മാരാര്‍ജി സ്വപ്‌നം കണ്ടു രാജേട്ടന്‍ സാക്ഷാത്ക്കരിച്ചു: കുമ്മനം

Tuesday 31 May 2016 4:30 pm IST

കണ്ണൂര്‍: മാരാര്‍ജിയുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും ബിജെപിയുടെ നിയമസഭയിലേക്കുളള വിജയയാത്ര ആരംഭിക്കാന്‍ കഴിഞ്ഞത് നിയോഗമാണെന്നും ചിരകാലാഭിലാഷത്തിന്റെ പൂവണിയലാണെന്നും മാരാര്‍ജിക്ക് സ്വപ്‌നം കാണാന്‍ കഴിഞ്ഞെങ്കില്‍ രാജേട്ടനത് സാക്ഷാത്ക്കരിക്കാന്‍ സാധിച്ചിരിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ധര്‍മ്മഭൂമിയാണ് കണ്ണൂര്‍, എത്ര വെട്ടേറ്റാലും വെടിവെച്ചാലും കത്തിക്കും തോക്കിനും മുന്നില്‍ തലകുനിക്കുന്ന പ്രസ്ഥാനമല്ലെന്ന് കണ്ണൂരിലെ സംഘപ്രവര്‍ത്തകര്‍ തെളിയിച്ചിട്ടുണ്ട്, വിജയയാത്ര ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. എന്‍ഡിഎ ദിവാസ്വപ്‌നമെന്ന് പറഞ്ഞവര്‍ക്ക് ചുട്ട മറുപടി നല്‍കിക്കൊണ്ട് കേരളീയ രാഷ്ട്രീയ ഭൂപടത്തില്‍ ജ്വലിക്കുന്ന നക്ഷത്രമായി എന്‍ഡിഎ മാറി. അടിസ്ഥാന വര്‍ഗ്ഗത്തിന്റെയും വനവാസികളുടേയും പ്രശ്‌നങ്ങള്‍ക്ക് നേരെ എല്ലാ കാലത്തും മുഖംതിരിച്ചു നിന്നവരാണ് ഇടത്-വലത് മുന്നണികള്‍. ഒരാളെ മാത്രമേ നിയമസഭയിലെത്തിക്കാന്‍ സാധിച്ചിട്ടുളളൂവെങ്കിലും എന്‍ഡിഎക്കുണ്ടായ മുന്നേറ്റം മനസ്സിലാക്കാന്‍ സാധിക്കാത്ത സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിടുകയാണ്. സ്ത്രീകള്‍ മുതല്‍ പിഞ്ചോമനകള്‍വരെ സിപിഎം ക്രൂരതക്ക് ഇരയാവുകയാണ്. കേരളത്തിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം ജീവല്‍ പ്രശ്‌നങ്ങള്‍ നിയമസഭയിലും മറ്റും ചര്‍ച്ച ചെയ്യാന്‍ തയ്യാറാവാത്ത ഇടത്-വലത് മുന്നണികളാണ്. നിയമസഭയില്‍ ഇറങ്ങിപ്പോക്കും അടിപിടിയും നടത്തലായിരുന്നു ഇവരുടെ പതിവ്. എന്നാല്‍ ഇനിയങ്ങോട്ട് ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ കേരള നിയമസഭയില്‍ ബിജെപി പ്രതിനിധിയായ രാജഗോപാല്‍ ഉണ്ടാകുമെന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.