മലാപ്പറമ്പ് സ്കൂള്‍ : സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു

Monday 30 May 2016 12:30 pm IST

ന്യൂദല്‍ഹി : മലാപ്പറമ്പ് സ്കൂള്‍ അടച്ചു പൂട്ടാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീലിന്‍മേല്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ അവധിക്കാല ബഞ്ചിലാണ് അപ്പീല്‍ സമര്‍പ്പിച്ചത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂള്‍ പൂട്ടുന്നതിന് അനുമതി ഇല്ലെന്ന് കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. മലാപ്പറമ്പ് സ്കൂള്‍ പൂട്ടിയാല്‍ ഈ രീതിയില്‍ സംസ്ഥാനത്ത് മറ്റ് സ്കൂളുകളും അടച്ചുപൂട്ടാന്‍ തുടങ്ങും. ഇത് വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നും കേരളം ഹര്‍ജിയില്‍ പറയുന്നു. എഇഒയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അനുമതിയോടെ മാത്രമേ ഇത്തരം നടപടിക്രമങ്ങള്‍ നടത്താനാകൂ. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാതെ മാനേജ്‌മെന്റ് നേരിട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്‌കൂള്‍ കോടതി വഴിയുള്ള പൂട്ടാനുള്ള ഉത്തരവ് നേടിയെടുത്താല്‍ സംസ്ഥാനത്തിന് കളങ്കമാകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ജൂണ്‍ എട്ടിനകം മലാപ്പറമ്പ് സ്കൂള്‍ പൂട്ടാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. സ്കൂള്‍ പൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നാട്ടുകാരുടെയും രക്ഷിതാക്കളുടേയും എതിര്‍പ്പിനെ തുടര്‍ന്ന് രണ്ട് തവണയും ഉദ്യോഗസ്ഥര്‍ക്ക് നടപ്പാക്കാനായിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.