നഗരത്തിലെ സ്റ്റേഡിയം ജംങ്ഷന്‍ നവീകരണം പൂര്‍ത്തിയാകുന്നു

Monday 30 May 2016 8:36 pm IST

പത്തനംതിട്ട: നഗരത്തിലെ സ്റ്റേഡിയം ജംങ്ഷനിലെ നവീകരണം പൂര്‍ത്തിയാകുന്നു. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലേക്ക് പോകുന്ന ഭാഗമാണ് വീതി കൂട്ടി നിര്‍മ്മിക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ ഓമല്ലൂര്‍ ഭാഗത്ത് നിന്നെത്തുന്ന യാത്രക്കാര്‍ക്ക് സിഗ്‌നല്‍ കാത്തു കിടക്കാതെ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലേക്ക് തിരിയാനുള്ള സൗകര്യം ഒരുങ്ങും. മഴ ഇടയ്ക്കിടെ പെയ്യുന്നത് നിര്‍മ്മാണത്തിന് തടസമായിട്ടുണ്ടെങ്കിലും പണികള്‍ അവസാനഘട്ടത്തിലെത്തി. പൊതുമരാമത്ത് വകുപ്പ് 40 ലക്ഷം രൂപ ചെലവിലാണ് ഇവിടം വികസിപ്പിക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലേക്ക് തിരിയുന്ന ഭാഗത്തും പെട്രോള്‍ പമ്പിന്റെ ഭാഗത്തുമാണ് വീതികൂട്ടുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലേക്ക് തിരിയുന്ന ഭാഗത്തെ തോടിന്റെ ഇരുവശവും കെട്ടി കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. കൈപ്പട്ടൂര്‍ റോഡിന്റെ ഭാഗത്ത് ഏഴ് മീറ്ററും റിംഗ് റോഡിന്റെ ഭാഗത്ത് 10 മീറ്ററുമാണ് വീതികൂട്ടുന്നത്. അബാന്‍ ജംഗ്ഷനില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ഓമല്ലൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ സിഗ്‌നല്‍ കാത്ത് കിടക്കാതെ കടന്നു പോകുന്ന വിധത്തിലുമാണ് പെട്രോള്‍ പമ്പിന്റെ ഭാഗത്ത് വീതി കൂട്ടുന്നത്. തോടിന്റെ ഭാഗത്തെ കലുങ്കിന്റെ നിര്‍മ്മണവും പൂര്‍ത്തിയായി വരുന്നു. റിംഗ് റോഡിന്റെ ഭാഗത്ത് പത്ത് മീറ്ററും കൈപ്പട്ടൂര്‍ റോഡിന്റെ ഭാഗത്ത് അഞ്ചര മീറ്ററുമാണ് വീതി കൂട്ടുന്നത്. നഗരത്തിലെ ഏറ്റവും വീതികുറഞ്ഞതും തിരക്കേറിയതും ഒപ്പം അപകടക്കെണിയായതുമായ നാല്‍ക്കവലയാണ് സ്റ്റേഡിയം ജംഗ്ഷന്‍. രാത്രിയും പകലും ഒരേപോലെ അപകടക്കെണിയായിരിക്കുന്ന ഇവിടം വികസിപ്പിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അടുത്തിടെയാണ് നടപടിയായത്. ഇടുങ്ങിയ ജംഗ്ഷനിലായതിനാല്‍ ട്രാഫിക് ഐലന്റില്‍ ഉള്‍പ്പടെ വാഹനങ്ങള്‍ ഇടിച്ച് അപകടത്തില്‍പ്പെടുന്നത് പതിവാണ്. ട്രാഫിക് ഐലന്റ് സ്ഥിരമായി വാഹനങ്ങള്‍ ഇടിച്ച് തകരുന്നതിനാല്‍ ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചിരിക്കുന്ന പൊലീസുകാര്‍ മഴയും വെയിലുമേറ്റ് റോഡിന്റെ വശങ്ങളിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇത് പലപ്പോഴും ഗതാഗത നിയന്ത്രണത്തെയും ബാധിക്കുന്നുണ്ട്. സ്റ്റാന്റില്‍ നിന്ന് ഓമല്ലൂര്‍, കൈപ്പട്ടൂര്‍, അടൂര്‍, തിരുവല്ല, ചെങ്ങന്നൂര്‍, മല്ലപ്പള്ളി, പന്തളം ഭാഗങ്ങളിലേക്കുള്ള ബസുകള്‍ സ്റ്റേഡിയം ജംഗ്ഷനില്‍ എത്തിയാണ് തിരിഞ്ഞ് പോകുന്നത്. ഒരേ സമയം റിംഗ് റോഡ് വഴിയും കോളേജ് റോഡിലൂടെയും ബസുകള്‍ എത്തുന്നത് ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്. സ്റ്റേഡിയത്തില്‍ കായികമേളകളും ഇവിടെ നിന്ന് പ്രകടനങ്ങളും മറ്റും നടക്കുമ്പോഴും പൂര്‍ണ്ണമായും സ്തംഭിക്കും. നവീകരണം പൂര്‍ത്തിയാകുന്നതോടെ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും ശാശ്വതപരിഹാരമാകുമെന്നാണ് പ്രതീക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.