗികപക്ഷത്ത് നിന്നും കൊഴിഞ്ഞുപോക്ക് നിര്‍ബാധം തുടരുന്നതായാണ് സൂചന. ഇതിനു തടയിടാനായി കഴിഞ്ഞ ദിവസം ആര്‍എസ്പി മുന്‍ നഗരപിതാവും പാര്‍ട്ടി നേതാവുമായ സി.രാഘവന്‍പിള്ള അനുസ്മരണം സംഘടിപ്പിച്ചിരുന്നു. സംസ്ഥാനസെക്രട്ടറിയും മുന്‍എംഎല്‍എയുമായ എ.എ.അസീസായിരുന്നു അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തത്. പാര്‍ട്ടിയുടെ പ്രതിസന്ധികള്‍ വിശകലനം ചെയ്ത് സംസാരിച്ചെങ്കിലും മുന്നണി മാറുന്നത് ചിന്തയിലില്ലെന്നും യുഡിഎഫില്‍ തന്നെ തുടരുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. 1957ല്‍ സമാനമായ സ്ഥിതി ആര്‍എസ്പിക്ക് സംഭവിച്ചിട്ടുണ്ട്. അതില്‍ നിന്നെല്ലാം കരകയറിയ പാരമ്പര്യമുള്ള പാര്‍ട്ടിയാണിത്. ലാഭം കിട്ടുമ്പോള്‍ രാഷ്ട്രീയസഖ്യത്തെ പുകഴ്ത്തുകയും നഷ്ടം വരുമ്പോള്‍ തള്ളിപ്പറയുകയും ചെയ്യുന്നത് ശരിയല്ലെന്നും അസീസ് ചൂണ്ടിക്കാട്ടി. ഇതിന് സി.രാഘവന്‍പിള്ളയുടെ സ്മരണകള്‍ പ്രചോദനമാണെന്ന് പിന്നീട് സംസാരിച്ച എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി ഫിലിപ് കെ.തോമസ്, ആര്‍.ശ്രീധരന്‍പിള്ള, കെ.സിസിലി, കോവൂര്‍ ഉല്ലാസ്, കുരീപ്പുഴ മോഹനന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അതിനിടെ കോവൂര്‍ കുഞ്ഞുമോന്‍ നേതൃത്വം നല്‍കുന്ന ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിയും രാഘവന്‍പിള്ള അനുസ്മരണം സംഘടിപ്പിച്ചു. യുഡിഎഫില്‍ ചേക്കേറിയ ആര്‍എസ്പിയെ നിശിതമായി വിമര്‍ശിക്കുന്നതിനൊപ്പം പാര്‍ട്ടി നേതാക്കളെ ആക്ഷേപമുനയില്‍ നിര്‍ത്താനും യോഗം വേദിയാക്കി. പാര്‍ട്ടി ആസ്ഥാനത്തിന്റെ മൂക്കിന് കീഴിലായി ആനന്ദവല്ലീശ്വരത്താണ് നൂറുകണക്കിന് പേരെ പങ്കെടുപ്പിച്ച് കൊണ്ട് ആര്‍എസ്പി എല്‍ കൊല്ലം മണ്ഡലം കമ്മിറ്റിയുടെ പേരില്‍ യോഗം സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിവിട്ട ബിജു ലക്ഷ്മികാന്തനായിരുന്നു യോഗത്തിന്റെ ഉദ്ഘാടകന്‍. മുതിര്‍ന്ന നേതാക്കളായ ശ്രീകണ്ഠന്‍നായര്‍, കടവൂര്‍ ശിവദാസന്‍, ബാബുദിവാകരന്‍, എ.വി.താമരാക്ഷന്‍ എന്നിവരെല്ലാം ആര്‍എസ്പിയില്‍ പിളര്‍പ്പുണ്ടാക്കി പുറത്തുപോയപ്പോഴെല്ലാം പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ ഉറപ്പിച്ചുനിര്‍ത്തിയ നേതാവായിരുന്നു സി.രാഘവന്‍പിള്ളയെന്ന് ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പാര്‍ട്ടിയുടെ ദേശീയ തീരുമാനത്തിന് വിരുദ്ധമായി പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നും പാര്‍ട്ടി കൈകൊണ്ട എല്‍ഡിഎഫ് വിരുദ്ധ നിലപാടിന് ഏറ്റ തിരിച്ചടിയാണ് ആര്‍എസ്പിയുടെ സമ്പൂര്‍ണ പരാജയത്തിന് കാരണമെന്നും ആരോപിച്ചു. ആത്മാഭിമാനമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ആര്‍എസ്പി ലെനിനിസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നതായും എല്‍ഡിഎഫ് ശക്തിപ്പെടുത്തലാണ് വേണ്ടതെന്നും ബിജു ആവര്‍ത്തിച്ചു. മണ്ഡലം സെക്രട്ടറി രാജു മങ്ങാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉത്തമന്‍, ബ്രിട്ടോ നീണ്ടകര, രാഹുല്‍ചന്ദ്രന്‍, എം.കെ.സലിം, ബിജു വടക്കേവിള, ശ്യാം എന്നിവരും സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.