താലൂക്ക് ആശുപത്രിയില്‍ പ്രസവചികിത്സ ലഭിക്കാതെ ഗര്‍ഭിണികള്‍ വലയുന്നു

Tuesday 31 May 2016 12:21 pm IST

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവചികിത്സയ്ക്ക് വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ലാത്തതുമൂലം ഗര്‍ഭിണികള്‍ വലയുന്നു. ചികിത്സക്കായി സ്വകാര്യാശുപത്രികളെയോ ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്ക് ആശുപത്രി എന്നിവയെയോ ആശ്രയിക്കേണ്ട സ്ഥിതിയിലാണ്. പ്രസവ ചികിത്സക്ക് മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭിച്ചിരുന്ന ആശുപത്രിയായിരുന്നു ഇത്. കഴിഞ്ഞ രണ്ടാഴ്ചയായി വേണ്ടത്ര ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ല. പേരിനൊരു ഡോക്ടര്‍ മാത്രമാണ് നിലവിലുള്ളത്. കഴിഞ്ഞ 14ന് പ്രസവചികിത്സയ്‌ക്കെത്തിയ പൂര്‍ണഗര്‍ഭിണിയായ യുവതിയും ഗര്‍ഭസ്ഥ ശിശുവും പ്രസവമുറിയില്‍ ഇവിടെ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ഒരാഴ്ചയായി അടച്ചിട്ടിരുന്ന പ്രസവവാര്‍ഡും പ്രസവചികിത്സാ വിഭാഗവും കഴിഞ്ഞയാഴ്ചയാണ് തുറന്നത്. മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട ഡോക്ടര്‍ അന്നുമുതലെ ലീവില്‍ പോയിരുന്നു. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിസഹരണ സമരം അവസാനിപ്പിച്ച് കഴിഞ്ഞ 23നാണ് ആശുപത്രിയിലെ പ്രവര്‍ത്തനം പൂര്‍ണ സജ്ജമായത്. എന്നാല്‍ പ്രസവചികിത്സാ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ എണ്ണം ഒന്നായി ചുരുങ്ങി. ദിവസം 20 ഓളം യുവതികള്‍ പ്രസവചികിത്സയ്ക്കും നൂറോളം സ്ത്രീകള്‍ മറ്റു ചികിത്സയ്ക്കും ആശ്രയിക്കുന്ന പ്രസവചികിത്സാ വിഭാഗമാണ് ഇപ്പോള്‍ വഴിമുട്ടിയിരിക്കുന്നത്. മൂന്ന് മാസം മുന്‍പ് പ്രമോഷന്‍ ട്രാന്‍സ്ഫര്‍ ലഭിച്ച മറ്റൊരു ഡോക്ടര്‍ ഈ മാസം 14 വരെയും രോഗികളെ ആശുപത്രിയിലും വീട്ടിലും ചികിത്സിച്ചിരുന്നു. പ്രമോഷനാണെന്നും ഈ മാസം താലൂക്ക് ആശുപത്രിയില്‍ നിന്നും പോകുമെന്നും രോഗികളെ അറിയിച്ചിരുന്നില്ല. ചികിത്സയിലുള്ള രോഗികള്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍ ട്രാന്‍സ്ഫറായിയെന്നാണ് ജീവനക്കാര്‍ പറയുന്നത്. പല രോഗികളും നിലവിലുള്ള പ്രസവചികിത്സ വിദഗ്ധയുടെ ചികിത്സ തേടിയിരിക്കുകയാണ്. ലീവെടുത്തു നില്‍ക്കുന്ന ഡോക്ടറുടേയും ട്രാന്‍സ്ഫറായി പോയ ഡോക്ടറുടെയും എല്ലാ രോഗികളെയും ഉള്‍ക്കൊള്ളാന്‍ നിലവിലുള്ള ഡോക്ടര്‍ക്ക് കഴിയാത്ത സ്ഥിതിയാണ്. വളരെ കാര്യക്ഷമമായ ചികിത്സ ലഭിക്കേണ്ടുന്ന പ്രസവചികിത്സാ വിഭാഗത്തിലെ പോരായ്മകള്‍ എത്രയുംവേഗം പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.