ഫിക്കി സര്‍വ്വേ: സാമ്പത്തിക വളര്‍ച്ച 7.7 ശതമാനമാകും

Tuesday 31 May 2016 8:30 pm IST

ന്യൂദല്‍ഹി: ഈ സാമ്പത്തിക വര്‍ഷം ഭാരതം 7.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) സര്‍വ്വേ. കാര്‍ഷിക, വ്യവസായ മേഖലകളിലാകും നാം മികച്ച നേട്ടം കൈവരിക്കുകയെന്നും സര്‍വ്വേയില്‍ പറയുന്നു. ഈ വര്‍ഷം നല്ല മഴ ലഭിക്കുമെന്ന പ്രവചനവും സാമ്പത്തിക വളര്‍ച്ച നല്ല നിലയ്ക്ക് എത്തുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്. വ്യവസായ, ബാങ്കിങ്, സാമ്പത്തിക സേവന മേഖലകളിലെ വിദഗ്ധര്‍ക്കിടയിലാണ് ഫിക്കി അഭിപ്രായ സര്‍വ്വേ നടത്തിയത്. ഭാരതത്തിന്റെ ഈ വര്‍ഷത്തെ വളര്‍ച്ച ഏഴര ശതമാനം മറികടക്കുമെന്നും 2017ല്‍ 7.7 ശതമാനവും 2018ല്‍ 7.9 ശതമാനവും ആയിരിക്കുമെന്നും അമേരിക്കന്‍ റേറ്റിങ് ഏജന്‍സിയായ ഫിച്ചും പ്രവചിച്ചിട്ടുണ്ട്. ഫിക്കി സര്‍വ്വേ പ്രകാരം ഈ സാമ്പത്തിക വര്‍ഷം കാര്‍ഷിക രംഗത്ത് ശരാശരി 2.8 ശതമാനം വളര്‍ച്ചയാകും ലഭിക്കുക. വ്യാവസായിക രംഗത്ത് 7.1 ശതമാനവും. സേവന മേഖലയില്‍ ഇത് 9.6 ശതമാനമാകും. ഈ വര്‍ഷം സാമ്പത്തിക കമ്മി മൂന്നര ശതമാനമാക്കി കുറയ്ക്കണമെന്ന ലക്ഷ്യം നേടാന്‍ കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വ്വേയിലും നാം ഏഴു മുതല്‍ 7.75 ശതമാനം വരെ വളര്‍ച്ച നേടുമെന്നാണ് പറയുന്നത്. ഭാരതമാണ് ഇന്ന് ലോകത്തേറ്റവും വേഗത്തില്‍ വളരുന്ന രാജ്യമെന്ന് ടോക്കിയോയില്‍ നടന്ന സമ്മേളനത്തില്‍ സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു. ചൈനയുടെ വളര്‍ച്ച മന്ദഗതിയിലാണ്. ഈ അവസരം ഭാരതം മുതലാക്കി കൂടുതല്‍ സാമ്പത്തിക നടപടികള്‍ കൈക്കൊള്ളണം. ടോക്കിയോയില്‍ നടന്ന സമ്മേളനത്തില്‍ അവര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ വളര്‍ച്ചയ്ക്ക് കൂടുതല്‍ നടപടികള്‍ അനിവാര്യമാണ്. ഒരു പതിറ്റാണ്ടു മുന്‍പ് ചൈന എവിടെ എത്തിയിരുന്നുവോ അവിടെയാണ് ഇന്ന് ഭാരതം എത്തിയിരിക്കുന്നത്. ഇന്ന് ലോകത്തെ വളര്‍ച്ചാ യന്ത്രമാകാനുള്ള ശേഷി ഭാരതത്തിനുണ്ട്. സിംഗപ്പൂര്‍ മന്ത്രി ഗോഹ് ചോക്ക് ടോങ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.