പിണറായിയുടെ മലക്കംമറിച്ചില്‍

Monday 30 May 2016 9:24 pm IST

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്നും മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണ്ടെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം വലിയ വിവാദമായിരിക്കുകയാണ്. 2001 ല്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ത്തുന്നതിനെതിരെയും 2008 ല്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നാവശ്യപ്പെട്ടും നിയമസഭ ഏകകണ്ഠമായാണ് പ്രമേയം പാസ്സാക്കിയത്. 2011 ലും സഭ ഈ നിലപാട് ആവര്‍ത്തിച്ച് സ്ഥിരീകരിച്ചു. 2014 ല്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാന്ദന്‍തന്നെ ഇക്കാര്യം സഭയില്‍ ഉന്നയിച്ചു. അണക്കെട്ടിനുതാഴെ വിവിധ ജില്ലകളിലുള്ള 40 ലക്ഷം ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഭരണഘടനയുടെ 143-ാം അനുഛേദം അനുസരിച്ച് രാഷ്ട്രപതി ഇത് സുപ്രീംകോടതിയില്‍ റഫര്‍ ചെയ്യണമെന്നും കേരള നിയമസഭ ഏകകണ്ഠമായി അഭ്യര്‍ത്ഥിച്ചു. അധികാരത്തില്‍വന്ന ഉടന്‍ ദല്‍ഹി യാത്ര നടത്തിയ മുഖ്യമന്ത്രി പെട്ടെന്ന് തമിഴ്‌നാടിന് പ്രയോജനകരമായ നിലപാട് മാറ്റം പ്രഖ്യാപിക്കുകയായിരുന്നു. ഇത് ജനവികാരം അറിയാതെയുള്ള പ്രഖ്യാപനമായി എന്നുമാത്രമല്ല, സഭ ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ തൂത്തെറിഞ്ഞ് തമിഴ്‌നാടിനെ സഹായിക്കാന്‍ തുനിഞ്ഞിറങ്ങിയതിന്റെ ലക്ഷണവുമാണ്. ഇതിനുപിന്നിലെ പ്രേരണ എന്തായിരിക്കാം? മുല്ലപ്പെരിയാറില്‍ മറ്റൊരു അണക്കെട്ട് നിര്‍മിക്കുക അസാധ്യമാണെന്നാണ് പിണറായിയുടെ വാദം. മുല്ലപ്പെരിയാര്‍ പ്രശ്‌നം പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മറ്റി 260 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. 119 വര്‍ഷം പഴക്കമുള്ള അണക്കെട്ട് സുരക്ഷിതമല്ലെന്നാണ് സമിതി വിലയിരുത്തിയത്. തമിഴ്‌നാടിന് വേണ്ടത് മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടി ഉയര്‍ത്തണമെന്നാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കുശേഷം ജലനിരപ്പ് 150 അടിയാക്കാനാണ് ആഹ്ലാദത്തിലമര്‍ന്ന തമിഴ്‌നാടിന്റെ നീക്കം. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുവാനുള്ള സുപ്രീംകോടതി തീരുമാനത്തിനെതിരെ റിവ്യൂപെറ്റീഷന്‍ നല്‍കാനും ഹരിത ട്രൈബ്യൂണലിനെ സമീപിക്കാനും തീരുമാനിച്ചത് സര്‍വകക്ഷി യോഗമായിരുന്നു. ഈ തീരുമാനം ഭയവിഹ്വലരായി കഴിയുന്ന കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയായിരുന്നു. കഴിഞ്ഞവര്‍ഷം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംയുക്തമായി സമര്‍പ്പിച്ച നിവേദനത്തിലും പുതിയ അണക്കെട്ട് എന്ന ആവശ്യം ഉള്‍ക്കൊള്ളിച്ചിരുന്നു. ഇതില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും അംഗമായിരുന്നു. പിണറായിയുടെ വാദം തമിഴ്‌നാടുമായി സംഘര്‍ഷമല്ല വേണ്ടത് എന്നാണ്. മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി ഇടുക്കിയില്‍ സമരം തുടരുകയാണ്. സമരസമിതിയുടെ പ്രധാന ആവശ്യം പുതിയ ഡാമാണ്. മുല്ലപ്പെരിയാര്‍ സമരം മാത്രമല്ല പിണറായിയുടെ സൃഷ്ടി. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും നടപ്പാക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇതിനെതിരെ സിപിഐ രംഗത്തുവന്നുകഴിഞ്ഞു. ഇതു നടപ്പാക്കിയാല്‍ 200 ഹെക്ടര്‍ വനം നശിക്കും. പദ്ധതിപ്രദേശത്തുള്ള വാഴച്ചാല്‍ പൊകലപ്പാറ വനവാസികളെ കുടിയൊഴിപ്പിക്കേണ്ടിവരും. മറ്റേതോ ജലവൈദ്യുതപദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട് ഇവിടെ താമസമാക്കിയവരാണ് ഈ വനവാസികള്‍. 100 കുടുംബങ്ങളാണ് ഇവിടെ പുനരധിവസിപ്പിക്കപ്പെട്ടത്. 30 ലക്ഷം ഹെക്ടര്‍ വനഭൂമി നശിക്കുമ്പോള്‍ അപൂര്‍വ സസ്യ-ജന്തു സമ്പത്തും നശിക്കും. ഇത് വനാവകാശ നിയമലംഘനം കൂടിയാണ്. ഇതിനെപ്പറ്റി രാജ്യാന്തര ഏജന്‍സി പഠനംനടത്തണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇടതുമുന്നണിയില്‍ തന്നെ ഭിന്നതയുണ്ടാക്കിയിരിക്കുകയാണ്. അതിരപ്പിള്ളി -ചീമേനി പദ്ധതികള്‍ നടപ്പാക്കുമെന്ന വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയെ എതിര്‍ത്ത് പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് കൃഷി മന്ത്രി സുനില്‍ കുമാര്‍ പറയുന്നത്. അതിരപ്പിള്ളി വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്ന ടൂറിസ്റ്റ് കേന്ദ്രംകൂടിയാണ്. അതിരപ്പിള്ളി പദ്ധതിക്ക് ജനം എതിരാണെന്നും ഇതിനെതിരെയുള്ള സിപിഐ നിലപാടില്‍ മാറ്റമില്ലെന്നും സുനില്‍ കുമാര്‍ ആവര്‍ത്തിക്കുന്നു. വിഷയം മുന്നണിയില്‍ ചര്‍ച്ചചെയ്യണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ മുഖ്യമന്ത്രി പദ്ധതി നടപ്പാക്കുമെന്ന നിലപാടില്‍ ഉറച്ചുനിന്ന് പറഞ്ഞത് എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്യേണ്ടത് അവിടെ ചര്‍ച്ചചെയ്യുമെന്നും മന്ത്രിസഭയില്‍ തീരുമാനിക്കേണ്ടത് അവിടെ തീരുമാനിക്കുമെന്നുമായിരുന്നു. പദ്ധതിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് വി.എസ്.അച്യുതാനന്ദനും രംഗത്തുവന്നിട്ടുണ്ട്. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും അവരുടെ അഭിലാഷത്തിന് വിപരീതമായി ഒന്നും സംഭവിക്കുകയില്ലെന്നുമാണ് വിഎസ് പറയുന്നത്. പരിസ്ഥിതി സംഘടനകളും പദ്ധതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. താന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഈ പദ്ധതിക്ക് പാരിസ്ഥിതികാനുമതി നേടിയിരുന്നു എന്നും വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടപ്പെടാതെ പദ്ധതി നടപ്പാക്കുമെന്നുമുള്ള ഉറച്ചനിലപാടിലാണ് പിണറായി. മന്ത്രിസഭ രൂപീകരണത്തിനു തൊട്ടുപിന്നാലെ കേരളം നേരിടുന്ന സുപ്രധാന വിഷയങ്ങളില്‍ മന്ത്രിമാര്‍ തമ്മിലടി തുടങ്ങിയത് സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.