നിക്ഷേപത്തട്ടിപ്പുകള്‍ക്കെതിരെ പുതിയ കേന്ദ്രനിയമം വരുന്നു

Monday 30 May 2016 8:47 pm IST

ന്യൂദല്‍ഹി: നിക്ഷേപത്തട്ടിപ്പുകള്‍ തടയാന്‍ മോദി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. ആകര്‍ഷകമായ നിക്ഷേപ പദ്ധതികള്‍ എന്ന പേരില്‍ ചെറുതും വലുതുമായ പല തരത്തിലുള്ള പദ്ധതികള്‍ കൊണ്ടുവന്ന് പലരും ജനങ്ങളില്‍ നിന്ന് കോടികള്‍ തട്ടിച്ചു മുങ്ങുന്ന സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്. പഴുതുകള്‍ അടച്ചുള്ള നിയമമാകും കൊണ്ടുവരിക. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന, നിക്ഷേപ താല്പ്പര്യ സംരക്ഷണ നിയമമാകും കൊണ്ടുവരിക.നിക്ഷേപങ്ങള്‍ അന്വേഷിക്കണമോയെന്ന് പരിശോധിക്കാന്‍ ധനകാര്യ, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടാകും. തട്ടിപ്പു കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ രൂപീകരിക്കും. നിക്ഷേപത്തട്ടിപ്പുകാര്‍ക്ക് കനത്ത പിഴയും പത്തു വര്‍ഷം തടവും നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. സഹാറ ചിട്ടിതട്ടിപ്പാണ് സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തികക്രമക്കേട്. തൃണമൂല്‍ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും വരെ പങ്കുള്ള തട്ടിപ്പില്‍ കമ്പനിയുടമ സുബ്രതോ റോയി ഇപ്പോള്‍ ജയിലിലാണ്. നിക്ഷേപകരുടെ കോടികളാണ് ഇയാള്‍ തട്ടിച്ചത്. ഇനി ഇത്തരം തട്ടിപ്പുകള്‍ അനുവദിക്കാനാവില്ല. പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ അംഗമായ ബിജെപി എംപി നിശികാന്ത് ദുബൈ പറഞ്ഞു. നിലവിലുള്ള നിയമങ്ങള്‍ ദുര്‍ബലമാണ്. അതിനാല്‍ പുതിയ നിയമം ജൂലൈയില്‍ പാര്‍ലമെന്റ്‌സമ്മേളനത്തില്‍ തന്നെ കൊണ്ടുവരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.