ആലപ്പുഴ നഗരത്തില്‍ നിലം നികത്തല്‍ വ്യാപകം

Tuesday 31 May 2016 9:14 pm IST

ആലപ്പുഴ: നഗര പരിധിയിലുള്ള കരളകം പാടശേഖരത്തില്‍ റവന്യൂ അധികൃതരുടേയും പാടശേഖര സമിതിയുടേയും ഒത്താശയോടെ നിലം നികത്തല്‍ വ്യാപകമായി നടക്കുന്നു. സിപിഎമ്മും ഇതിനു കൂട്ടുനില്‍ക്കുകയാണെന്ന് ആരോപണമുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലാഭകരമായി കൃഷി ചെയ്ത പാടത്ത് രണ്ടുതവണയായി കൃഷി മുടക്കിയിരിക്കുകയാണ്. ഇത് മനപൂര്‍വമാണെന്നാണ് പരിസരവാസികള്‍ പറയുന്നത്. പാടശേഖരത്തിന്റെ ഭൂരിഭാഗവും ബിനാമി പേരുകളിലായി രാഷ്ട്രീയ സ്വാധീനമുള്ള രണ്ടുപേരുടെ കൈകളിലാണെന്നും ആക്ഷേപമുണ്ട്. കൃഷി നഷ്ടത്തിലാണെന്ന് കാണിച്ച് നിലം നികത്തി റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് വില്‍ക്കുവാനാണ് ശ്രമം. ഇന്നലെ രാവിലേയും നിലം നികത്താന്‍ ശ്രമം നടന്നുവെങ്കിലും സമീപവാസികളായ ബിജെപി പ്രവര്‍ത്തകര്‍ ഇടപെട്ട് ഇത് തടയുകയും, അവിടെ കൊടികുത്തുകയും ചെയ്തു. ഇതറിഞ്ഞ സിപിഎമ്മും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി പിന്നാലെ തന്നെ അവിടെ തങ്ങളുടെ കൊടിയും കുത്തി. നിലം നികത്തല്‍ അധികൃതര്‍ ഉടന്‍ തടഞ്ഞില്ലെങ്കില്‍ ബിജെപി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു വരുമെന്ന് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.