വെള്ളം കയറി പത്തേക്കറിലെ നെല്ല് നശിച്ചു

Monday 30 May 2016 7:10 pm IST

മാന്നാര്‍: തുടര്‍ച്ചയായ മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 10 ഏക്കറിലെ നെല്ല് കൊയ്യാന്‍ കഴിയാതെ നശിച്ചു.അപ്പര്‍കുട്ടനാട്ടില്‍ ഉള്‍പ്പെട്ട വള്ളക്കാലി മേല്‍പ്പാടം ഒറ്റങ്കേരി പാടശേഖരത്തിലെ കൃഷിയാണ് പൂര്‍ണ്ണമായും നശിച്ചത്. മേല്‍പ്പാടം ആനവിരുപ്പില്‍ ചെറിയാന്റെ പാടശേഖരമാണ് വെള്ളം കയറി നശിച്ചത്. സമീപ പാടശേഖരങ്ങള്‍ക്കൊപ്പം ഇവിടെ കൃഷിയിറക്കുവാന്‍ സാധിച്ചിരുന്നില്ല. വൈകിയാണ് ഇവിടെ കൃഷിയിറക്കിയത്. അതിനാല്‍ തന്നെ മറ്റ് പാടശേഖരങ്ങളില്‍ വിളവെടുപ്പ് നടത്തിയപ്പോള്‍ ഇവിടുത്തെ പാടശേഖരം കൊയ്യാന്‍ പാകമായിരുന്നില്ല. അതിനാല്‍ മറ്റിടങ്ങളിലെ കൊയ്ത് കഴിഞ്ഞപ്പോള്‍ കൊയ്ത്ത്‌മെതി യന്ത്രങ്ങള്‍ പോകുകയും ചെയ്തു. എന്നാല്‍ ഈ പാടശേഖരത്തിലെ നെല്ല് വിളഞ്ഞ് കൊയ്യാന്‍ പാകമായപ്പോള്‍ കൊയ്ത്ത് യന്ത്രങ്ങളോ, കൊയ്യാനുള്ള തൊഴിലാളികളെയോ ലഭിച്ചില്ല. കൊയ്ത്ത്‌യന്ത്രം വരുന്നതില്‍ കാലതാമസം ഉണ്ടായപ്പോഴേക്കും മഴയെത്തുകയും ചെയ്തു. തുടര്‍ച്ചയായ മഴയില്‍ വെള്ളം കയറി നെല്ല് നശിച്ച് പോകുകയായിരുന്നു. വെള്ളമിറങ്ങിയാലും കൊയ്ത് യന്ത്രമിറക്കുവാന്‍ പിന്നെയും കാലതാമസം വരും. ഇതിനിടയില്‍ നെല്ല് പൂര്‍ണ്ണമായും നശിച്ച് പോകുമെന്ന് കര്‍ഷകര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.