കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസത്തിന് എല്‍ഡിഎഫ് നോട്ടീസ്

Monday 30 May 2016 10:19 pm IST

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസ്ലീം ലീഗിലെ സി.സമീറിനെതിരെ ഇടതുപക്ഷത്തിന്റെ അവിശ്വാസ നോട്ടീസ്. അവിശ്വാസ നോട്ടീസുമായി ഇടത് നേതാക്കള്‍ ഇന്നലെ ജില്ലാ കലക്ടറെ കണ്ടു. ഇതോടെ ഇടതുപിന്തുണയില്‍ കോണ്‍ഗ്രസ് വിമതനായി ജയിച്ച പി.കെ.രാഗേഷ് ഡപ്യൂട്ടി മേയറാകുമെന്നുറപ്പായി. ജൂണ്‍ 15ന് കോര്‍പ്പറേഷന്‍ യോഗം വിളിച്ച് അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കും. അമ്പത്തിനാലാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച രാഗേഷിന്റെ പിന്തുണയിലാണ് ഇടതുപക്ഷം അവിശ്വാസത്തിനൊരുങ്ങുന്നത്. നിലവില്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് 27 അംഗങ്ങള്‍ വീതമാണുള്ളത്. പി.കെ.രാഗേഷിന്റെ തീരുമാനം നിര്‍ണായകമാകുന്നത് ഈ ഘട്ടത്തിലാണ്. കഴിഞ്ഞ ദിവസം ഇടതുമുന്നണി കൗണ്‍സിലര്‍മാരുടെ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ ഈ തീരുമാനത്തോട് സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി അഴീക്കോട് മണ്ഡലത്തില്‍നിന്ന് മത്സരിച്ച രാഗേഷിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. രാഗേഷിന്റെ പിന്തുണയുടെ ബലത്തില്‍ ആകെയുള്ള എട്ട് സ്റ്റാന്റിങ്ങ് കമ്മിറ്റികളില്‍ ഏഴും നേടാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നു. ഈ സ്റ്റാന്റിംഗ് കമ്മറ്റികള്‍ സ്ഥിരമായതിനാല്‍ യുഡിഎഫിന് ഈ പദവികള്‍ നഷ്ടപ്പെടില്ല. പി.കെ.രാഗേഷിന്റെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ല, ഇതിലും എതിര്‍പ്പ് പ്രകടിപ്പിച്ച രാഗേഷ് അഴീക്കോട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. പി.കെ.രാഗേഷിന് കോണ്‍ഗ്രസിലേക്ക് തിരിച്ച് വരാന്‍ സാധിക്കാത്തവിധം നടപടിയെടുത്തതോടെയാണ് ഇടതുപക്ഷത്തോട് രാഗേഷ് അടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഡപ്യൂട്ടി മേയര്‍ സ്ഥാനം ഇടതുപക്ഷം പി.കെ.രാഗേഷിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ രാഗേഷ് ഈ വാഗ്ദാനം നിരസിച്ചിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും പി.കെ.രാഗേഷും കോണ്‍ഗ്രസ് നേതാവായ കെ.സുധാകരന്‍ ബന്ധവും കൂടുതല്‍ വഷളാകുന്നതുവരെ സിപിഎം കാത്തിരിക്കുകയായിരുന്നു. ഇടതു പിന്തുണയില്‍ പി.കെ.രാഗേഷ് ഡെപ്യൂട്ടി മേയറാകുന്നതോടെ കോര്‍പ്പറേഷന്‍ ഭരണത്തില്‍ നിലവിലുളള എല്ലാ സ്വാധീനവും യുഡിഎഫിന് നഷ്ടമാകും. കഴിഞ്ഞ കാലങ്ങളില്‍ യുഡിഎഫ് മാത്രം ഭരിച്ച കണ്ണൂര്‍ നഗരസഭ കോര്‍പ്പറേഷനാവുകയും തെരഞ്ഞെടുപ്പില്‍ ഭരണം നഷ്ടപ്പെടുകയും ചെയ്തിട്ടും നറുക്കെടുപ്പിലൂടെ ഡെപ്യൂട്ടിമേയര്‍ സ്ഥാനം ലഭിച്ചതിലുളള സമാധാനത്തിലായിരുന്നു ലീഗും കോണ്‍ഗ്രസും. ജില്ലാ ആസ്ഥാനം ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലം, ലോക്‌സഭാ മണ്ഡലം, ഇപ്പോള്‍ കോര്‍പ്പറേഷന്‍ ഭരണത്തിലെ സ്വാധീനവും കൈവിടുന്നതോടെ യുഡിഎഫിന്റെ നില പരുങ്ങലിലാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.