കുടുംബത്തിലെ അഞ്ച്പേര്‍ ആത്മഹത്യ ചെയ്തു

Thursday 9 February 2012 10:11 pm IST

തൃശൂര്‍: വിയ്യൂരിനടുത്ത്‌ മാറ്റാംപുറത്ത്‌ ഒരു കുടുംബത്തിലെ അഞ്ചുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മരിച്ചവരില്‍ രണ്ടുകുട്ടികളുമുണ്ട്‌. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്‌. പാലക്കാട്‌ കിഴക്കഞ്ചേരി പുളിക്കാട്ടില്‍ ദേവസി(60), ഭാര്യ എല്‍സി (52), ദേവസിയുടെ മകന്റെ ഭാര്യ മീനു(30), മക്കളായ അനീഷ(8), ആല്‍ബി (5) എന്നിവരെയാണ്‌ മാറ്റാംപുറത്തെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ദേവസിയുടെ മകന്‍ ഷിബുവിനെയാണ്‌ ഗുരുതരാവസ്ഥയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്‌. ഇന്നലെ രാവിലെ ഒമ്പത്‌ മണിയോടെയാണ്‌ നാടിനെ നടുക്കിയ ദുരന്തം പുറംലോകമറിഞ്ഞത്‌.
ദേവസിയും മീനുവും തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവരെ വിഷം കഴിച്ച്‌ മരിച്ചനിലയിലുമാണ്‌ കണ്ടെത്തിയത്‌. രാവിലെ അയല്‍വാസികള്‍ വീട്ടുകാരെ പുറത്തുകാണാതായപ്പോള്‍ സംശയം തോന്നി നോക്കിയപ്പോഴാണ്‌ രണ്ടുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. രണ്ടുമുറികളിലായാണ്‌ ഇവരുടെ മൃതദേഹങ്ങള്‍ കിടന്നിരുന്നത്‌.
ദേവസിയും മീനുവും ഫാനിലാണ്‌ തൂങ്ങി മരിച്ചത്‌. മറ്റുള്ളവര്‍ ബിരിയാണിയില്‍ കീടനാശിനി കലര്‍ത്തി കഴിച്ചാണ്‌ ആത്മഹത്യചെയ്തത്‌. നാട്ടുകാര്‍ വാതില്‍ തകര്‍ത്ത്‌ അകത്തുകടന്നപ്പോഴാണ്‌ സംഭവിച്ചത്‌ വന്‍ ദുരന്തമാണെന്നറിഞ്ഞത്‌.
ഇതിനിടെ ഷിബു ഞരങ്ങുന്നത്‌ കണ്ട്‌ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സാമ്പത്തിക പരാധീനതയാണ്‌ ആത്മഹത്യക്ക്‌ കാരണമെന്ന്‌ കാണിക്കുന്ന കുറിപ്പ്‌ പോലീസ്‌ കണ്ടെടുത്തു. മൂന്നുവര്‍ഷമായി മാറ്റാംപുറത്ത്‌ വാടകയ്ക്കു താമസിച്ചുവരികയാണിവര്‍. പരിസര വാസികളുമായി ഇവര്‍ അധികം ബന്ധപ്പെട്ടിരുന്നില്ല. ദേവസിയും മകന്‍ ഷിബുവും റബ്ബര്‍ ടാപ്പിംഗ്‌ തൊഴിലാളികളാണ്‌. ദേവസിയുടെ ഭാര്യ എല്‍സി ഏതാനും വര്‍ഷങ്ങളായി കാന്‍സര്‍ ബാധിതയാണെന്നും പറയുന്നു. ഷിബുവിന്റെ മകള്‍ അനീഷ കരുവാങ്കാട്‌ വിമലഗിരി സ്കൂളിലെ രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌. സിറ്റി പൊലീസ്‌ കമ്മീഷണര്‍ പി.വിജയന്‍, അസിസ്റ്റന്റ്‌ പൊലീസ്‌ കമ്മീഷണര്‍ ആര്‍.കെ. ജയരാജ്‌, പേരാമംഗലം സി ഐ രാജീവ്‌, വിയ്യൂര്‍ എസ്‌ ഐ പി.വി.രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ മുളംകുന്നത്തുകാവ്‌ മെഡിക്കല്‍കോളേജ്‌ മോര്‍ച്ചറിയില്‍.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.