കോഴിക്കോട്: കൃത്രിമമായി പഴുപ്പിച്ച 500 കിലോഗ്രാം മാങ്ങ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ പിടികൂടി. പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ചെമ്പകശ്ശേരി നടുക്കണ്ടിത്താഴെ അബ്ദുള്ള വീട്ടില്‍ നിന്ന് കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച മാങ്ങയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി നശിപ്പിച്ചത്. കോഴിക്കോട് ഭക്ഷ്യസുരക്ഷാ ഇന്റലിജന്‍സ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു നടപടി. അബ്ദുള്ള വീടിന്റെ ടെറസില്‍ കൂട്ടിയിട്ട പച്ചമാങ്ങകള്ക്കിടയില് നിന്ന് കാല്‍സ്യം കാര്‍ബൈഡ് കടലാസ് പൊതികളിലാക്കി വച്ചതായി പരിശോധനയില്‍ കണ്ടെത്തി. മാങ്ങയുടേയും കാല്‍സ്യം കാര്‍ബൈഡിന്റെയും സാമ്പിളുകള്‍ ഫുഡ് അനാലിസ്റ്റ് ലാബിലേക്ക് അയിച്ചിട്ടുണ്ട്.
കൃത്രിമായി പഴുപ്പിക്കുന്ന മാങ്ങകള്‍ കഴിക്കുന്നത് കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്ക് ഇടയാക്കുമെന്നും ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷാ ഇന്റലിജന്‍സ് സ്ക്വാഡ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍. ഹലീല്‍ അറിയിച്ചു. ഇദ്ദേഹത്തെ കൂടാതെ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ പി.ജെ വര്‍ഗീസും പരിശോധനയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: