സിപിഎം-ലീഗ് സംഘര്‍ഷം തുടരുന്നു; ഭീതിയൊഴിയാതെ തീരദേശം

Monday 30 May 2016 2:52 pm IST

തിരൂര്‍: തീരദേശമേഖലയില്‍ ഭീതിപടര്‍ത്തി സിപിഎം-ലീഗ് സംഘര്‍ഷം കൂടുതല്‍ ശക്തമാകുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഇരുകൂട്ടരും ഇവിടെ പരസ്പരം ഏറ്റുമുട്ടുകയാണ്. താനൂര്‍ മണ്ഡലത്തിലെ അപ്രതീക്ഷിത തോല്‍വി ലീഗിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. തോറ്റതിന് വോട്ടര്‍മാരോട് പകരം ചോദിക്കുന്നതുപോലെയാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുമ്പോള്‍ സാധാരണക്കാരായ ജനങ്ങളാണ് ബുദ്ധിമുട്ടിലാകുന്നതെന്ന് ഇരുപാര്‍ട്ടികളുടെ മറന്നുപോകുന്നു. തിരൂര്‍, താനൂര്‍, ഉണ്ണ്യാല്‍, വെട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ അക്രമപരമ്പര തന്നെ നടന്നുകഴിഞ്ഞു. അധികാരം കിട്ടിയ അഹങ്കാരത്തില്‍ സംസ്ഥാനത്തൊട്ടാകെ സിപിഎം അക്രമം അഴിച്ചുവിട്ടിരുന്നു. ചില സ്ഥലത്ത് ആഹ്ലാദം അതിരുവിട്ടതാണെങ്കില്‍ മറ്റുചില സ്ഥലങ്ങളില്‍ മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ജില്ലയില്‍ ലീഗ് നടത്തിയ ആഹ്ലാദ പ്രകടനങ്ങള്‍ ജനജീവിതത്തെ വരെ ബാധിച്ചു. വളാഞ്ചേരിക്ക് സമീപം നടന്ന ആഹ്ലാദ പ്രകടനത്തിനിടെ ഒരു വീട്ടിലേക്ക് പടക്കം കത്തിച്ചെറിയുകയും ആ വീട്ടിലെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തു. 91 സീറ്റുകള്‍ നേടിയതിന്റെ ആഘോഷം സിപിഎം വിപുലമായി നടത്തി. പക്ഷേ അത് മതസൗഹാര്‍ദത്തിന് ഭീഷണിയാകുന്ന തരത്തിലേക്ക് വരെയെത്തി. വള്ളിക്കുന്ന് പ്രദേശത്ത് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎമ്മുകാര്‍ ക്ഷേത്രത്തിലേക്ക് പടക്കമെറിയുകയും ക്ഷേത്രത്തിന് മുന്നില്‍ ഉടുതുണിയുരിഞ്ഞ് നൃത്തംചവിട്ടുകയും ചെയ്തിരുന്നു. പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേറ്റ ദിവസം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയില്‍ സിപിഎമ്മുകാര്‍ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ കാര്‍ കത്തിച്ചിരുന്നു. രണ്ട് ഡസനോളം അക്രമ സംഭവം ഇതിനോടകം ജില്ലയില്‍ ഉണ്ടായിട്ടുണ്ട്. സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്നും ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങളുണ്ടായത് തീരദേശ മേഖലയിലാണ്. ഇപ്പോഴും സ്ഥിതിഗതികള്‍ ഇവിടെ ശാന്തമായിട്ടില്ല. സംഘര്‍ഷത്തില്‍ വീടുകളും കടയും വാഹനങ്ങളും തകര്‍ത്തു. തിരൂരില്‍ ഒരു കടയുടെ പൂട്ട് പൊളിച്ച് മുഴുവന്‍ സാധനങ്ങളും അക്രമികള്‍ നശിപ്പിച്ചു. മേശയും കസേരയും കൗണ്ടറും ഫ്രിഡ്ജും നശിപ്പിച്ചിട്ടുണ്ട്. അക്രമത്തിന്റെ മറവില്‍ പണവും സ്വര്‍ണവും കൊള്ളയടിച്ചതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം ഉണ്ണിയാലില്‍ സിപിഎം നിറമരുതൂര്‍ പഞ്ചായത്ത് മുന്‍ അംഗം സിപി സൈതുവിന്റെ സ്‌കൂട്ടര്‍ തേവര്‍ കടപ്പുറം പള്ളിക്കുളത്തില്‍ തള്ളിയിട്ടിരുന്നു. ഇതിന് പിന്നില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു. തൊട്ടടുത്ത ദിവസം പറവണ്ണയില്‍ ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കും കടകള്‍ക്കും നേരെ ആക്രമണം ഉണ്ടായി. സിപിഎമ്മും മുസ്ലീം ലീഗും അക്രമത്തില്‍ നിന്നു പിന്മാറണമെന്നും ജനങ്ങളെ ഭീതിയില്ലാതെ ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.